പ്രണയത്തെക്കുറിച്ച് അജുവും ശ്രീജേഷും സുധീപും

അജുവും അഗസ്റ്റീനയും

ഒരു റോസാപുഷ്പത്തിനപ്പുറം മനസ്സും കാത്തു വച്ചു പ്രണയങ്ങൾ കൈമാറുന്ന വലന്റൈൻസ് ദിനം... പുതുമകൾ തേടുമ്പോഴും പ്രണയം ഗൃഹാതുരത്വമുള്ള ഓർമകളെന്നു പറയുന്ന സെമി മോഡേൺ ജനറേഷൻ, ആഘോഷമാണു പ്രണയമെന്നു ന്യൂജെൻ ലവ് കപ്സ്... ഇപ്പോൾ പ്രണയമില്ലെന്ന് പരിതപിക്കുന്ന പഴയ തലമുറ... എല്ലാവരും പങ്കുവയ്ക്കുന്ന ഒരേയൊരു വികാരം പ്രണയം. ഈ പ്രണയ ദിനത്തിൽ ഇവർ പ്രണയം പറയുന്നു.

ഒറ്റ സീനിലെ പ്രണയം

അജുവും അഗസ്റ്റീനയും

നടൻ അജുവർഗീസും അഗസ്റ്റീനയും വിവാഹിതരായതു വാലന്റൈൻസ് ദിനം കഴിഞ്ഞു 10 ദിവസത്തിനു ശേഷമാണ്. 2014 ഫെബ്രുവരി 24ന്. പ്രണയത്തെക്കുറിച്ചു പറയുമ്പോൾ അജുവിന്റെ മനസ്സിൽ എപ്പോഴുമുള്ളതു തേൻമാവിൻ കൊമ്പത്തിലെ സീൻ. ‘പ്രണയം പറയാൻ ലാലേട്ടനുള്ള കഴിവ് അപാരമാണ്. തേൻമാവിൻ കൊമ്പത്തിലെ ‘ പോരുന്നോ? എന്റെ കൂടെ’ ആ ചോദ്യം... മനസ്സിൽ തറഞ്ഞു നിൽക്കാത്ത പ്രണയിനികളുണ്ടോ ??? കൂടെ വിളിക്കാതെ യാത്ര പറയുന്ന മാണിക്യനോടുള്ള ദേഷ്യം പിറുപിറുത്തു നടന്നു നീങ്ങുന്ന കാർത്തുമ്പിയുടെ (ശോഭന) മുന്നിൽ വന്നു നിൽക്കുന്ന മാണിക്യൻ: ‘പെട്ടെന്ന് ഓർത്തു എന്താ ചോദിക്കേണ്ടേന്ന്, കാർത്തുമ്പി: വേഗം ചോദിച്ചോളു, ഇനി മറക്കുന്നതിനു മുൻപ് .. മാണിക്യൻ: പോരുന്നോ? എന്റെ കൂടെ (പശ്ചാത്തലത്തിൽ പാടവരമ്പിലെ മരത്തിൽ നിന്നുള്ള കൊക്കുകൾ പറന്നുയരുന്നു). ഇതിലും മനോഹരമായി എങ്ങനെ പ്രണയം പറയും. – സീൻ റിക്രിയേറ്റ് ചെയ്ത പോലെ അജു പറഞ്ഞു നിർത്തി.

ലക്ഷ്യബോധമുണ്ടാക്കിയ പ്രണയം

ഗോൾപോസ്റ്റിൽ നിർണായകമായ പെനൽറ്റിക്കായി നിൽക്കുമ്പോഴും അനുഭവപ്പെടാത്ത എന്തോ ഒന്നായിരുന്നു ആ പ്ലസ്ടുക്കാരന്റെ മനസ്സിലൂടെ കടന്നു പോയത്. ഒരു പെനൽറ്റി കിക്ക് ബോക്സിലേക്കെത്താനുള്ള തയാറെടുപ്പിനായെടുക്കുന്ന രണ്ടോ മൂന്നോ മിനിറ്റ് മാത്രമുള്ള കൂടിക്കാഴ്ച. വർഷങ്ങൾക്കിപ്പുറവും ആ നിമിഷം ഇന്ത്യൻ ഹോക്കി ടീം വൈസ് ക്യാപ്റ്റൻ പി.ആർ. ശ്രീജേഷിന്റെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. ‘ലക്ഷ്യബോധമുണ്ടാക്കിയ പ്രണയം. നിർവചനം ഇതു മാത്രം...’ ശ്രീജേഷ് പറയുന്നു. ‘നന്നായി കളിക്കണം..ഒരു ജോലി നേടണം. പ്രേമിച്ച പെണ്ണിനെ കെട്ടാൻ ഇതൊക്കെ വേണമെന്ന ചിന്തയുണ്ടാക്കി. പിന്നെ അതിനായൊരു ശ്രമമായിരുന്നു. എല്ലാം നന്നായി. അവളെന്റെ കൂടെയുമായി....ഇതല്ലേ പ്രണയം..’ ശ്രീജേഷ് പറയുന്നു.

പ്രണയത്തിന് ഇലഞ്ഞിപ്പൂമണം

സുധീപും ഭാര്യയും

ഒഴുകി വരുന്ന ഇലഞ്ഞിപ്പൂമണമാണു പ്രണയം. അതുകൊണ്ടുതന്നെ ആയിരക്കണക്കിനു പ്രണയഗാനങ്ങളിൽ നിന്നു തിരഞ്ഞെടുത്താൽ അയൽക്കാരിയിലെ ശ്രീകുമാരൻ തമ്പി– ദേവരാജൻ കൂട്ടുകെട്ടിന്റെ ഇലഞ്ഞിപ്പൂമണമൊഴുകി വരും എന്ന ഗാനത്തിന് ആദ്യ ലൈക്ക് ’ ഗായകൻ സുധീപ് കുമാർ പ്രണയ ഗാനങ്ങളെക്കുറിച്ച് ഇങ്ങനെ പറയും. പ്രിയസഖി സോഫിയയും സുധീപിന്റെ ഇഷ്ടത്തോടു ചേർന്നു തന്നെ.