97-ാം വയസിൽ സ്കൂൾ സർട്ടിഫിക്കറ്റ് : ഒരു ത്യാഗത്തിന്റെ ഓർമ്മ

97 ആം വയസിൽ ഹൈസ്കൂൾ ഡിപ്ലോമ നേടിയ അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയായ തോമെ ബെക്കെമ

വൈകിയെങ്കിലും ചെയ്യുന്നത് ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദം ആണ് എന്ന് പറയാറുണ്ട്‌. അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയായ തോമെ ബെക്കെമ എന്ന 97 വയസുള്ള അമ്മൂമ്മയുടെ ജീവിതത്തിൽ ഇത് അക്ഷരംപ്രതി ശരിയാണ്. ഏകദേശം 90 വർഷങ്ങൾക്ക് മുൻപ് പഠിച്ച സ്കൂളിൽ നിന്നും അന്ന് ലഭിക്കാതെ പോയ ഹൈസ്കൂൾ ഡിപ്ലോമ ലഭിക്കുന്നത് ഇന്നാണ്. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും, ഈ പ്രായത്തിലും ബെക്കെമയ്ക്ക് ഇത് നല്കുന്ന സന്തോഷം വിശേഷണങ്ങൾക്ക് അപ്പുറമാണ്.

97 ആം വയസിൽ എന്തിനാണ് ഒരു ഹൈസ്കൂൾ ഡിപ്ലോമ എന്ന് പലരും ചോദിക്കും, എന്നാൽ ചെറുപ്രായത്തിൽ ബെക്കെമ സഹിച്ച ത്യാഗത്തിന്റെ ഓർമ്മ കൂടിയാണ് ഈ അംഗീകാരം. 1932 ൽ സ്കൂളിൽ പഠിക്കുന്ന സമയത്താണ് ബെക്കെമയുടെ അമ്മയ്ക്ക് ക്യാൻസർ ബാധിക്കുന്നത്. അമ്മയെ പരിചരിക്കേണ്ടി വന്നതിനാൽ ബെക്കെമയ്ക്ക് തന്റെ പഠനം എന്നന്നേയ്ക്കുമായി ഉപേക്ഷിക്കേണ്ടി വന്നു. അമ്മയുടെ മരണ ശേഷം വീട്ടിലെ എല്ലാ ഉത്തരവാദിത്വങ്ങളും ബെക്കെമയുടെ ചുമലിൽ ആയി. സഹോദരങ്ങളെ കൂടി നോക്കേണ്ടി വന്നതിനാൽ, ഇനിയൊരിക്കലും പഠനം പൂർത്തിയാക്കാൻ കഴിയില്ല്ലെന്നു ബെക്കെമെ ഉറപ്പിച്ചിരുന്നു.

ബെക്കെമയുടെ ജീവിതത്തെക്കുറിച്ച് അവരുടെ ബന്ധുക്കളിൽ നിന്നും അറിഞ്ഞതോടെയാണ് സ്കൂൾ അധികാരികൾ ഓണററി ഡിപ്ലോമ സമ്മാനിക്കാൻ തീരുമാനിച്ചത്.  ഒടുവിൽ 97 ആം വയസ്സിൽ ഒരു സർപ്രൈസ് എന്ന രീതിയിൽ ബെക്കെമ പഠിച്ചിരുന്ന ഗ്രാന്റ് റാപിഡ്സ് സ്കൂളിന്റെ അധികാരികൾ ബെക്കെമ അമ്മൂമയ്ക്ക് ഓണററി ഹൈസ്കൂൾ ഡിപ്ലോമ സമ്മാനിച്ചു. ഡിപ്ലോമ സ്വീകരിച്ച ശേഷം ബെക്കെമ വികരഭരിതയായി, കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി. കാലം ഏറെ ആയെങ്കിലും, ഇത് ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നു അവർ സ്കൂൾ അധികാരികളോട് പറഞ്ഞു. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് താൻ എത്രമാത്രം സ്കൂൾ ജീവിതം ഇഷ്ടപ്പെട്ടിരുന്നു എന്നും, പഠനം ഉപേക്ഷിക്കേണ്ടി വന്നപ്പോൾ ഉണ്ടായ മാനസികമായ ബുദ്ധിമുട്ടുകളും അവർ പങ്കുവെച്ചു. സ്കൂൾ വിദ്യാഭ്യാസം അന്ന് മുടങ്ങിയെങ്കിലും പിന്നീട് അവർ പ്രീ-സ്കൂൾ ടീച്ചർ ആയി ജോലി നോക്കിയിരുന്നു. ജീവിതത്തിൽ സഹിച്ച ത്യാഗങ്ങൾക്കും സേവനസന്നദ്ധതയ്ക്കുമാണ് ഡിപ്ലോമ സമ്മാനിച്ചതെന്ന് അധികാരികൾ വ്യക്തമാക്കി.