പ്രണയം തോന്നിയാൽ ട്യൂൺ ചെയ്തു നോക്കും: അനാർക്കലി മരിക്കാർ

ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം

ആനന്ദം എന്ന ചിത്രത്തിലെ മിണ്ടാപൂച്ചയായ ദർശന എന്ന കഥാപാത്രമായി മലയാളികളുടെ മുന്നിൽ എത്തിയ താരമാണ് അനാർക്കലി മരിക്കാർ. പൃഥ്വിരാജിന്റെ വിമാനത്തിൽ ഗൗരിയായി തിളങ്ങിയ അനാർക്കലി ഇപ്പോൾ ആസിഫലിയുടെ മന്ദാരത്തിലും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 

ആരോടെങ്കിലും പ്രണയം തോന്നിയാൽ ട്യൂൺ ചെയ്തു നോക്കുമെന്നാണ് അനാർക്കലി പറയുന്നത്. ആദ്യം തുറന്നു പറയാനും മടിയില്ല. മനോരമ ഓൺലൈനിലെ ‘ െഎ മീ മൈ സെൽഫിൽ’ മനസ്സ് തുറക്കുകയായിരുന്നു താരം. പ്രണയം തോന്നിയാൽ എന്തുചെയ്യുമെന്ന ചോദ്യത്തിനാണ് അനാർക്കലിയുടെ രസകരമായ മറുപടി. 

‘‘പെട്ടെന്നു പോയി പറഞ്ഞാൽ എന്നെ പറ്റി എന്തു മനസ്സിൽ വിചാരിക്കും. കുറച്ചൊക്കെ മനസ്സിൽ വയ്ക്കും. പിന്നെ ചെറുതായി ട്യൂണിങ്ങൊക്കെ ചെയ്തു നോക്കും. നമ്മളെയും നോക്കുന്നുണ്ടെന്നു അറിയുവാണെങ്കിൽ ഒരു അഡ്ജസ്റ്റ്മെന്റിൽ അങ്ങ് പോകാമല്ലോ. ഇഷ്‌‌ടമല്ലെങ്കിൽ കുറച്ചു നാള് കാത്തിരിന്ന്, സഹിക്കെട്ട് വരാണെങ്കിൽ ഞാൻ പറയും. ഞാൻ പറഞ്ഞിട്ടുണ്ട്. അപ്പൊ ഞാൻ പറയും, എന്തായാലും പറയും. എന്റെ എക്സിനോടു ഞാൻ അങ്ങോട്ടാണ് പറഞ്ഞത്.’’– അനാർക്കലി പറഞ്ഞു.

‘‘നേരിട്ട് പറയില്ല. ഫോണിലൂടെ ടെക്സ്റ്റ് ചെയ്യും. നേരിട്ടു പറഞ്ഞ് കഷ്ടപ്പെടണ്ടല്ലോ, ഇഷ്ടമാണ് എന്നു പറയും പുള്ളിക്ക് അങ്ങനെയൊരു ഫീലിങ് ഇല്ലെങ്കിൽ ഒകെ. വേണ്ട, നിർബന്ധിക്കത്തൊന്നുമില്ല’’– അനാർക്കലി തന്റെ പ്രണയനയം വ്യക്തമാക്കി.