96 ലെ കുട്ടി റാമും ജാനുവും ജീവിതത്തിലും പ്രണയജോടികൾ?

പ്രണയത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും നിഷ്കളങ്കമായ ദൃശ്യാവിഷ്കാരമാണ് 96. വിജയ് സേതുപതിയും തൃഷയും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം കേരളത്തിലും കയ്യടി നേടി മുന്നേറുകയാണ്. റാമിന്റെയും ജാനുവിന്റെയും ബാല്യകാല പ്രണയവും സൗഹൃദവും അതിമനോഹരമായാണ് പ്രേക്ഷകനിലേക്കു പകർന്നുകിട്ടുന്നത്. 

ചിത്രം പോലെ തന്നെ കഥാപാത്രങ്ങളെയും പ്രേക്ഷകർ നെഞ്ചിലേറ്റിക്കഴിഞ്ഞു. റാമിന്റെയും ജാനുവിന്റെയും കൗമാരക്കാലം അവതരിപ്പിച്ച താരങ്ങൾക്കും ആരാധകരേറുകയാണ്. നവാഗതരായ ആദിത്യയും ഗൗരിയുമാണ് ചിത്രത്തിൽ കുട്ടി റാമും ജാനുവിമായും എത്തിയത്. സ്കൂൾ  സൗഹൃദവും പ്രണയവും അതിമനോഹരമായാണ് ഇരുവരും അവതരിപ്പിച്ചത്.

എന്നാൽ ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ ഇവർ ജീവിതത്തിലും പ്രണയജോഡികളാണെന്ന തരത്തിൽ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇതോടെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആദിത്യയും ഗൗരിയും. തങ്ങൾ ഉറ്റസുഹൃത്തുക്കൾ മാത്രമാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇരുവരും സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. അഭിനേതാക്കള്‍ക്കും വ്യക്തിജീവിതം ഉണ്ടെന്നു മനസ്സിലാക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും ഇരുവരും അഭ്യർഥിച്ചു.