ഒരുപാട് സ്നേഹിച്ചവളുടെ ഓർമ്മയിൽ രമേശിന്റെ ക്രിസ്മസ്; കണ്ണീർക്കുറിപ്പ്

രമേശ് കുമാറിന്റെ അക്ഷരങ്ങളിലൂടെ ഇന്നും അശ്വതി ജീവിക്കുന്നു. അശ്വതിയെ ഓർക്കാത്ത ഒരു ദിവസം പോലും രമേശിന്റെ ജീവിതത്തിലില്ല. പ്രണയിച്ചും ജീവിച്ചും കൊതിതീർന്നിട്ടില്ലാത്ത ജീവിതത്തിൽ നിന്നും അശ്വതിയെ കാൻസർ കവർന്നെടുക്കുകയായിരുന്നു. അന്നുതൊട്ട് ഇന്നോളം അശ്വതിയെ ജീവിപ്പിച്ചുനിറുത്തിയത് രമേശിന്റെ കുറിപ്പുകളാണ്. രമേശിന്റെ കുറിപ്പുകൾ വായിക്കുന്നവർക്ക് അശ്വതിയെക്കുറിച്ചുള്ള ഓരോ ഓർമയും ചിത്രവും ഈറനണിയിക്കുന്നതാണ്. ജീവിതത്തിലെ വിശേഷാവസരങ്ങളിലും ആഘോഷങ്ങളിലുമെല്ലാം രമേശൻ അശ്വതിയെക്കുറിച്ച് എഴുതും. ക്രിസ്മസ് ദിനത്തിലും അശ്വതിയ്ക്കും മകനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് രമേശ് ആശംസകൾ അറിയിച്ചിരിക്കുന്നത്. 

രമേശിന്റെ കുറിപ്പ് ഇങ്ങനെ: 

'നമ്മൾ സ്നേഹിക്കുന്നവരെയും, നമ്മളെ സ്നേഹിക്കുന്നവരെയും, എല്ലായ്പ്പോഴും ഹൃദയത്തോട് ചേർത്തങ്ങു പിടിക്കുക... ജീവിതം ആഘോഷമാക്കാനുള്ള ഒരവസരവും പാഴാക്കരുത്. ഉള്ള ജീവിതം അങ്ങ് ആഘോഷമാക്കുക. ഏറ്റവും മനോഹരമായ ഓർമ്മകൾ തന്നെയാണ് ഏറ്റവും വലിയ സമ്പാദ്യം.. ഒരുപാടൊരുപാട് സമ്പാദ്യമുള്ളവരായിത്തീരുക... ഞങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന, ഞങ്ങൾ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന എല്ലാവർക്കും സന്തോഷത്തോടെ ക്രിസ്തുമസ് ആശംസകൾ നേരുന്നു..'