ഇവിടെയുണ്ട്, ഗജിനിയിലെ സഞ്ജയ് രാമസ്വാമി !

ചെൻ ഹൊങ്സി തന്റെ ഓര്‍മകൾ എഴുതി സൂക്ഷിക്കുന്ന പുസ്തകവുമായി, ഗജിനിയിൽ സൂര്യ

കാമുകിയുടെ മരണത്തോടെ ഓര്‍മകളെല്ലാം നഷ്ടപ്പെട്ട സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രത്തെ ഓർമയില്ലേ..? ഗജിനി എന്ന ചിത്രത്തിലെ സഞ്ജയ് തീയ്യറ്റർ വിട്ടിറങ്ങിയിട്ടും നമ്മെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു. ഓരോ പതിനഞ്ചു മിനു‌ട്ടിനു ശേഷവും ഓർമകൾ നഷ്ടപ്പെടുന്ന കഥാപാത്രമായിരുന്നു സഞ്ജയ്. പുതിയ ഓർമകളിൽ ജീവിക്കാനുള്ള കഴിവ് അയാൾക്കില്ല. പതിനഞ്ചു മിനുട്ടിനു മുമ്പുള്ള കാര്യങ്ങൾ ഓർത്തെടുക്കാൻ സദാസമയവും ഫോട്ടോകളും എഴുത്തുകളുമായാണ് അയാൾ നടക്കുന്നത്. അന്നു തിയ്യേറ്റർ വിട്ടിറങ്ങുമ്പോൾ നെഞ്ചു വിങ്ങിയിരുന്നുവെങ്കിലും നമുക്കെല്ലാം ഒരു സമാധാനമുണ്ടായിരുന്നു ഇതു സിനിമയാണല്ലോ എന്ന്. എന്നാൽ സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലുമുണ്ട് ഇത്തരത്തിൽ നൊമ്പരപ്പെടുത്തുന്ന ഒരു കഥാപാത്രം. 

ചെൻ ഹൊങ്സി ഓർമകൾ എഴുതി സൂക്ഷിക്കുന്നു

തായ്‌‌വാൻ സ്വദേശിയായ ഇരുപത്തിയാറുകാരന്‍ ചെൻ ഹൊങ്സി ആണത്. വെറും അഞ്ചു മിനുട്ടു മുമ്പുള്ള കാര്യങ്ങൾ മാത്രമേ ചെന്നിന് ഓർത്തെ‌ടുക്കാനാവൂ. ചെന്നിന്റെ ജീവിതത്തിലുണ്ടായ ഒരു വാഹനാപകടമാണ് അവന്റെ ഓർമകളെ എന്നെന്നേക്കുമായി തട്ടിത്തെറിപ്പിച്ചത്. പതിനേഴാം വയസിൽ ചെൻ ഒരു മോ‌ട്ടോർ അപകടത്തിൽ പെട്ടതായിരുന്നു കാരണം. അന്നു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശാരീരികമായി പൂർണ സുഖം പ്രാപിച്ചുവെങ്കിലും തലച്ചോറിനു സംഭവിച്ച അപകടം മാറ്റമില്ലാതെ നിലനിന്നു. അതിനു ശേഷമാണ് ചെന്നിന് അഞ്ചു മിനുട്ടിനും പത്തു മിനുട്ടിനും ഇടയ്ക്കുള്ള ഓർമളിൽ മാത്രം കഴിയേണ്ടി വന്നത്.

ചെൻ ഹൊങ്സി അമ്മയ്ക്കൊപ്പം

അതിനു ശേഷം എല്ലാ ദിവസവും അറുപതുകാരിയായ ചെന്നിന്റെ അമ്മ വാങ് മിയോ ചിയോങ് ദിവസം തുടങ്ങുമ്പോൾ തന്നെ  മകന് ഇപ്പോൾ പതിനേഴു വയസല്ലെന്നും അവനു സംഭവിച്ച കാര്യവുമെല്ലാം പറഞ്ഞു കൊടുക്കും. അവന് അതെത്രത്തോളം ഉൾക്കൊള്ളാൻ ആകുമെന്ന കാര്യത്തിൽ അമ്മയ്ക്കും നിശ്ചയമില്ല. ദൈനംദിന കാര്യങ്ങൾ എഴുതിവെക്കാൻ ഒരു കറുത്ത നോട്ട്ബുക്ക് ആണ് ചെൻ ഉപയോഗിക്കുന്നത്. ഇതിലാണു തന്റെ ഓർമകളിൽ നിൽക്കേണ്ടുന്ന കാര്യങ്ങളെല്ലാം ചെൻ എഴുതി സൂക്ഷിക്കുന്നത്. എന്നും താൻ കാണുന്ന കാഴ്ചകളും താൻ കാണുന്ന വ്യക്തികളും എന്തിനധികം താൻ ശേഖരിച്ചു വിൽക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെ വിവരം പോലും ഈ പുസ്തകത്തിൽ എ​ഴുതിയിരിക്കും. 

ചെൻ ഹൊങ്സി

നടന്നതൊന്നും ഓർത്തിരിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടു തന്നെ ചെന്നിന് വിദ്യാഭ്യാസവും അപ്രാപ്യമാണ്.  താൻ എ​ഴുതിയതെല്ലാം മനസിലാക്കാൻ പ്രത്യേകമായ ഫൊണെറ്റിക് ഭാഷയാണ് ചെൻ ഉപയോഗിക്കുന്നത്. അമ്മയാണു ചെന്നിന് എല്ലാം, താങ്ങും തണലുമായി നിൽക്കുന്ന ആ അമ്മയ്ക്കു വേണ്ടി തന്നാൽ കഴിയുംവിധം സാമ്പത്തികമായി സഹായിക്കുന്നുമുണ്ട് ചെൻ. ചെന്നിന്റെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. തന്റെ കാലം കൂടി കഴിഞ്ഞാൽ മകന്റെ ജീവിതം എത്രത്തോളം ദുരിതത്തിലാകുമെന്നോർത്ത് ഇപ്പോഴേ മനമുരുകുകയാണ് അമ്മ വാങ്.