പ്രായം പ്രശ്നമല്ല, എഴുപതാം വയസിൽ അമ്മയായി

ദൽജീന്ദർ കൗറും ഭർത്താവ് മഹേന്ദർ സിങും കുഞ്ഞിനൊപ്പം

മാതൃത്വം വാക്കുകൾക്കതീതമാണ്. ഒരു ജീവനു ജന്മം നൽകി അതിനെ പാലൂട്ടി വളർത്തി വലുതാക്കുമ്പോള്‍ ഒരമ്മയ്ക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ഹരിയാനയിൽ നിന്നാണ് ലോകത്തെ എല്ലാ അമ്മമാരെയും സന്തോഷിപ്പിക്കുന്നൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്. മറ്റൊന്നുമല്ല ഇവിടെ ഒരു എഴുപതുകാരി തന്റെ ആദ്യത്തെ കുഞ്ഞിനു ജന്മം നൽകിയിരിക്കുകയാണ്. രണ്ടു വര്‍ഷം നീണ്ട ഐവിഎഫ് ചിക്ത്സയ്ക്കൊടുവിലാണ് ദൽജീന്ദർ കൗർ കഴിഞ്ഞ മാസം ഒരു ആൺകുഞ്ഞിനു ജന്മം നൽകിയത്. ഭാര്യയ്ക്കു സ്നേഹവും പരിചരണവുമായി 79കാരനായ ഭർത്താവ് മഹേന്ദർ സിങ് സദാ കൂടെയുണ്ട്.

46 വർഷങ്ങൾക്കു മുമ്പ് വിവാഹിതരായതാണ് ഇരുവരും. ഏറെക്കാലം കാത്തിരുന്നിട്ടും കുഞ്ഞു ജനിക്കാതിരുന്നതോടെ പ്രതീക്ഷകളെല്ലാം കൈവിട്ടിരുന്നു. കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ പേരിൽ കുറ്റപ്പ‌െടുത്തലുകളും കളിയാക്കലുകളും ഏറെ അനുഭവിച്ചു. ഇപ്പോൾ ദൈവം തങ്ങളുടെ പ്രാർഥന കേട്ടെന്നും ഇപ്പോഴാണു ജീവിതം പൂർത്തിയായതെന്നും ദൽജീന്ദർ പറഞ്ഞു. കുഞ്ഞിനെ നോക്കുന്നതു താൻ തന്നെയാണ്. പ്രായം പ്രശ്നമായി തോന്നിയിട്ടില്ലെന്നു മാത്രമല്ല മുമ്പത്തേതിനേക്കാൾ ഊർജസ്വലയുമായി. തന്നെക്കൊണ്ടു കഴിയുംവിധം ഭര്‍ത്താവും സഹായിക്കുന്നുണ്ട്.

ഞങ്ങളുടേതായി ഒരു കുഞ്ഞു തന്നെ വേണമെന്ന ചിന്തയിലാണ് ഐവിഎഫ് ചികിത്സയ്ക്കു തീരുമാനിച്ചതെന ്ന് മഹേന്ദർ സിങ് പറഞ്ഞു. ഇരുവരുടെയും ബീജത്തിൽ നിന്നും അണ്ഡത്തിൽ നിന്നും രൂപംകൊണ്ട രണ്ടരകിലോഗ്രാം തൂക്കമുള്ള കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാരും പറയുന്നു. ഏപ്രിൽ പത്തൊമ്പതിനായിരുന്നു ജനനം.  അവസാന കാലത്തേക്ക് ആറ്റുനോറ്റു സ്നേഹിക്കാൻ കിട്ടിയ ആൺകുരുന്നിന് ഇരുവരും അർമാൻ എന്ന പേരും നൽകി.

തങ്ങൾ മരിച്ചാൽ കുഞ്ഞ് എന്തു ചെയ്യും എന്നു ചോദിക്കുന്നവരോട് അവനെ ദൈവം േനാക്കിക്കോളുമെന്നാണ് മഹേന്ദർ സിങ് പറയുന്നത്. നേരത്തെ ഉത്തർപ്രദേശിൽ നിന്നും ഒരു 72കാരി ഐവിഎഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയിരുന്നു.