നിങ്ങളുടെ ദാമ്പത്യജീവിതം മികച്ചതോ? 5 കാര്യങ്ങൾ!

രണ്ടു പേരുടെ ദാമ്പത്യത്തിലെ വിജയം സമൂഹം പലപ്പോഴും അളക്കുന്നത് അവരുടെ പണവും പ്രശസ്തിയും ജീവിത സൗകര്യങ്ങളും കണക്കിലെടുത്താണ്. രണ്ടു പേരും സമ്പാദിക്കുന്നു, സ്വന്തമായി വീട്, കാർ... അവര്‍ക്കെല്ലാമുണ്ട് എന്ന അഭിപ്രായങ്ങളും പരാമര്‍ശങ്ങളും പലയിടത്തും കേള്‍ക്കാം. എന്നാല്‍ ദാമ്പത്യത്തിലെ വിജയം അളക്കുന്നത് ഈ പറയുന്ന ഘടകങ്ങള്‍ മുൻനിർത്തിയല്ല എന്നതാണു വസ്തുത. നിങ്ങളുടെ ദാമ്പത്യം മികച്ചതാണോ എന്നു വിലയിരുത്താന്‍ ഈ അഞ്ചു കാര്യങ്ങള്‍ പരിശോധിച്ചാല്‍ മതി. 

പരസ്പരം തണലാകുന്നവർ

പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ നിന്നുള്ള മാറ്റത്തിന്റെ കാലമാണിത്. പുരുഷന്‍മാര്‍ പുറത്ത് ജോലിക്കു പോകുന്നു, സ്ത്രീകള്‍ക്ക് അടുക്കളപ്പണി എന്നീ ധാരണകളെല്ലാം കാലഹരണപ്പെട്ടു. സ്ത്രീകള്‍ക്ക് ആഗ്രഹങ്ങളും സ്വപ്നങ്ങളും സാധ്യതകളും ഉണ്ടെന്ന് അംഗീകരിക്കുന്നവരാണ് പുതുതലമുറ. 

ഭര്‍ത്താവ് പണിയെടുത്തു തങ്ങളെ പോറ്റണമെന്ന ചിന്ത സ്ത്രീകളും ഉപേക്ഷിച്ചു തുടങ്ങി. ഇതോടെ ദാമ്പത്യത്തിന്‍റെ മാനദണ്ഡങ്ങള്‍ മാറി. ദാമ്പത്യജീവിതത്തില്‍ പരസ്പരമുള്ള സഹകരണത്തിന്റെ ആവശ്യകത വർധിച്ചു. പിന്തുണ നൽകുന്നതും പങ്കാളികയുടെ താല്‍പര്യങ്ങളെ മാനിക്കുന്നതും കുടുംബ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ളതായി. ഇങ്ങനെ പരസ്പരം താങ്ങും തണലുമാകാൻ സാധിക്കുന്നുവെങ്കിൽ നിങ്ങൾ മികച്ച ദമ്പതികളാണെന്നു പറയാം.

മോശം സാഹചര്യങ്ങളിലും ഒന്നിച്ച്

ചില ദമ്പതിമാര്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത നമ്മെ അമ്പരിപ്പിക്കാറുണ്ട്. ‘അത്രയും സന്തോഷത്തോടെ ജീവിച്ച അവരോ’ എന്നു നമ്മള്‍ അദ്ഭുതം കൂറുകയും ചെയ്യും. ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുമ്പോഴാണ് ഒരാളെ യഥാര്‍ഥത്തില്‍ തിരിച്ചറിയാനാവുക. അതുവരെ അവർഅഭിനയിക്കുകയായിരുന്നുവെന്നോ, എല്ലാം സഹിക്കുകയായിരുന്നുവെന്നോ അല്ല ഇതിനർഥം. 

ജീവിതത്തിലെ സന്തോഷങ്ങളെ ഒരുമിച്ച് ആസ്വദിക്കുകയും പ്രതിസന്ധി ഘട്ടത്തിൽ അതിനു കഴിയാതെ പോകുന്നതുമാണ്. സന്തോഷം ആഘോഷിച്ചതുപോലെ ഒരുമിച്ചു നിന്നു മോശം സാഹചര്യങ്ങളെയും മറികടക്കാറുണ്ടോ? എങ്കില്‍ നിങ്ങള്‍ മികച്ച ദമ്പതികളാണെന്നു പറയാം.

ജോലിക്കൊപ്പം ദാമ്പത്യമല്ല, ദാമ്പത്യത്തിനൊപ്പം ജോലി

മിക്ക വീടുകളിലും ഭാര്യയും ഭർത്താവും ജോലിക്കു പോകുന്നവരായിരിക്കും. രണ്ടു പേര്‍ക്കും കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ക്കു പുറമെ ജോലിഭാരം കൂടി തലയിലേറ്റേണ്ടി വരും. എന്നാല്‍ ഇതൊന്നും ദാമ്പത്യത്തെ ബാധിക്കാതെ നോക്കുന്നതും ഒരു മിടുക്കാണ്. ജോലിയുടെ സമ്മർദം മൂലം ദാമ്പത്യത്തെ മാറ്റി നിര്‍ത്തരുത്. നിങ്ങളുടെ പങ്കാളിയുമൊത്തുള്ള നിമിഷങ്ങളിൽ ജോലിയുടെ ഭാരങ്ങവും സമ്മർദവും മോചിക്കപ്പെടുന്നുവെങ്കിൽ നിങ്ങളുടെ ദാമ്പത്യം മികച്ചതാണ്. ജോലി കാര്യത്തിലും പര്സപരം സഹകരിക്കാനും പിന്തുണ നൽകാനും സാധിക്കുന്നവരാണു മികച്ച ദമ്പതികൾ.

ഉറ്റ സുഹൃത്തല്ലേ പങ്കാളി

എല്ലാം തുറന്നു പറയാൻ സാധിക്കുന്ന ഉറ്റ സുഹൃത്തുക്കളുടെ പട്ടികയിൽ ജീവിത പങ്കാളി ഉൾപ്പെടുന്നുണ്ടോ? അങ്ങനെയാണെങ്കിൽ മറ്റ് അളവുകോലുകൾ നിങ്ങളുടെ ദാമ്പത്യത്തിനു ആവശ്യമില്ല. നിങ്ങളുടെ ദാമ്പത്യം ശക്തമാണ്. പരസ്പരം എല്ലാം തുറന്നു പറയാൻ സാധിക്കുക എന്നതു ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. 

പ്രണയം മാത്രമല്ല ദാമ്പത്യം

ദാമ്പത്യങ്ങളെ തുടക്കത്തിൽ സന്തോഷകരമാക്കുന്നതു പ്രണയമാണ്. എന്നാൽ മുന്നോട്ടു പോകുംതോറും പരസ്പര വിശ്വാസവും സഹകരണവും ആർജിക്കേണ്ടതുണ്ട്. പലരും ഇതിൽ പരാജയപ്പെട്ട് പ്രണയത്തിൽ ജീവിക്കാൻ ശ്രമിക്കും. എന്നാൽ പ്രണയം മാത്രമാണു ജീവിതം മുന്നോട്ടു കൊണ്ടുപോയാല്‍ വലിയ പ്രതിസന്ധികൾ ദാമ്പത്യത്തിൽ നേരിടേണ്ടി വരും. പങ്കാളിയെ എപ്പോഴും പ്രണയിക്കുക. എന്നാൽ ദാമ്പത്യത്തിൽ സാഹചര്യമനുസരിച്ചു പ്രവൃത്തിക്കുക എന്നതു വലിയ പാഠമാണ്. ആ തിരിച്ചറിവ് നിങ്ങൾക്കുണ്ടെങ്കിൽ ദാമ്പത്യം ശക്മായിരിക്കും.