എന്തേ.. 97ാം വയസിൽ എംഎ പാസായാൽ ആർക്കും ഇഷ്ടമാവില്ല!!!

97ാം വയസിൽ എംഎ പരീക്ഷയെഴുതുന്ന രാജ് കുമാർ വൈശ്യ

നല്ലപ്രായത്തിൽ പഠിച്ചിരുന്നെങ്കിൽ ഇപ്പോൾ കഷ്ടപെടെണ്ടായിരുന്നു, സെ പരീക്ഷയെഴുതാൻ വരുന്ന ചങ്ങാതിമാർ സ്ഥിരം പറയുന്ന ഈ ഡയലോഗ് ഇനി പറയുന്നത് സൂക്ഷിച്ചു വേണം, രാജ്കുമാർ വൈശ്യ എന്ന ബറേലി സ്വദേശിയുടെ മുന്നിൽ നിന്നാണ് ഇത് പറയുന്നത്  എങ്കിൽ അടി എപ്പോൾ കിട്ടി എന്ന് ചോദിച്ചാൽ മതി. കാരണം, പ്രായം പഠനത്തിന് തടസമല്ല എന്ന് അനുഭവം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ഈ വിദ്യാർത്ഥി. 

ബറേലി സ്വദേശിയായ രാജ്കുമാർ വൈശ്യക്ക് ഇപ്പോൾ വയസ്സ് 97. 97ാമത്തെ് വയസിലും വാർധക്യം  പഠനത്തിനു വെല്ലുവിളിയല്ലെന്നു തെളിയിച്ചുകൊണ്ട്‌ രാജ്കുമാർ ഇത്തവണ എം എ പരീക്ഷയെഴുതി.1938ൽ ആഗ്ര സർവകലാശാലയിൽ നിന്നു ബിരുദം നേടിയതാണ് രാജ്കുമാർ . 1940ൽ നിയമബിരുദവും നേടി. തുടർന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും കുടുംബത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വന്നതോടെ പഠനം പാതിവഴിയിൽ നിലക്കുകയായിരുന്നു. ഒടുവിൽ  78 വർഷങ്ങൾക്കിപ്പുറം നളന്ദ സർവകലാശാലയിൽ നിന്നു വിദൂര വിദ്യാഭ്യാസത്തിലൂടെയാണ് രാജ്കുമാർ തന്റെ സ്വപ്നം സഫലമാക്കുന്നത്. 

പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സർവകലാശാല അധികൃതർ തന്നെ വേണ്ട സഹായങ്ങൾ എല്ലാം ഒരുക്കി തന്നു. എന്‍‌റോള്‍മെന്റ് ചെയ്യാനും പഠനസഹായികൾ എത്തിക്കാനുമെല്ലാം അവർ മുമ്പിലുണ്‌ടായിരുന്നു. എന്ത് കൊണ്ടാണ് വീണ്ടും പഠിക്കാൻ തോന്നിയെന്ന് ചോദിച്ചാൽ, രാജ്യത്തെ ദാരിദ്ര്യമാണ് തന്നെ വീണ്ടും പഠിക്കാൻ പ്രേരിപ്പിച്ചതെന്നു പറയും രാജ്കുമാര്‍. സാമ്പത്തികശാസ്ത്രം സ്വന്തമായി പഠിച്ച് മനസിലാക്കുവാനും തുടർന്ന് വിഷയത്തിൽ ചർച്ച നടത്താനുമൊക്കെ വേണ്ടിയാണ്  വീണ്ടും പഠിക്കാമെന്നു തീരുമാനിച്ചത്. 

ആദ്യത്തെ ദിവസം താൻ പരീക്ഷാഹാളിൽ വന്നതോടെ പ്രായം പരിഗണിച്ച് പലരും സഹായവുമായി മുന്നോട്ടു വന്നിരുന്നു എന്ന് രാജ്കുമാർ പറയുന്നു. എന്നാൽ താൻ അതൊക്കെ നിരസിക്കുകയായിരുന്നു. വീണ്ടും പഠിക്കുകയെന്നത് നല്ല അനുഭവമായാണ് തോന്നുന്നത്. പരീക്ഷയെഴുതുന്നവരിൽ പലരും രാജ്കുമാറിന്റെ കൊച്ചുമക്കളിൽ താഴെ പ്രായമുള്ളവരാണ്. 

പാറ്റ്നയിൽ മകൻ സന്തോഷിനൊപ്പമാണ് രാജ്കുമാർ ഇപ്പോൾ  താമസിക്കുന്നത്. മൂന്നു മക്കളും സർക്കാർ ജോലിയിൽ നിന്നും  വിരമിച്ചവരാണ്. താനും ഭാര്യയും പ്രഫസർമാർ ആണെന്നത് വീട്ടിൽ പഠനാന്തരീക്ഷം നിലനിർത്തുന്നുണ്ട്. പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷൻ എടുക്കുന്നുമുണ്ട്. അച്ഛൻ പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ രണ്‌ടാമതൊന്നു ചിന്തിച്ചില്ലെന്നും പൂർണ പിന്തുണ നൽകിയെന്നും സന്തോഷ് പറയുന്നു.