തെരുവുബാലന്റെ വയറുനിറച്ച് യുവാവ്, സുഖലോലുപതയ്ക്കു പിന്നാലെ പായുന്നവർ അറിയണം ഈ കഥ

അമോദ് സാരംഗ് ദീപകിനൊപ്പം

തെരുവിൽ ഒരു കുട്ടി അലഞ്ഞു തിരിഞ്ഞു യാചിക്കുന്നതു കണ്ടാൽ ഭൂരിഭാഗം പേരും ഒന്നുകിൽ അവഗണിക്കുകയോ അല്ലെങ്കിൽ തുച്ഛമായ ചില്ലറത്തുട്ടുകള്‍ നൽകി തിരിച്ചയക്കുകയോ ആണു പതിവ്. അവര്‍ക്ക് ഒരുനേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാൻ തുനിയുന്നവർ വളരെ കുറവായിരിക്കും. എന്നാൽ അത്തരത്തിൽ ഒരു നന്മയുള്ള പ്രവർത്തി ചെയ്ത മുംബൈ സ്വദേശി അമോദ് സാരംഗ് എന്ന യുവാവാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ താരം. കോലാബയിലെ തെരുവിൽ കഴിയുന്ന ദീപക് എന്ന ആ കുരുന്നിനെ കണ്ടതും അവനു ഭക്ഷണം വാങ്ങിക്കൊടുത്തതുമെല്ലാം അമോദ് ഫേസ്ബുക്കിൽ പങ്കുവച്ചത് വൈറലായിരിക്കുകയാണ്. സുഖലോലുപതയ്ക്കു പിന്നാലെ പായുന്നവർക്കു മുന്നിൽ മനുഷ്യത്വത്തിന്റെ യഥാർഥ മാതൃകയാവുകയാണ് അമോദ്.

അമോദിന്റെ ഫേസ്ബുക് േപാസ്റ്റിന്റെ പൂർണരൂപം വായിക്കാം‌

കഴി‍ഞ്ഞ രാത്രിയാണ് ഞാനും എന്റെ സുഹൃത്തും ദീപക് എന്ന ഈ കുരുന്നിനെ കാണുന്നത്. കോലാബയിലെ തെരുവിലാണ് ദീപക് വസിക്കുന്നത്. ആദ്യകാഴ്ചയിൽ ദീപക് ഞങ്ങളോട് അ‌ടുക്കാൻ ഭയന്നെങ്കിലും കുറച്ചുനേരം സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും അവൻ ഞങ്ങൾക്കൊപ്പം സ്റ്റാര്‍ബക്സ് റെസ്റ്റോറന്റിലേക്കു വരാൻ തയ്യാറായി, ബോസിനെപ്പോലെ നടന്നു കയറുമ്പോൾ അതിനുള്ളിൽ എന്താണു നടക്കുന്നതെന്ന് എന്നും അറിയാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് അവൻ പറഞ്ഞു. എന്താണു കഴിക്കാൻ വേണ്ടതെന്നു ചോദിച്ചപ്പോൾ രണ്ടു ചീസ്കേക്ക് വേണമെന്നായിരുന്നു മറുപടി.

കഴിക്കുന്നതിനു മുമ്പായി അവനെ ഞാൻ കൈകഴുകിക്കാനായി വാഷ്റൂമിലേക്കു കൊണ്ടുപോയി. ഒരാൾ വാഷ്റൂമിലേക്കു പോകുമ്പോൾ ഇത്രയും സന്തോഷത്തോടെ കാണുന്നത് ആദ്യമായിട്ടായിരുന്നു. അത്രയും ശുദ്ധമായ വെള്ളം കണ്ട് അവനു വിശ്വസിക്കാനായില്ല, മുഖത്തേക്കു വെള്ളം തെറിപ്പിച്ചു കൊണ്ടേയിരുന്നു. തിരിച്ചെത്തിയപ്പോൾ അവൻ വേഗം കഴി്ക്കാൻ തുടങ്ങി, കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങള്‍ രണ്ടുപേർക്കും അവൻ ഭക്ഷണം നീട്ടി. കഴിച്ചു കഴിഞ്ഞ് ആ സ്ഥലമൊക്കെ ഓടിനടക്കുകയും തിരിച്ചുവന്ന് എന്റെ മടിയിൽ കിടക്കുകയും പോകാൻ നേരം ഒരുമ്മ സമ്മാനിച്ച് ഗുഡ്ബൈ പറയുകയും ചെയ്തു.

ഇതാദ്യമായല്ല ഞാൻ ഇത്തരത്തില്‍ ചെയ്യുന്നത്, പക്ഷേ ഫേസ്ബുക്കിൽ പങ്കുവെക്കുന്നത് ആദ്യമായാണ്. നമ്മൾ മിക്കപ്പോഴും ഭക്ഷണവും വെള്ളവുമൊക്കെ പാഴാക്കുന്നു. നമ്മളിൽ പലരും ഭക്ഷണം പങ്കുവെക്കാൻ പോലും താൽപര്യപ്പെടുന്നില്ല. അവരെ ഫാൻസി സ്ഥലങ്ങളിലേക്കു കൊണ്ടുപോകണമെന്നല്ല പറഞ്ഞുവരുന്നത്, മറിച്ച് കൂടുതൽ ജീവിതങ്ങളെ സ്പർശിക്കുകയും അവരെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്ത് അവരെ നല്ലൊരു ജീവിതത്തിലേക്കു നയിക്കണമെന്നു കൂടിയാണ്.

ഒരു സംഗീതസദസും ഇത്രത്തോളം ആനന്ദിപ്പിക്കില്ല. ഫാൻസി കാറോ വസ്ത്രമോ നിങ്ങളിൽ മതിപ്പു തോന്നിക്കില്ല. ജീവിതത്തിൽ നാം നേടിയെടുക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കപ്പുറം നമുക്കു ലഭിക്കുന്ന ചില സമ്മാനങ്ങളുണ്ട്, എനിക്കു ലഭിച്ചത് മറ്റുള്ളവരെ ആശ്വസിപ്പിക്കലാണ്. ആളുകൾ ബുദ്ധിമുട്ടുന്നതു കാണാൻ എനിക്കു കഴിയില്ല. ആവശ്യത്തിലുമധികം വെറുപ്പും അക്രമവുമൊക്കെയുള്ള ഈ ലോകത്ത് പരസ്പരം കുറച്ചുകൂടി അനുകമ്പ പ്രകടിപ്പിക്കാം.

സ്നേഹത്തിനും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കാൻ ലോകത്തെ കാത്തുനിൽക്കുന്നത് മരത്തിന്റെ സ്റ്റൗവിൽ ചൂടിനു കാത്തുനിൽക്കുംപോലെയാണ്. ഇന്ധനം നിറച്ചാൽ മാത്രമേ ഫലവും ഉണ്ടാകൂ. അതിന് ആദ്യം നിങ്ങളിൽ നിന്നു തുടങ്ങണം..