ലക്ഷ്മി വീണ്ടും തെളിയിക്കുന്നു തൊലിപ്പുറത്തല്ല സൗന്ദര്യം

ലക്ഷ്മി

നീണ്ടു മെലിഞ്ഞ ശരീരം, വെളുത്തു തുടുത്ത കവിളുകൾ, ലിപ്സ്റ്റിക് വാരിപ്പൂശി ആവശ്യത്തിലധികം മേക്അപ്പുമായി നടന്നുവരുന്ന സുന്ദരികൾ. ഒരു ഫാഷൻ ലേബലിന്റെ മോഡൽ എന്നു പറയുമ്പോൾ തെളിയുന്ന മുഖമാണിത്. പക്ഷേ ഇവിടെയൊരു ഫാഷൻ ബ്രാൻഡ് നിലവിലെ വിശ്വാസങ്ങളെ തകർത്തെറിയുകയാണ് ലക്ഷ്മി എന്ന ധീരവനിതയിലൂടെ. ലക്ഷ്മിയ്ക്ക് വലിയ പരിചയപ്പെടുത്തലുകളുടെയൊന്നും ആവശ്യമില്ല. ആസിഡ് ആക്രമണത്തിന്റെ കരിമ്പടത്തിനുള്ളിൽ നിന്നും ധീരതയോടെ പുറത്തുവന്ന പെൺകൊടി. എണ്ണിയാലൊടുങ്ങാത്ത ശസ്ത്രക്രിയകൾക്കു വിധേയയായ കാഴ്ചയിൽ ഭൂരിഭാഗം പേരുടെയും സുന്ദരി സങ്കൽപ്പത്തെ തകർക്കുന്ന േമാഡൽ ആയിരിക്കും ഇനി വിവാ ആൻ ദിവായുടെ മുഖം.

തൊലിപ്പുറത്തല്ല സൗന്ദര്യം എന്നു വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇരുപത്തിയാറു വയസുകാരി കൂടിയായ ലക്ഷ്മി ഇപ്പോൾ. വെളുത്തു തുടുത്ത മുഖത്തേക്കാളും മനസിന്റെ സൗന്ദര്യത്തിലാണു മഹത്വമെന്നു കണ്ടു പ്രമുഖ ഫാഷൻ ബ്രാൻഡായ വിവാ ആൻ ദിവായുടെ ബ്രാൻഡ് അംബാസിഡർ പദവിയാണ് ലക്ഷ്മിയെ തേടിയെത്തിയിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായവരോടുള്ള സമീപനത്തിൽ മാറ്റം വരാനാണ് താൻ വിവാ ആൻ ദിവായുടെ ക്ഷണം സ്വീകരിച്ചതെന്ന് ലക്ഷ്മി പറഞ്ഞു.

അലോക് ദീക്ഷിതും ലക്ഷ്മിയും മകൾ പിഹുവിനൊപ്പം

വിവാ ആൻ ദിവാ തുടക്കമെന്നോണമാണ് ലക്ഷ്മിയെ തങ്ങളുടെ ബ്രാൻഡ് അംബാസിഡറാക്കുന്നത്, വൈകാതെ ഒട്ടേറെ ആസിഡ് ആക്രമണത്തിനിരയായ യുവതികൾക്കും ഇത്തരത്തിലുള്ള വേദികൾ ലഭിക്കുമെന്ന പ്രത്യാശയിലാണിവർ. ആസിഡ് ആക്രമണത്തിനിരയായ മറ്റു പെൺകുട്ടികൾക്കും പ്രചോദനമാവുകയാണ് വിവാ ആൻ ദിവായും ലക്ഷ്മിയും. പലരും തങ്ങളെ കളിയാക്കുകയും കുട്ടികൾ പേടിച്ച് അകലെപ്പോകാറുമുണ്ട്. ഇത്തരം ഇടപെടലുകളിലൂടെ തങ്ങളും മറ്റുള്ളവരെപ്പോലെ സാധാരണ പെൺകുട്ടികൾ തന്നെയാണെന്ന ധാരണ സമൂഹത്തിനു കൈവരുമെന്നുമെന്നും അവർ പറയുന്നു.

ഭർത്താവ് അലോക് ദീക്ഷിതിനൊപ്പം സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവയായി നിനിൽക്കുന്ന ലക്ഷ്മി ഇന്ന് ഒരമ്മ കൂടിയാണ്. 2005ൽ വെറും 16 വയസു പ്രായമുള്ളപ്പോഴാണ് ലക്ഷ്മിയ്ക്കു നേരെ ആസിഡ് ആക്രമണമുണ്ടായത്. ലക്ഷ്മിയെക്കാൾ ഇരട്ടി പ്രായമുണ്ടായിരുന്ന അയാളുടെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം തീർക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിനെതിരെ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 2014ൽ ലക്ഷ്മിയ്ക്ക് യുഎസിന്റെ ധീര വനിതയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു

ലക്ഷ്മി ഭർത്താവ് അലോക് ദീക്ഷിതിനൊപ്പം