'ട്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി കൊണ്ടുപോയത് കൈകാലുകൾ, പക്ഷേ, ഞാനെന്തിനു ദു:ഖിക്കണം? '

ഇനി ഞാൻ ജീവിച്ചിരുന്നിട്ട് എന്തു ചെയ്യാനാണ് അമ്മേ? എന്നെയൊന്ന് കൊന്നുതരാൻ പറയാമോ ഡോക്ടറോട്? അനീഷ് മോഹൻ എന്ന 28 വയസുകാരന്റെ വാക്കുകൾ അമ്മയുടെ നെഞ്ചിൽ കൂരമ്പു പോലെ തറച്ചു കയറി. പൊട്ടിക്കരഞ്ഞു കൊണ്ട് മകനെ നെഞ്ചോടു ചേർത്ത് അവർ പറഞ്ഞു... നീ ജീവിച്ചിരിക്കണം പൊന്നേ... എനിക്കു കണ്ടോണ്ട് ഇരിക്കാൻ എങ്കിലും...!!!

ഈ വാക്കുകളിൽ തുടങ്ങുന്നു ട്രെയിനപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അനീഷെന്ന കോട്ടയംകാരന്റെ രണ്ടാം ജന്മം. ശാരീരികമായ കുറവുകൾക്ക് മനസ്സിന്റെ ദൃഢനിശ്ചയത്തെ തോൽപ്പിക്കാനാകില്ലെന്നും ജീവിതവിജയം നേടാൻ ആത്മവിശ്വാസമാണ് വേണ്ടതെന്നും മനസ്സിലാക്കണമെങ്കിൽ അനീഷിന്റെ ഈ ജീവിതകഥ കേൾക്കണം..
നിങ്ങള്‍ക്കറിയുമോ എന്നെ...

‘നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് തടയുന്ന ആ സ്റ്റംബ്ലിംഗ് ബ്ലോക്ക് എന്താണ്? പണം, വിദ്യാഭ്യാസം, പരിശീലനം, അവസരങ്ങൾ, പിന്തുണ, കുടുംബം...ഒരു നിമിഷം സദസ്സ് നിശബ്ദമായി. മുന്നൂറിലധികം വരുന്ന യുവ ബിസിനസ്സുകാർക്കിടയിൽ നിന്ന് വേദിയിലേക്ക് ഒരുപാട് ഉത്തരങ്ങൾ ഒഴുകിയെത്തി. ആ ഉത്തരങ്ങളെ ഒന്നും ഗൗനിക്കാതെ അപ്പോഴും സദസ്സിലേക്ക് നോക്കി നിൽക്കുകയാണ് അനീഷ്. കഥ കേൾക്കാൻ ഇഷ്ടമില്ലാത്തവരില്ലല്ലോ ഈ കൂട്ടത്തിൽ? നിങ്ങൾക്കു കേൾക്കാനായി ഞാനൊരു കഥ പറയാം.

‘കോട്ടയത്തെ ആർപ്പൂക്കരയിൽ ഒരു പാവപ്പെട്ട വീട്ടിലാണ് എന്റെ കഥാനായകന്റെ ജനനം. അച്ഛന് തടിമില്ലിലായിരുന്നു ജോലി. മൂഡ് ഡിസോഡർ ഉള്ളതിനാൽ അച്ഛന് എപ്പോഴും ജോലിയ്ക്ക് പോകാൻ കഴിയില്ല. അങ്ങനെയാണ് 70 രൂപ കൂലിക്ക് അമ്മ ജോലിക്കു പോകാൻ തുടങ്ങിയത്. കഥാനായകൻ‌ പഠനത്തിൽ അത്ര മുന്നില്ലായിരുന്നില്ല കേട്ടോ, ദാരിദ്ര്യം നിറഞ്ഞ വീട്ടിലെ കുട്ടിക്ക് പഠിപ്പിലും വലുതല്ലേ, വിശപ്പ്. ഏഴാം ക്ലാസിൽ എത്തിയതോടെ ഒഴിവുസമയങ്ങളിൽ തടിമില്ലിലെ പണിക്ക് അവനും പോയിത്തുടങ്ങി. പിന്നെ പത്രവിതരണം നടത്തിയും ചായക്കടയിൽ ചെറിയ ജോലി ചെയ്തുമെല്ലാം അവൻ സ്വന്തമായി പണം സ്വരൂപിച്ചു. സ്കൂൾ ജീവിതം കഴിഞ്ഞ് പാലായിലെ പോളിടെക്നിക്കിൽ ഇൻസ്ട്രമെന്റേഷൻ എഞ്ചിനീയറിങ് കോഴ്സിനു ചേർന്നു. ജീവിതത്തിൽ വിജയിക്കണം എന്ന വാശി വന്നതോടെ കോഴ്സ് നാലാം റാങ്കോടെ വിജയിച്ചു. തുടർന്നാണ് െഎ. എസ്. ആർ. ഒ യിൽ നിന്ന് ഇന്റർവ്യൂനായുള്ള വിളി വന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്ന സന്തോഷത്തിലായിരുന്നു അപ്പോൾ ആ ചെറുപ്പക്കാരൻ.

സ്വപ്നം തിരുത്തിയ ചൂളംവിളി...

‘2009 ലെ ആ ദിവസം, ഇന്റർവ്യൂന് പോകാൻ ബാക്കിയുള്ളത് ഇനി കൃത്യം ഒരാഴ്ച മാത്രം. കോട്ടയം റെയിൽവേ േസ്റ്റഷനിൽ നിന്ന് നാഗമ്പടം ബസ് സ്റ്റാന്റിലേക്ക് പാളം ക്രോസ് ചെയ്ത് ഓടിയപ്പോൾ കാലിലെ ബാൻഡേജ് അഴിഞ്ഞ് പാളത്തിൽ കുടുങ്ങി. അവൻ അടുത്ത പാളത്തിലേക്ക് തെറിച്ചുവീണു. പിന്നീട് ഒരു ചൂളം വിളിയോടു കൂടി ട്രെയിൻ തന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയതേ അവന് ഓർമയുള്ളൂ.’ അത്ര നേരം അനീഷ് പറയുന്ന കഥ ശ്രവിച്ചുകൊണ്ടിരുന്ന സദസ്സ് നിശബ്ദമായി തേങ്ങി. ഇടറുന്ന വാക്കുകളോടെ കഥ തുടർന്നു, അന്ന് ‘ ആ ട്രെയിൻ കൊണ്ടു പോയത് എന്റെ വലതു കൈപ്പത്തിയാണ്. അതുകൊണ്ടും തൃപ്തിയായില്ല, ഇടതുകൈയുടെ പാതിയും ഇടതു കാൽമുട്ടിന് താഴെയും കൊണ്ടുപോയി... ബോധം പോകുന്നതിനു മുമ്പ് വ്യക്തമായി ഞാൻ കണ്ടു, പാളത്തിൽ കിടന്ന് പിടയുന്ന എന്റെ കൈകാലുകൾ. വാരിക്കൂട്ടിയ ശരീരവുമായി ആശുപത്രിയിലെത്തിച്ചത് ആരാണെന്നറിയില്ല. ബോധം വന്നപ്പോൾ അമ്മ അടുത്തിരിപ്പുണ്ട്. അമ്മേ, എന്റെ കൈകാലുകൾ തുന്നിച്ചേർക്കാൻ പറ്റിയോ? നിഷേധാർത്ഥത്തിൽ അമ്മ തലയാട്ടി.

പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയോടു ഞാൻ ചോദിച്ചു, ഇനി ഞാൻ എന്തിനാണമ്മേ ജീവിച്ചിരിക്കുന്നത്. ഡോക്ടറോടു പറഞ്ഞ് എന്നെ അങ്ങു കൊന്നേക്കൂ. എന്നെ കെട്ടിപ്പുണർന്ന് അമ്മ പറഞ്ഞു, എനിക്ക് നിന്നെ കാണാനെങ്കിലും നീ ജീവിച്ചിരിക്കണം. ദിവസങ്ങൾ പിന്നിടുന്തോറും പല സന്ദർശകരും വന്നുപോയി. സഹതാപത്തിന്റെ തുറിച്ചുനോട്ടത്തിൽ നിന്ന് വ്യത്യസ്തമായി നിന്നത് സെബാസ്റ്റ്യൻ ജോർജെന്ന സുഹൃത്തിന്റെ വാക്കുകളായിരുന്നു. ‘ജനിച്ചപ്പോഴേ നീ ഇങ്ങനെയായിരുന്നെങ്കിൽ എങ്ങനെ ഇതിനെ തരണം ചെയ്യുമായിരുന്നു? ആ വാക്കുകള്‍ എനിക്കു കിട്ടിയ വെളിപാടായിരുന്നു. നഷ്ടപ്പെട്ട മനോധൈര്യം വീണ്ടെടുക്കുക എന്നതായിരുന്നു പിന്നീടുള്ള കടമ്പ. പൊസറ്റീവ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങൾ, ആളുകൾ എല്ലാം സഹായിച്ചു. പതിയെ ഞാൻ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചെത്തി. എന്റെ സ്വപ്നങ്ങൾക്ക് അതിരിട്ട വിധിയെ തോൽപിക്കണം എന്നതായിരുന്നു പിന്നീടുള്ള ലക്ഷ്യം.

ക്രച്ചസിന്റെ സഹായമില്ലാതെ നടക്കാനായിരുന്നു ആദ്യപരിശീലനം. അത് വിജയം കണ്ടപ്പോൾ, പിന്നീട് സൈക്കിൾ ചവിട്ടാൻ തുടങ്ങി, ബൈക്ക്, ഫോർവീലർ എല്ലാം പഠിച്ചു. സ്വന്തമായി വരുമാനം ഇല്ല എന്നതായിരുന്നു പിന്നീടു നേരിട്ട വെല്ലുവിളി. അങ്ങനെയാണ് എം.ജി യൂണിവേഴ്സിറ്റിയിൽ കൗൺസിലിംങ് കോഴ്സ് പഠിക്കാൻ ചേർന്നത്. പതിയെ ആ രംഗം കീഴടക്കാൻ എനിക്കായി. ഇപ്പോൾ ഇപ്കായി (IPCAI- Institute for Person Centered Approaches in India)എന്ന സംഘടനയുടെ നാഷനൽ കോ– ഓഡിനേറ്റർ ആയി പ്രവർത്തിക്കുന്നു. കേരള സാമൂഹിക ക്ഷേമവകുപ്പിന്റെ 2014ലെ മികച്ച ഭിന്നശേഷി വിഭാഗം ജീവനക്കാർക്കുള്ള സംസ്ഥാന അവാർഡ് കിട്ടി. ഇപ്പോൾ കോട്ടയം ജില്ല കേന്ദ്രീകരിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതോ ഭിന്നശേഷിയുള്ളതോ ആയ 25 കുട്ടികളെ തെരഞ്ഞെടുത്ത് അഞ്ചുവർഷത്തേക്ക് പഠനസഹായങ്ങൾ ചെയ്യുന്ന ഇപ്കായിയുടെ ടീൻ ഇപ്കായി എന്ന പ്രൊജക്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഒരു നിമിഷം സംസാരം നിർത്തി, സദസ്സിനോടായി അനീഷ് തുടർന്നു. ഗാന്ധിജി പറഞ്ഞിട്ടില്ലേ എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന്. അതാണ് സത്യം. വീഴുന്നതല്ല പരാജയം, വീണിട്ട് എഴുന്നേൽക്കാതിരിക്കാൻ ശ്രമിക്കുന്നതാണ്. ഇനി പറയൂ, നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് തടയുന്ന ആ സ്റ്റംബ്ലിംഗ് ബ്ലോക്ക് എന്താണ്?

കടപ്പാട് : www.vanitha.in