ആ വെള്ളാരം കണ്ണുകൾ പറയാൻ ബാക്കി വച്ചത്

അമ്പിളി ഫാത്തിമ

മരണം അല്ലെങ്കിലും അങ്ങനെയാണ്.. നിശബ്ദനായി ഓരോ നിമിഷവും നമ്മെ പിന്തുടർന്ന് , ഒടുവിൽ നിനയ്ക്കാത്ത നേരത്ത് പ്രതീക്ഷയുടെ നാമ്പുകൾ നുള്ളിയെടുത്ത് പറന്നുകളയും. രംഗബോധമില്ലാത്ത ആ കോമാളി ഇന്ന് കവർന്നെടുത്തത് അമ്പിളി ഫാത്തിമയെന്ന 22 കാരിയെ. വളരെ ചെറിയ പ്രായത്തിനുള്ളിൽ മരണം കവർന്നെടുത്തു എങ്കിലും, അമ്പിളി തന്റെ ജീവിതം കൊണ്ട് അപൂര്‍വ രോഗങ്ങളുമായി വലയുന്ന നിരവധിപ്പേർക്ക് പ്രതീക്ഷയും പ്രത്യാശയുമാകുകയായിരുന്നു.

വിധിയുടെ വിളയാട്ടം എന്നെല്ലാം പറയുന്നത് ഇതിനെയാകും. കാഞ്ഞിരപ്പള്ളി പുതുപറമ്പില്‍ വീട്ടില്‍ ബഷീറിനും ഷൈലയ്ക്കും കാത്തിരുന്നു ലഭിച്ച വെള്ളാരം കണ്ണുകൾ ഉള്ള കണ്മണി. രണ്ടാം വയസ്സിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ ചികിത്സയ്ക്കൊടുവിൽ ഹൃദയ വാൽവിൽ ദ്വാരം കണ്ടെത്തി. ഇതുമൂലം, കുഞ്ഞു ഫാത്തിമയുടെ ശരീരത്തിൽ അശുദ്ധ രക്തവും ശുദ്ധ രക്തവും കൂടിച്ചേരുന്ന അവസ്ഥയിലായിരുന്നു. ഇത് ശ്വാസകോശങ്ങളുടെ പ്രവർത്തനത്തെ താറുമാറാക്കി. അപൂർവമായ ജനിതക വൈകല്യം, വൈദ്യശാസ്ത്രം വിധിയെഴുതുകയും ചെയ്തു.

അമ്പിളി ഫാത്തിമ

പിന്നീടങ്ങോട്ട് , ചെറുത്തു നിൽപ്പിന്റെ നാളുകളായിരുന്നു. പല്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍ എന്ന് വൈദ്യശാസ്ത്രം വിളിച്ച രോഗത്തിനുള്ള ചികിത്സ ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കുക എന്നതായിരുന്നു. എന്നാൽ ഹൃദയവും ശ്വാസകോശവും പൂർണ്ണ വളർച്ച പ്രാപിക്കാതെ, ശസ്ത്രക്രിയ ചെയ്യാൻ സാധിക്കുകയുമില്ല. മാത്രമല്ല, അപൂർവങ്ങളിൽ അപൂര്‍വമായ ഈ ശസ്ത്രക്രിയ ചെയ്യാനുള്ള സൗകര്യം കേരളത്തിൽ ഇല്ലതാനും. ഇന്ത്യയിൽ ആകെ 6 തവണയാണ് ഈ ശസ്ത്രക്രിയ നടന്നിട്ടുള്ളത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ഇതിനുള്ള സൗകര്യം ലഭ്യമായിരുന്നു. പക്ഷഏ ഇടത്തരം കുടുംബത്തിലെ അംഗമായ അമ്പിളിക്ക് മുന്നിൽ ചികിത്സാ ചെലവായ 40 ലക്ഷം രൂപ ബാലികേറാമലയായി അവശേഷിച്ചു.

എന്നാൽ, പ്രതിസന്ധികൾക്കിടയിലും അമ്പിളി തന്റെ പ്രതീക്ഷകൾ കൈവിട്ടില്ല. പഠനത്തിൽ പൂർണമായും മുഴുകി. സി.എം.എസ്‌ കോളജില്‍ എംകോം വിദ്യാർത്ഥിനിയായിരുന്ന അമ്പിളി ഫാത്തിമയുടെ ജീവിതലക്‌ഷ്യം സിവില്‍ സര്‍വീസ്‌ നേടുക എന്നതായിരുന്നു. ഇതിനായി ആശുപത്രിക്കിടക്ക പോലും അമ്പിളി സ്റ്റഡി ടേബിൾ ആക്കി. സ്വകാര്യ സര്‍വേയറായ പിതാവിന്റെ വരുമാനം വീട്ടുചെലവിനുപോലും തികയാത്ത അവസ്ഥയില്‍ കഴിഞ്ഞ ജൂണിൽ ആണു മാധ്യമങ്ങളിൽ അമ്പിളി ഫാത്തിമയുടെ അവസ്ഥ വാർത്തയാകുന്നത്.

അമ്പിളി ഫാത്തിമ

പിന്നെ, കരുണവറ്റാത്ത കണ്ണുള്ളവർ അമ്പിളിയുടെ വെള്ളാരം കണ്ണുകളുടെ തിളക്കം മായാതെ കാക്കാൻ മുന്നോട്ടു വന്നു.എം.ജി സര്‍വകലാശാല 10 ലക്ഷം സഹായം നൽകി. പിന്നെ അറിയുന്നവരും അറിയാത്തവരുമായി നൽകിയ ധനസഹായത്തിലൂടെ അമ്പിളി മെല്ലെ പുതിയ ജീവിതം സ്വപ്നം കണ്ടു തുടങ്ങി. ഒടുവിൽ കഴിഞ്ഞ ആഗസ്റ്റ്‌ 13 നു , മസ്തിഷ്കാഘാതം സംഭവിച്ച വ്യക്തിയുടെ ഹൃദയവും ശ്വാസകോശവും ബന്ധുക്കൾ ഫാത്തിമയ്ക്ക് ദാനം ചെയ്തതോടെ, പ്രതീക്ഷയുടെ പുതിയ സൂര്യൻ ഉദിക്കുകയായിരുന്നു. 15 മണിക്കൂർ നീണ്ടു നിന്ന അത്യപൂർവ ശസ്ത്രക്രിയയിലൂടെ അമ്പിളി ഫാത്തിമയുടെ ഹൃദയവും മാറ്റിവച്ചു.

തുടർന്ന് അപ്പോളോയിൽ 10 മാസം നീണ്ടു നിന്ന തുടർ ചികിത്സ. ഇതിനിടയ്ക്ക് രക്തത്തിലും ശ്വാസകോശത്തിലും കടുത്ത അണുബാധയുണ്ടായി. ജീവിതം വീണ്ടും കൈവിട്ടു പോകുന്ന അവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് തിരികെയെത്താൻ അമ്പിളി ഫാത്തിമയ്ക്ക് മുതൽക്കൂട്ടായത് തന്റെ ചോരാത്ത ആത്മവിശ്വാസം ഒന്നുമാത്രമായിരുന്നു. ഓപ്പറേഷന് തൊട്ടുമുന്‍പെഴുതിയ എംകോം മൂന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ 85% മാർക്കോടെ നേടിയ വിജയം ആ ആത്മവിശ്വാസം ഇരട്ടിയാക്കിയിരുന്നു.

അമ്പിളി ഫാത്തിമ

പലരും പതറി വീഴുന്ന അവസ്ഥയിൽ പോലും ഉൾക്കരുത്തിന്റെ പര്യായമായിമാറിയ അമ്പിളി ഫാത്തിമയെ തേടി മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് , സിനിമാ താരങ്ങളായ മഞ്ജു വാരിയർ , ദിലീപ് എന്നിവരുടെ സഹായങ്ങൾ എത്തിയിരുന്നു. തന്റെ കുഞ്ഞനുജത്തിയായി അമ്പിളിയെ കണ്ട മഞ്ജു , അമ്പിളിയുടെ ഐഎഎസ് പഠനത്തിനുള്ള ചെലവ് മുഴുവന്‍ താന്‍ വഹിക്കുമെന്നു രക്ഷിതാക്കള്‍ക്ക് വാക്ക് നൽകിയിരുന്നു.

ഒടുവിൽ, ഒരുമാസം മുൻപ് അപ്പോളോയിലെ ഒരു നേഴ്സിന്റെ മേൽനോട്ടത്തോടെ 10 മാസങ്ങൾക്കൊടുവിൽ അമ്പിളി ഫാത്തിമ ജന്മനാട്ടിൽ തിരിച്ചെത്തി. സന്ദർശകരെ അനുവദിക്കാതെയുള്ള പരിചരണം, മൂന്ന് ദിവസം കൂടുമ്പോള്‍ രക്തപരിശോധന തുടങ്ങി കര്‍ശനമായ പരിശോധനകളായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. പ്രതിമാസം ലക്ഷം രൂപയുടെ മരുന്ന് കഴിച്ച് ജീവൻ നിലനിർത്തിക്കൊണ്ട് വരുമ്പോഴാണ് അവിചാരിതമായി വിധി വീണ്ടും പ്രത്യാക്രമണം നടത്തിയത്. ശ്വാസകോശത്തിലും രക്തത്തിലും വീണ്ടും അണുബാധ. ഇത്തവണ കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലം കണ്ടെത്താനായില്ല. ആ വെള്ളാരം കണ്ണുകളുടെ തിളക്കം എന്നേക്കുമായി കെട്ടടങ്ങി.

മരിച്ചാലും അണയാത്ത ആത്മവീര്യം

ചിലർ അങ്ങനെയാണ്...ജീവിച്ചിരുന്ന ചെറിയ കാലത്തിനുള്ളിൽ തന്നെ ഭൂമിയിൽ ചിരസ്മരണയാവാൻ പലതും അവശേഷിപ്പിക്കും. അമ്പിളി ഫാത്തിമ അക്കൂട്ടത്തിൽ ഒരുവൾ ആയിരുന്നു. ജീവിതത്തിൽ ആഗ്രഹിച്ചതൊന്നും നേടാതെയാണ്‌ അമ്പിളി പോയതെങ്കിലും വിധിയോട് പടവെട്ടി ജയിക്കാൻ അമ്പിളി കാണിച്ച ആത്മവീര്യം വിധിയുടെയും രോഗങ്ങളുടെയും മുന്നിൽ പകച്ചു നിൽക്കുന്ന പലർക്കും ഒരായുസ്സിന്റെ ഊർജം പകരുന്നു. ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന അവസ്ഥയിൽ തന്നെത്തേടിയെത്തിയ മുഖ്യമന്ത്രിയോടും മഞ്ജു വാര്യരോടും ഒന്നും അമ്പിളി പങ്കു വച്ചത് തന്റെ രോഗാവസ്ഥയുടെ ദുരിതമല്ല. മറിച്ച്, നാളെയുടെ നിറമുള്ള സ്വപ്നങ്ങളായിരുന്നു. അതുകൊണ്ട് തന്നെ, പ്രിയ അമ്പിളി ഫാത്തിമ... ജനമനസ്സുകളിൽ നീ മരിക്കുന്നില്ല. ആത്മവീര്യത്തിന്റെ പര്യായമായി നിന്നെ സ്നേഹിച്ചവരുടെ മനസ്സിലെ ചിരപ്രതിഷ്ടയായി നീയുണ്ടാകും..ആ കണ്ണുകളുടെ മായാത്ത തിളക്കം ലോകത്തോട്‌ ആവശ്യപ്പെടുന്നതും അത് മാത്രമായിരിക്കും..