6 വർഷങ്ങൾക്കുശേഷം മാതാപിതാക്കൾ അരികിൽ, കണ്ണുനിറച്ച് ‘സ്നേഹസമ്മാനം’; വിഡിയോ

ആറു വർഷങ്ങൾക്കുശേഷം തന്റെ മാതാപിതാക്കളെ കാണുന്ന അവസ്ഥ എന്തായിരിക്കും. ജർമനിയിൽ മെഡിസിന് പഠിക്കുന്ന യെമൻ സ്വദേശിയായ യുവാവിനു ജന്മദിനത്തിൽ ലഭിച്ച അപ്രതീക്ഷിത സമ്മാനമായിരുന്നു ഇത്. സുഹൃത്തുക്കൾ നൽകിയ സ്നേഹസമ്മാനം. ആറു വർഷങ്ങൾക്കുശേഷമുള്ള ആ കൂടിക്കാഴ്ച കണ്ടുനിന്നവരുടെയും കണ്ണുകൾ നനയിച്ചു.

പഠനത്തിനായി ജര്‍മനിയിലെത്തിയ യുവാവിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഇതിനിടയിൽ ഒരിക്കലും നാട്ടിലേക്കു പോകാനോ, മാതാപിതാക്കളെ കാണാനോ സാധിച്ചില്ല. ജന്മദിനത്തിൽ യുവാവിനൊരു സർപ്രൈസ് കൊടുക്കാൻ സഹപാഠികൾ തീരുമാനിച്ചു.  അയാൾക്ക് കൊടുക്കാനാവുന്ന ഏറ്റവും മികച്ച സമ്മാനം എന്താണെന്ന് അവർക്കറിയാമായിരുന്നു. യെമനിൽ നിന്നു മാതാപിതാക്കളെ ജർമനിയിലെത്തിച്ചു.

ജന്മദിനത്തിൽ ക്ലാസ്മുറിയിൽ ഒത്തുചേർന്ന സഹപാഠികൾ ആദ്യം മാതാപിതാക്കളെ െഎപാഡിൽ കാണിച്ചുകൊടുത്തു. ഇതോടെ യുവാവിന്റെ കണ്ണുകൾ നിറഞ്ഞു. തെ‌ാട്ടടുത്ത നിമിഷം ക്ലാസ് റൂമിന്റെ പിൻവാതിലിലൂടെ മാതാപിതാക്കള്‍ വന്നെത്തി. ആദ്യം അദ്ഭുതപ്പെട്ടുനിന്ന യുവാവ് ഓടിച്ചെന്നു പിതാവിനെ എടുത്തുയർത്തുകയും ചുംബിക്കുകയും ചെയ്തു. പിന്നീട് മാതാവിന്റെ കരവലയത്തിലേക്കും. ഹൃദയസ്പർശിയായ ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.