പത്തു പാസായിട്ടു വേണം കല്യാണം; 47ാം തവണയും പരീക്ഷയെഴുതാനൊരുങ്ങി 77കാരന്‍

ശിവ് ചരൺ യാദവ്

പണ്ടൊക്കെ പത്താംക്ലാസ് പാസാവുകയെന്നു പറഞ്ഞാൽ ചില്ലറ കാര്യമല്ല. എഴുതുന്നവരിൽ അർഹരായവർ മാത്രം ജയിക്കുന്ന ബാക്കിയുള്ളവർക്ക് വീണ്ടും തറമായി പഠിക്കാൻ അവസരമൊരുക്കുന്ന മനോഹരമായ എസ്എസ്എൽസിക്കാലം പക്ഷേ ഇന്നില്ല. എഴുതിയവരിൽ ഭൂരിഭാഗവും ജയിക്കുമ്പോൾ പേരിനു ഒന്നോ രണ്ടോ പേര്‍ മാത്രം തോൽക്കുന്ന പത്താംതരത്തിനു പഴയ ഗൗരവമൊന്നുമില്ല. പക്ഷേ അങ്ങ് ആൾവാറിൽ ഇത്തവണത്തെ പത്താംക്ലാസ് പരീക്ഷ ജീവൻ മരണ പോരാട്ടത്തിനു തുല്യമായി കാണുന്നൊരു വിദ്യാർഥിയുണ്ട്. ആൾവാറിലെ ശിവ് ചരൺ യാദവ് എന്ന വിദ്യാർഥിയാണത്. കാരണം മറ്റൊന്നുമല്ല പരീക്ഷാ പാസായാലേ കക്ഷി കല്യാണം കഴിക്കൂ എന്നു ദൃഢപ്രതിജ്ഞയെടുത്തിട്ടു വര്‍ഷം കുറച്ചായി. പരീക്ഷ ഇദ്ദേഹത്തിനൊരു പുത്തരിയുമല്ല കാരണം ഇത്തവണത്തേതു കൂടി കൂട്ടിയാൽ 47ാം തവണയാണ് അദ്ദേഹം പരീക്ഷയെഴുതുന്നത്. ഇനി ഈ വിദ്യാർഥിയുടെ പ്രായം കൂടി കേട്ടോളൂ വെറും 77.

പഠനത്തിനു പ്രായമൊന്നുമില്ല ഗഡീസ്. അപ്പൂപ്പനു ഇപ്പോഴും താൻ പഠിച്ചു പാസാകുമെന്ന് ഉറച്ചു വിശ്വാസമുണ്ട്. പരാജയങ്ങൾ പരിധിവിട്ടാൽ തകര്‍ന്നു പോകുന്ന മനസുകൾക്ക് പാഠമാണ് ഇദ്ദേഹം. 46 തവണ തോൽവി നേരിട്ടിട്ടും അദ്ദേഹം പിന്മാറാൻ തയ്യാറായില്ലെന്നു മാത്രമല്ല ഇത്തവണ എന്തായാലും പത്തു പാസാകുമെന്ന പ്രതീക്ഷയുമുണ്ട്. 1968ലാണ് ശിവ്ചരൺ ആദ്യമായി പത്താംതരം പരീക്ഷയെഴുതുന്നത്. 1995ൽ പരീക്ഷയെഴുതിയപ്പോഴാകട്ടെ കണക്കിലൊഴികെ ബാക്കിയെല്ലാത്തിലും വിജയിച്ചു. ഓരോ തവണയും ഏതിലെങ്കിലുമൊക്കെ പരാജയപ്പെടും. മാതാപിതാക്കൾ മരിച്ചതോടെ കഴിഞ്ഞ 30 വർഷമായി തനിച്ചു ജീവിക്കുന്ന ഇദ്ദേഹം പത്തുപാസായിട്ടു വേണം ഒരു കല്യാണം കഴിക്കാൻ എന്ന തീരുമാനത്തിലാണ്. എ​ന്തായാലും ഇത്തവണയെങ്കിലും ശിവ്ചരണ്‍ പത്തുപാസായി പെണ്ണുകെട്ടുമോയെന്നു കാത്തിരിക്കുകയാണ് നാട്ടുകാർ.