ചാനൽ പരിപാടിക്കെതിരെ ആഞ്ഞടിച്ച് രഞ്ജിനി

രഞ്ജിനി, പരിപാടിയിൽ എത്തിയയാളുടെ ഷർട്ടിനു പിടിച്ചു ചീത്തവിളിക്കുന്ന നടി ഖുശ്ബു

കുടുംബപ്രശ്നങ്ങൾ തീർക്കാനായി പരാതിക്കാരെയും എതിർകക്ഷികളെയും വിളിച്ചിരുത്തി വാദപ്രതിവാദങ്ങൾ കേട്ടു വിധിയെഴുതുന്ന പരിപാടികൾ വിവിധാ ചാനലുകളിലായി സംപ്രേക്ഷണം ചെയ്തുവരുന്നുണ്ട്. പലപ്പോഴും പല പരാതിക്കാരുടെയും സ്വകാര്യതയെപ്പോലും മാനിക്കാത്ത വിധത്തിലുള്ള ഈ പരിപാടികൾ അതിന്റെ നിയന്ത്രണം വിടുന്നതും കാണാം. ഇത്തരം പരിപാടികളോടുള്ള അമർഷം വ്യക്തമാക്കി അവയ്ക്കു മുന്നിൽ ബലിയാടുകളാവരുതെന്നു പറയുകയാണ് നടിയും അഭിഭാഷകയുമായ രഞ്ജിനി. ‌

തമിഴ് ചാനലിൽ സംപ്രേക്ഷണം ചെയ്തുവരുന്ന നിജങ്കൾ എന്ന ഷോ നടക്കുന്നതിനിടയിൽ നടി ഖുശ്ബു പരിപാടിയിൽ വന്നയാളുടെ ഷർട്ടിനു പിടിച്ച് ചീത്തവിളിക്കുന്ന ഫോട്ടോകള്‍ സഹിതം നൽകിയാണ് രഞ്ജിനി തന്റെ പ്രതിഷേധം ഫേസ്ബുക്കിലൂടെ പ്രകടിപ്പിച്ചത്. ഇത്തരത്തിലുള്ള പരിപാടികളിൽ അവതാരകരായെത്തുന്ന പല നടിമാരും ഉപദേശം നൽകാൻ അർഹതയുള്ളവർപോലും അല്ലെന്നും രഞ്ജിനി തന്റെ ഫേസ്ബുക് േപാസ്റ്റിൽ പറയുന്നു

രഞ്ജിനിയുടെ ഫേസ്ബുക് േപാസ്റ്റിന്റെ പൂർണരൂപം

കൗൺസിലിങ് എന്ന പേരിൽ വിവിധ ഭാഷകളിലെ ചാനലുകളിൽ നടക്കുന്ന പരിപാടികൾ ലജ്ജാവഹമാണ്. സൺടിവിയിൽ ടെലികാസ്റ്റ് ചെയ്തുവരുന്ന നിജങ്കൾ എന്ന പരിപാടിയിൽ നിന്നുള്ള ക്ലിപുകൾ ആണിത്. നടി ഖുശ്ബു പരിപാടിയിൽ വന്നയാളുടെ ഷർട്ടിൽപിടിച്ച് ഉറക്കെ ഷൗട്ട് ചെയ്യുന്നു. ഇതാണോ കൗൺസിലിങ്? ഇതു ഭീഷണിയും ആക്രമണവും അധിക്ഷേപവും ലിംഗവിവേചനവും ചൂഷണവുമൊക്കെയാണ്. ദയവുചെയ്ത് ജനങ്ങൾ ഇത്തരം പരിപാടികളിൽ ബലിയാടുകളാവരുത്. ഇതു നിങ്ങളെ സഹായിക്കുകയല്ല ചെയ്യുന്നത് മറിച്ച് നിങ്ങളുടെ കുടുംബത്തെയാകെ പൊതുമധ്യത്തിൽ തരംതാഴ്ത്തുകയാണ്, എന്നിട്ട് ചാനലുകൾ നിങ്ങളിലൂടെ പണം ഉണ്ടാക്കുന്നു.

വളരെ ദു:ഖത്തോടെ തന്നെ പറയട്ടെ ഈ പരിപാടികൾ അവതരിപ്പിക്കുന്ന ചില നടികൾ പരിപാടിയിലെത്തുന്ന സാധാരണക്കാർക്ക് കൗൺസിലിങ് നൽകാൻ പോലും അർഹതയുള്ളവരല്ല. ഇത്തരം സാഹചര്യങ്ങളിൽ കൗൺസിലിങ് ഓർഗനൈസേഷനുകളെ സമീപിക്കുക അവിടങ്ങളിൽ കോടതിയിൽ എത്തുന്നതുവരെ ചിലവുകളും തീർത്തും സൗജന്യമാണ്. കോടതിക്കു മുന്നിൽ എത്തുംമുമ്പ് ഖുശ്ബു ഇയാളോട് പരസ്യമായി ക്ഷമ ചോദിക്കുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്.