എല്ലാ ആണുങ്ങളും ക്രൂരന്മാരല്ല, എല്ലാ പെണ്ണുങ്ങളും ദയാലുക്കളുമല്ല !

ഡല്‍ഹിയിൽ ഒരു രാത്രി തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയിൽ പങ്കുവച്ച പെൺകുട്ടി

ഇന്നത്തെ ഓരോ ദിനവും പുലരുന്നത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളു‌െട ഒരു വാർത്തയെങ്കിലുമായിട്ടാകും. വീടിനകത്തും പുറത്തുമെല്ലാം ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നിരവധി സ്ത്രീകളുണ്ട്. പലതും തുറന്നു പറയാത്തവരുണ്ട്. പുറത്തൊന്നിറങ്ങിയാൽ ധൈര്യസമേതം സഹായം ചോദിക്കാൻ മടിക്കുന്നവരുണ്ട്, സ്ത്രീയെ ഒരു ശരീരം മാത്രമായി കാണുന്നവരയാരിക്കുമോ തനിക്കു മുന്നിലുള്ളതെന്ന ഉൾഭയത്താലാണത്. സത്യത്തിൽ നാം മുന്നിൽ കാണുന്ന പുരുഷന്മാരെയൊക്കെ ഭയക്കേണ്ടതുണ്ടോ?

ഒരിക്കലുമില്ല, പുരുഷന്മാരിലും സ്ത്രീയെ ഒരു സഹജീവിയായി കാണുന്നവരുണ്ട്, ശരീരത്തിനപ്പുറം അവളുടെ മനസു കാണുന്നവരുണ്ട്. അതോടൊപ്പം തന്നെ വഴിയരികിൽ കിടന്നഭ്യർഥിച്ചാലും തിരിഞ്ഞു നോക്കാതെ പോകുന്ന സ്ത്രീകളുമുണ്ട്. സമാനമായി ഡൽഹിയിലെ ഒരു പെൺകുട്ടിയ്ക്കു ഒരനുഭവമാണ് ഇപ്പോൾ സോഷ്യല്‍മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്ത്രീകൾ ഒരു രാത്രിയിൽ ഒറ്റപ്പെട്ടാൽ സഹായിക്കാനുണ്ടാകുന്നതു സ്ത്രീകളായിരിക്കുമെന്നാണു ഭൂരിഭാഗം പേരുടെയും വിചാരം അതുപോലെ പുരുഷന്മാരെല്ലാം കാമഭ്രാന്തുകളോടെയായിരിക്കും സമീപിക്കുക എന്നും. ഈ ധാരണ തെറ്റാണെന്നു പറയുകയാണ് ഡൽഹിയിൽ നിന്നുള്ള ആ പെൺകുട്ടി.

രണ്ടുവർഷം മുമ്പ് ഒരു ഡിസംബർ 31ന് സുഹൃത്തുക്കൾക്കൊപ്പം ഡൽഹിയിൽ എത്തിയതായിരുന്നു അവൾ. പക്ഷേ പിന്നീടു വഴിതെറ്റി സുഹൃത്തുക്കളിൽ നിന്നു വിട്ടുപോയി. കാര്യം മനസിലാക്കി ഫോൺ എടുക്കാൻ തുനിഞ്ഞപ്പോഴാണ് അതും നഷ്ടപ്പെ‌ട്ട കാര്യം തിരിച്ചറിഞ്ഞത്. ഏതാണ്ട് അർധരാത്രിയോടടുത്ത സമയമായിരുന്നു അത്. മുന്നിൽ കണ്ട് സ്ത്രീകളിൽ ഒരു അഞ്ചാറു പേരോട് ഒരു കോൾ ചെയ്യാൻ ഫോൺ നൽകാമോ എന്നു ചോദിച്ചു. പക്ഷേ അവരെല്ലാം ഒന്നു നോക്കി തിരിഞ്ഞു നടക്കുകയാണുണ്ടായത്. എന്തു ചെയ്യും എന്നറിയാതെ നിൽക്കുമ്പോഴാണ് അരികിൽ ഒരു യുവാവെത്തിയത്. ഡൽഹിയിലെ സ്ത്രീസുരക്ഷയെക്കുറിച്ച് മാധ്യമങ്ങളിൽ നിന്നുള്ള കേട്ടറിവുള്ളതിനാൽ അക്ഷരാർഥത്തിൽ ഭയന്നുപോയി. പക്ഷേ ആ യുവാവു പറഞ്ഞു, പേടിക്കേണ്ട, ഞാൻ നിന്നെ സഹായിക്കാനാണെത്തിയത്. അങ്ങനെ അയാൾ തന്റെ പദ്ധതികളെല്ലാം പിൻവലിച്ച് തന്നെ സുരക്ഷിതമായി സ്ഥലത്തെത്തിച്ചു. നാം വഴിയരികിൽ ഒറ്റപ്പെ‌ടുമ്പോള്‍ സഹായിക്കാൻ മുമ്പിലെത്തുക സ്ത്രീകളായിരിക്കും എന്നാണു നാം കരുതുക, പക്ഷേ താൻ സമീപിച്ച ആറു സ്ത്രീകളും തന്നെ കൈവിട്ടപ്പോൾ ആ ഒരൊറ്റ പുരുഷനാണു സഹായിച്ചതെന്നു പറയുന്നു ആ പെൺകുട്ടി. എല്ലാ പുരുഷന്മാരും നിങ്ങൾ പത്രങ്ങളിൽ വായിക്കുന്നവരെ പോലെയല്ലെന്നും അത്തരം ധാരണകൾ മാറ്റിവെക്കൂയെന്നും അവൾ പറയുന്നു.