കണ്ണുനനയാതെങ്ങനെ കാണും ഈ കാഴ്ച!

ഹോപ്പിനു വെള്ളം നൽകുന്ന അൻജ

വരണ്ടു കിടക്കുന്ന നൈജീരിയൻ മണ്ണിലൂടെ, അവിടത്തെ പൊടിയും കാറ്റും ശ്വസിച്ച് അൻജ റിൻഗ്റെൻ ലോവൻ എന്ന ഡാനിഷ് വനിത സഞ്ചരിക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നായി. അവരുടെ ഓരോ യാത്രയുടെയും ലക്ഷ്യം ഒന്നുതന്നെയാണ്–അലഞ്ഞു തിരിയുന്ന കുട്ടികളെ കണ്ടെത്തി സംരക്ഷിക്കുക. അൻജയുടെ ആഫ്രിക്കൻ ചിൽഡ്രൻസ് എയ്ഡ് എജ്യുക്കേഷൻ ആൻഡ് ഡെവലപ്മെന്റ് ഫൗണ്ടേഷനു കീഴിൽ ഇത്തരത്തിൽ ഒട്ടേറെ കുട്ടികളെ ഇതിനോടകം കണ്ടെത്തി സംരക്ഷണം നൽകിക്കഴിഞ്ഞു. നൈജീരിയൻ തെരുവുകളിൽ ഇതിനു മാത്രം അനാഥ കുരുന്നുകൾ എവിടെ നിന്നാണെന്ന സംശയം തോന്നാം. എന്നാൽ അവിടത്തെ ചില അന്ധവിശ്വാസങ്ങൾ മനസിലാക്കിയവർക്കറിയാം, ലോകത്ത് കുരുന്നുകൾ ഏറ്റവും പേടിയോടെ ജീവിക്കേണ്ടി വരുന്ന ഇടങ്ങളിലൊന്നാണത്. കാരണം മറ്റൊന്നുമല്ല, കുട്ടികളെ ചെകുത്താന്മാരായി കാണുന്ന ചില വിഭാഗക്കാരുണ്ട് രാജ്യത്ത്. ചില മതാചാര്യന്മാരാണ് ഇതിനു പിന്നിൽ. തങ്ങളുടെ വിശ്വാസത്തോടൊപ്പം ആഫ്രിക്കയുടെ ദുർമന്ത്രവാദവും കൂടി ചേർത്ത് അവർ പറഞ്ഞുഫലിപ്പിക്കുന്നു, ചില കുട്ടികളിൽ പിശാച് കൂടിയിട്ടുണ്ടെന്ന്. വീടിന്റെ ദോഷത്തിന് കാരണം അവരാണെന്നു കൂടി അറിയുന്നതോടെ പെറ്റിട്ട അമ്മയും നെഞ്ചിൻചൂടു പകരേണ്ട അച്ഛനും പോലും കുട്ടികളെ നിഷ്കരുണം തെരുവിലേക്ക് വലിച്ചെറിയുന്നു. അവർക്ക് യാതൊരുവിധ സംരക്ഷണവും കൊടുക്കരുതെന്നാണു വിശ്വാസം. വിശന്നുകരഞ്ഞാൽ ജനം ആ കുരുന്നിനു നേരെ കല്ലും മരക്കട്ടകളും വലിച്ചെറിയും. മാലിന്യക്കൂമ്പാരത്തിൽ നിന്നേ അവർക്ക് ഭക്ഷണം കഴിക്കാനാകൂ. വഴിയിൽ ഇവരെ കണ്ടാൽ ദു:ശ്ശകുനത്തിന്റെ പേരിൽ കിട്ടുന്ന തല്ല് വേറെ. ഇത്തരത്തിൽ ഭക്ഷണവും വെള്ളവും സംരക്ഷണവുമില്ലാതെ അലയുന്ന കുട്ടികൾക്കു വേണ്ടിയാണ് അൻജ തന്റെ ചാരിറ്റി ഫൗണ്ടേഷൻ ആരംഭിച്ചത്.

ഹോപ്പിനെ അന്‍ജയുടെ കയ്യിൽ കിട്ടിയപ്പോള്‍

ജനുവരി 31ന് പതിവുപോലുള്ള തന്റെ യാത്രയ്ക്കിടെയാണ് അൻജയുടെ കണ്ണുകളിൽ അവൻ പെടുന്നത്–വഴിയരികത്തെ മാലിന്യക്കൂമ്പാരത്തിനരികെ നായ്ക്കളോട് മല്ലിട്ട് ചീഞ്ഞളിഞ്ഞ ഭക്ഷണം വാരിത്തിന്നുന്ന ഒരു കുട്ടി. ഏകദേശം രണ്ടു വയസ്സുകാണും. നെഞ്ചൊട്ടി, വയറുന്തി, മേലാകെ വ്രണങ്ങളായി, മെലിഞ്ഞുണങ്ങിയ കൈകാലുകളോടെ ഒരു രൂപം. അടുത്തേക്ക് വിളിച്ച് കുപ്പിയിൽ വെള്ളം കൊടുത്തപ്പോൾ അത് കുടിക്കാൻ പോലും അശക്തനായിരുന്നു അവൻ. ബിസ്കറ്റും കൊടുത്തു. ക്ഷീണം കൊണ്ട് നിലത്തിരുന്നു പോയ ആ കുഞ്ഞിനെ കോരിയെടുത്ത് അൻജ കുളിപ്പിച്ചു, ഒരു കമ്പിളി കൊണ്ട് പുതപ്പിച്ചു, അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീടറിഞ്ഞു എട്ടുമാസമായി അവൻ ആ തെരുവിലൂടെ അങ്ങനെ അലയുന്നു. ആശുപത്രിയിലെത്തിച്ച് രണ്ടാഴ്ചയ്ക്കൊടുവിൽ ഒരു കൂട്ടം ചിത്രങ്ങൾ അൻജ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു–ആദ്യമായി ആ കുഞ്ഞിന് ഒരിറക്കു വെള്ളം കൊടുക്കുമ്പോൾ എടുത്ത ചിത്രങ്ങളായിരുന്നു അത്. അവയ്ക്കൊപ്പം ഏതാനും വാക്കുകളും–‘കഴിഞ്ഞ മൂന്നുവർഷമായി ഇത്തരം ഒരുപാട് കാഴ്ചകളായി ഞാൻ കാണുന്നു നൈജീരിയയിൽ. ആയിരക്കണക്കിന് കുട്ടികളെയാണ് പിശാചിന്റെ ജന്മമാണെന്നാരോപിച്ച് നിഷ്കരുണം തെരുവിലേക്ക് തള്ളിവിടുന്നത്. കുട്ടികളെ അതിദാരുണമായി മർദിക്കുന്ന കാഴ്ചകൾ, മരിച്ചുകിടക്കുന്ന കുട്ടികൾ, പേടിച്ചരണ്ട കുരുന്നുകൾ...ഈ ചിത്രങ്ങൾ പറയും എന്തുകൊണ്ടാണ് ഞാനിന്നും ഈ പോരാട്ടം തുടരുന്നതെന്ന്. എന്തുകൊണ്ടാണ് ഞാനെന്റെ സ്വന്തമായിട്ടുള്ളതെല്ലാം വിറ്റതെന്ന്, എന്തുകൊണ്ടാണ് ഞാൻ, ഭൂമിയിലെ അധികമാരും വരാനിഷ്ടമില്ലാത്ത ഒരിടത്തേക്ക് വരാൻ തീരുമാനിച്ചതെന്ന്...’ ലോകമൊന്നാകെ അൻജയുടെ ആ വാക്കുകൾക്കൊപ്പം കണ്ണുനനയിച്ചു.

ഹോപ്പിനെ അന്‍ജയുടെ കയ്യിൽ കിട്ടുന്നതിനു മുമ്പും ശേഷവും

രണ്ട് ദിവസങ്ങൾക്കു ശേഷം അൻജ ചില ഫോട്ടോകൾ കൂടി പോസ്റ്റ് ചെയ്തു. ചികിത്സയൊക്കെ നൽകി ആ കുഞ്ഞ് ജീവിതത്തിലേക്കു തിരിച്ചുവരുന്നു. അൻജയുടെ മകൻ ഒന്നരവയസ്സുകാരൻ ഡേവിഡിനൊപ്പം പുത്തനുടുപ്പൊക്കെയിട്ട് കളിക്കാനും തുടങ്ങിയത്രേ ആ മിടുക്കൻ. ഇപ്പോൾ സ്വയം ഭക്ഷണമൊക്കെ കഴിക്കാമെന്നായി. എന്നാലും പോഷകാഹാരക്കുറവും വിളർച്ചയുമെല്ലാം പ്രശ്നമാണ്. നൈജീരിയയിൽ ആവശ്യത്തിന് മെഡിക്കൽ സൗകര്യങ്ങളില്ലാത്തതും ബുദ്ധിമുട്ടാണ്. ഈ ചിത്രങ്ങളും കുറിപ്പും കണ്ട ലോകം പക്ഷേ വെറുതെ ഒപ്പം കരയുക മാത്രമായിരുന്നില്ല. 10 ലക്ഷം ഡോളറാണ് ഏതാനും ദിവസങ്ങൾക്കകം അൻജയുടെ ഫൗണ്ടേഷനു ലഭിച്ചത്. താൻ രക്ഷിച്ചെടുത്ത കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനുമെല്ലാം ആ പണം ധാരാളമാണ്. മാത്രവുമല്ല, കുട്ടികൾക്കു വേണ്ടി ഒരു ക്ലിനിക്കും നിർമാണം ആരംഭിച്ചു കഴിഞ്ഞു. ഇനിയും ഒട്ടേറെ കുട്ടികളെ രക്ഷിച്ചെടുക്കാനുള്ള ആത്മവിശ്വാസം കൂടിയാണ് ഈ പണത്തിലൂടെ ലോകം അൻജയ്ക്കു നൽകിയത്. തെരുവിൽ ഒരു കുരുന്നുപോലും അലയാനിടവരാത്ത ഒരു കാലത്തിന്റെ പ്രതീക്ഷയുമായാണ് അൻജയുടെ യാത്ര. പ്രതീക്ഷകളാണു ജീവിതം, അതിനാൽത്തന്നെ തന്റെ കുടുംബത്തിലേക്കെത്തിയ പുതിയ കുരുന്നിനും അവർ നൽകിയത് ആ പേരാണ്–ഹോപ്.