അഞ്ചു വയസുകാരന്റെ പ്രണയസാഹസം; സോഷ്യൽ മീഡിയയിൽ വൈറല്‍

ഫ്രെ‍ഡി ജിബ്സണ്‍ കൂട്ടുകാരി ഡീഡീയ്ക്കു ഭക്ഷണവിരുന്നു നൽകിയപ്പോൾ

പ്രണയത്തെ വര്‍ണിക്കാൻ വാക്കുകളില്ല.. അത്രമേൽ മനോഹരമാണത്.. ലൈലയെയും മജ്നുവിനെയും പോലെ ഷാജഹാനെയും മുംതാസിനെയും പോലെ നിരവധി ഇതിഹാസ പ്രണയങ്ങളെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. തെറ്റിദ്ധരിക്കരുത്, ഇവിടെ പറയാൻ പോകുന്നത് അത്തരത്തില്‍ മഹത്തരമായൊന്നല്ലെങ്കിലും തീർത്തും നിഷ്കളങ്കമായൊരു ഇഷ്‌ടത്തെക്കുറിച്ചാണ്. അതെ, ഒരു അഞ്ചു വയസുകാരന് കൂട്ടുകാരിയോടു േതാന്നുന്ന ഇഷ്ടത്തെ നിഷ്കളങ്ക സ്നേഹം എന്നല്ലാതെ പിന്നെന്തു വിളിക്കാൻ അല്ലേ. ഫ്രെ‍ഡി ജിബ്സൺ ആണു കഥയിലെ താരം. താനേറ്റവും ഇഷ്ടപ്പെടുന്ന തന്റെ ബെസ്റ്റ് ഫ്രണ്ടിന് ഫ്രെഡി നൽകിയതെന്താണെന്നോ? ഒരുഗ്രൻ റൊമാന്റിക് മീൽ.

ഡോർസെറ്റിലെ ക്രൈസ്റ്റ് ചർച്ച് സ്വദേശിയാണു അഞ്ചുവയസുകാരനായ ഫ്രെഡി. ഒരുദിവസം അമ്മയോടും അച്ഛനോടുമാണ് ഫ്രെ‍ഡി 'ഡേറ്റ്' എന്നാൽ എന്താണ് അർഥമെന്നു ചോദിച്ചത്. സംഗതി തങ്ങൾക്കിഷ്ടമുള്ളവർക്കൊപ്പം പുറത്തു പോയി ഭക്ഷണം കഴിക്കലാണെന്നു കേട്ടപ്പോൾ ഫ്രെ‍ഡിക്ക് ഒരേ ആഗ്രഹം, തനിക്കും വേണം ഒരു ഡേറ്റ്, അതു തന്റെ പ്രിയസുഹൃത്ത് ഡീഡീക്കൊപ്പം. അങ്ങനെ തനിക്കു പിറന്നാളിനു ലഭിച്ച പണമെല്ലാം ചേര്‍ത്തുവച്ച് ഡീഡീക്ക് കിടിലൻ വിരുന്നു തന്നെ നൽകാൻ ഫ്രെഡി തീരുമാനിച്ചു.

ഫ്രെ‍ഡി ജിബ്സണും കൂട്ടുകാരി ഡീഡീയും

പക്ഷേ താൻ മാത്രം വിചാരിച്ചിട്ടു കാര്യമില്ലല്ലോ ഡീഡീ വരിക കൂടി വേണ്ടേ. അതിനായി അച്ഛനെയും അമ്മയെയും വീണ്ടും സമീപിച്ചു ഡീഡീയുടെ വീട്ടുകാരെ കാര്യം അറിയിച്ചു. കുഞ്ഞുമനസുകളുടെ ആഗ്രഹമല്ലേ നടത്തിക്കൊടുക്കാമെന്ന് അവരും കരുതി. ഡീഡീക്കൊപ്പമുള്ള ഡേറ്റിനെക്കുറിച്ച് സദാ ചിന്തിച്ചിരുന്ന ഫ്രെഡിയ്ക്കു മൂന്നു കാര്യങ്ങളായിരുന്നു എപ്പോഴും പറയാനുണ്ടായിരുന്നതെന്ന് അമ്മ നിനാ ഗിബ്സൺ പറയുന്നു. തനിക്കൊപ്പമുള്ള സമയം മുഴുവന്‍ ഡീഡീ സന്തോഷവതിയായിരിക്കണം, മെനു വായിക്കാൻ ഡീഡീയെ സഹായിക്കണം, താൻ പ്രത്യേകം വാങ്ങിച്ച ബൊക്കെ നൽകുമ്പോൾ ഡീഡീയുടെ മുഖഭാവം എങ്ങനെയാണെന്നറിയണം എന്നൊക്കെയായിരുന്നുവത്രേ അത്. നിനയുടെ സുഹൃത്ത് കാറ്റിയുടെ മകളാണ് ഡീഡീ.

കഴിഞ്ഞില്ല ഡീഡീക്കും ഫ്ര‌െഡിക്കും വേണ്ടി റെസ്റ്റോറന്റ് അധികൃതരും സർപ്രൈസ് കാത്തുവച്ചിട്ടുണ്ടായിരുന്നു. ലവ് തീം ഡിസേർട്ട് ആണ് ഇരുവർക്കും വേണ്ടി റെസ്റ്റോറന്റിൽ തയ്യാറാക്കിയത്. ഫ്രെഡിയ്ക്കൊപ്പമുള്ള ഭക്ഷണത്തിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഐസ്ക്രീമിലുണ്ടായിരുന്ന ഹാർട്ട് ആണെന്നു പറയുന്നു ഡീഡീ. ഇരുവരുടെയും ആദ്യ ഡേറ്റ് ചിത്രസഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തതോടെ മാതാപിതാക്കളെ അഭിനന്ദിച്ചും വിമർശിച്ചും അഭിപ്രായങ്ങൾ വന്നു.

ഫ്രെ‍ഡി ജിബ്സണിനും കൂട്ടുകാരി ഡീഡീയ്ക്കും വേണ്ട റെസ്റ്റോറന്റ് അധികൃതർ തയ്യാറാക്കിയ റൊമാന്റിക് മീൽ

കൊച്ചുകുട്ടികളെ അവരുടെ ഇഷ്ടങ്ങൾക്കു വിടുകയാണു േവണ്ടതെന്ന് ഒരുവിഭാഗം വാദിച്ചപ്പോൾ പിഞ്ചുമനസുകളിൽ അനാവശ്യ കാര്യങ്ങൾ നിറക്കുകയാണ് ഈ മാതാപിതാക്കൾ എന്നു മറ്റൊരു വിഭാഗം വാദിച്ചു. എന്തുതന്നെയായാലും ഫ്രെഡിയും ഡീഡീയും ഒരിക്കലും പിരിയാതിരിക്കട്ടെ.. ആ നിഷ്കളങ്ക സ്നേഹം അതിരുകളില്ലാതെ പറക്കട്ടെ....