'എന്റെ മകനുവേണ്ടി മറ്റൊരു മകന്റെ ജീവൻ പണയംവെയ്ക്കേണ്ട'; ഒരമ്മയുടെ ത്യാഗം

അമ്മ, ആ വാക്കിന് ത്യാഗം എന്നും പറയാം. ത്യാഗത്തിന്റെ മറ്റൊരു പര്യായമാണ് ഹേമ അസീസ് എന്ന അമ്മ. മകൻ ഹനീഫുദ്ദീന് എട്ടുവയസുള്ളപ്പോഴാണ് ഹേമയ്ക്ക് പട്ടാളക്കാരനായ ഭർത്താവിനെ നഷ്ടമാകുന്നത്. അന്നു മുതൽ കുടുംബത്തിന്റെ ഉത്തരവാദിത്തം ഹേമയുടെ മാത്രം ചുമലിലായി. ഭർത്താവിന്റെ രക്തസാക്ഷിത്വത്തിന് പകരം സർക്കാർ നൽകിയ പെട്രോൾ പമ്പ് സ്വീകരിക്കാൻ ഹേമ കൂട്ടാക്കിയില്ല. കുട്ടികളെ ശാസ്ത്രീയസംഗീതം പഠിപ്പിച്ചാണ് ഹേമ കുടുംബം പുലർത്തിയത്. ആരുടെ മുമ്പിലും എന്തുവന്നാലും കൈനീട്ടരുതെന്ന് ശീലിപ്പിച്ചാണ് അമ്മ മകനെ വളർത്തിയത്. 

അച്ഛനില്ലാത്ത കാരണത്താൽ ആര് തരുന്ന സൗജന്യവും സ്വീകരിക്കേണ്ട എന്നു തന്നെ പഠിപ്പിച്ചു. സ്കൂളിൽ നിന്ന് ലഭിക്കുന്ന സൗജന്യ യൂണിഫോം പോലും ഈ ഒരു കാരണത്താൽ വാങ്ങിക്കരുതെന്ന് പറഞ്ഞു. ആരുടെ മുന്നിലും തലകുനിക്കാതെ മകനെ അവർ വളർത്തി. അമ്മയുടെ അഭിമാനമുണ്ടാകുന്ന വിധം തന്നെയാണ് മകൻ ഹനീഫുദ്ദീനും വളർന്നത്. 

അച്ഛന്റെ പാത തന്നെ മകനും തിരഞ്ഞെടുത്തു. പട്ടാളത്തിൽ പോകുമ്പോൾ ഹനീഫുദ്ദീനോട് ഹേമ ഒരു ഉപദേശം നൽകി, നിന്റെ ജീവന് വേണ്ടി മറ്റുള്ളവരുടെ ജീവന് ബലി നൽകരുത്.  25–ാം വയസിൽ ക്യാപ്റ്റൻ പദവിയിലെത്തിയ ഹനിഫുദ്ദീനെ തേടിയെത്തിയത് അച്ഛന്റെ അതേ വിധി തന്നെയായിരുന്നു. കാർഗിലിൽ നടന്ന വെടിവെയ്പ്പിൽ ഹനീഫുദ്ദീന് ജീവൻ നഷ്ടമായി. ദുർവിധി ഹേമയെ വീണ്ടും തനിച്ചാക്കി. വെടിവെയ്പ്പ് ഏതാനും ദിവസം കൂടി തുടർന്നതിനാൽ ഹനീഫുദ്ദീന്റെ മൃതദേഹം കണ്ടെത്തുക പ്രയാസമായിരുന്നു. പട്ടാളത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ ഏറെ ദുഖത്തോടെയാണ് ഹേമയെ ഈ വിവരം ധരിപ്പിച്ചത്. 

മൃതദേഹം കണ്ടെത്താൻ അന്വേഷണസംഘത്തെ അയക്കാം എന്നു പറഞ്ഞപ്പോൾ, എന്റെ മരിച്ചുപോയ മകനുവേണ്ടി മറ്റൊരു മകന്റെ ജീവന് പണയംവെയ്ക്കേണ്ട, എനിക്കവന്റെ മൃതദേഹം കാണാൻ സാധിച്ചില്ലെങ്കിലും സാരമില്ല എന്നായിരുന്നു ഹേമയുടെ മറുപടി. അമ്മയുടെ ത്യാഗത്തിന് മുന്നിൽ ഉയർന്ന ഉദ്യോഗസ്ഥർ പോലും സല്യൂട്ട് അടിച്ചു. ഒരു പട്ടാള മേധാവിയുടെ ഭാര്യ രചന ഭിഷ്ടാണ് ത്യാഗോജ്വലമായ ഈ സംഭവം ഫെയ്സ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.