ഫാഷൻ മോഡൽ റോഹ്മാൻ ഷാൽ; ഇതാണ് സുസ്മിതയുടെ കാമുകൻ!

ഫാഷൻ മോഡൽ റോഹ്മാൻ ഷാൽ ആരാണെന്നറിയാനുള്ള പരക്കം പാച്ചിലിലാണ് ബോളിവുഡ് ആരാധകർ. വിശ്വസുന്ദരിയും ബോളിവുഡ്  താരവുമായ സുസ്മിത സെന്നിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ഇയാൾ ആരാണെന്നറിയാൻ കൗതുകം ഇരട്ടിച്ചത്. ദീപാവലി ദിനത്തില്‍ സുസ്മിതയെ ആലിംഗനം ചെയ്ത് ഇരിക്കുന്ന റോഹ്മാന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. കൂടാതെ ദീപാവലി ആഘോഷത്തിന്റെ വിഡിയോകളും സുസ്മിത പങ്കുവെച്ചിരുന്നു.

ഇരുവരും പ്രണയത്തിലാണെന്നു നേരത്തെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ 27കാരനായ റോഹ്മാന്‍ 47കാരിയായ സുസ്മിതയുമായി പ്രണയത്തിലാണെന്നു വിശ്വസിക്കാൻ ആരാധകർ തയാറായിരുന്നില്ല. ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമായിരിക്കും എന്നായിരുന്നു ധാരണ. എന്നാൽ ദീപാവലി ചിത്രങ്ങളും വിഡിയോകളും ആരാധകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.

സുസ്മിതയ്ക്കും വളർത്തു മക്കളായ അലീഷയ്ക്കും റെനിക്കുമൊപ്പമുള്ള ദീപാവലി ചിത്രത്തിൽ റോഹ്മാൻ സുസ്മിതയെ ചേർത്തു പിടിച്ചിരിക്കുകയാണ്. ചിത്രത്തിൽ ഇവർക്കിടയിലെ പ്രണയം വ്യക്തമാണെന്ന അടക്കം പറച്ചിലുകൾക്കിടയിലാണ് ഇരുവരും ലിവിങ് റിലേഷനിലാണെന്നും അടുത്ത വർഷം വിവാഹമുണ്ടാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഫ്രീലാൻസ് ഫാഷൻ മോഡലാണ് റോഹ്മാൻ ഷാൽ. നോയിഡ സ്വദേശി. 1991 ജനുവരി 4ന് ജനിച്ചു. കരിയറിന്റെ ഭാഗമായി മുംബൈയിലേക്കു കുടിയേറി റോഹ്മാൻ ഷാൽ പിന്നീട് ഇന്ത്യയിലെ പ്രശസ്ത ഫാഷൻ ഹൗസായ സബ്യസാചിയുടെ മോഡലായി.

താടിയാണ് റോഹ്മാന്റെ പ്രധാന ആകർഷണം. താടി സംരക്ഷണത്തിനായി പ്രത്യേകം ശ്രദ്ധിക്കാറുണ്ട് ഈ ഫാഷൻ മോഡൽ. സംഗീതത്തെ ഒരുപാട് സ്നേഹിക്കുന്ന റോഹ്മാൻ ഗിറ്റാർ വായിക്കുന്നതും പാട്ടുപാടുന്നതുമായി വിഡിയോകൾ  ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. സൽമാൻ ഖാന്റെയും ദീപിക പദുക്കോണിന്റെയും കടുത്ത ആരാധകനാണ് ഇൗ ഫാഷൻ മോഡൽ. ചിത്രം വരയും യാത്രയുമാണ് ഹോബികൾ.

ഒരു ഫാഷൻ ഷോയിൽവച്ചാണ് സുസ്മിത സെന്നുമായി റോഹ്മാൻ സൗഹൃദത്തിലാകുന്നതെന്നാണ് എന്നാണ് റിപ്പോർട്ടുകൾ. ഇൗ സൗഹൃദം പിന്നീടു പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. 

റോഹ്മാനൊപ്പം വർക്ക് ഔട്ട് ചെയ്യുന്ന ചിത്രം സുസ്മിത പങ്കുവെച്ചിരുന്നു. ‘‘അവൻ ചെറുപ്പവും ഉയരമുള്ളവനുമാണ്. ഞാൻ ബുദ്ധിമതിയും ശക്തയുമാണ്. പെർഫക്ട്.’’ എന്നാണ് ചിത്രത്തിനൊപ്പം സുസ്മിത കുറിച്ചത്. ആ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സുസ്മിതയുടെ മകൾ റെനീയും റോഹ്മാനും പാട്ടുപടിക്കുന്ന വിഡിയോയും സുസ്മിത പങ്കുവെച്ചിരുന്നു.