കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കാം; പ്രചോദനമായി ആമിർ

ആമിർ ഹുസൈൻ

ജീവിതത്തിൽ എപ്പോഴെങ്കിലും പ്രതീക്ഷകൾക്കെതിരായ വല്ലതും സംഭവിച്ചാൽ തകരുന്നവരാണ് ഭൂരിഭാഗം പേരും. എല്ലാ സാഹചര്യങ്ങൾ ഉണ്ടായിട്ടും സ്വപ്നങ്ങൾ സഫലീകരിക്കാൻ കഠിനാധ്വാനം ചെയ്യാത്തവരും ഏറെയാണ്. അവർക്കിടയിലെല്ലാം വ്യത്യസ്തനാവുകയാണ് ആമിർ ഹുസൈൻ എന്ന ഇരുപത്തിയാറുകാരൻ. കാശ്മീർ സ്വദേശിയായ ആമിറിന് ഇരുകൈകളും ഒരു അപകടത്തിൽ നഷ്ടപ്പെട്ടുവെങ്കിലും ജീവിതത്തിനു മുന്നിൽ കരുത്തോടെ മുന്നേറുകയാണ്. അസാമാന്യ കഴിവുകളുള്ള ആമിർ ഇരുകൈകളും ഇല്ലാതിരുന്നിട്ടും ഇന്നു പാരാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തു വരെ എത്തിയെന്നു കേട്ടാലോ? കേൾക്കാം ആമിറിന്റെ കഥ.

1997ല്‍ എട്ടു വയസുള്ളപ്പോഴാണ് ആമിറിന്റെ ജീവിതത്തിൽ ആ ദുരന്തം സംഭവിക്കുന്നത്. അച്ഛന്റെ സോമില്ലിലെത്തിയ ആമിർ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കൈകൾ രണ്ടും അബദ്ധവശാൽ മില്ലിലെ യന്ത്രത്തിനകത്തു പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആമിർ മൂന്നു വർഷത്തോളം ആശുപത്രി വാസത്തിലായിരുന്നു. ആമിറിന്റെ ചികിത്സാ ചിലവുകൾക്കു വേണ്ടി പിതാവ് അദ്ദേഹത്തിന്റെ തന്റെ ബിസിനസും ഭൂമിയുമെല്ലാം വിറ്റു. തു‌ടർന്നു വീ‌ട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ആമിർ സ്കൂളിൽ പോകാൻ ആരംഭിച്ചുവെങ്കിലും ആമിറിനു വേണ്ടത് അംഗവൈകല്യം ബാധിച്ച കുട്ടികൾക്കു വേണ്ടിയുള്ള സ്കൂളിലെ പഠനമാണെന്നായിരുന്നു അധ്യാപിക പറഞ്ഞത്. അവിടെയും ആമിറും വീട്ടുകാരും പതറാതെ മുന്നോട്ടു പോയി. ഇതിനെല്ലാം ഇടയില്‍ ക്രിക്കറ്റ് എന്നൊരു സ്വപ്നവും ആമിർ മനസിൽ കൊണ്ടു നടക്കുന്നുണ്ടായിരുന്നു. അതിനായി മനസും ശരീരവും അർപ്പിച്ചു. രണ്ടു കൈകളുമില്ലാത്ത ഒരാൾ എങ്ങനെ ക്രിക്കറ്റ് കളിക്കുമെന്നതായിരുന്നു എല്ലാവരുടെയും സംശയം. വലതുകാല്‍ കൊണ്ടു ബോൾ ചെയ്യാനും താടിയ്ക്കും തോളിനുമിടയിലായി ബാറ്റു വച്ച് സുഖമായി ബാറ്റിങും ചെയ്യാനും ആമിർ ചുരുങ്ങിയ കാലം കൊണ്ടു പഠിച്ചെടുത്തു. ക്യാച്ച് പിടിക്കാനും ബോൾ പാസ് ചെയ്യാനുമൊക്കെ വലതുകാൽ തന്നെ ഉപയോഗിക്കും

തനിക്കു സംഭവിച്ച ദുരന്തത്തോടെ തകർന്ന കുടുംബത്തെ മാനസികമായി ഉയിർത്തെഴുന്നേല്‍പ്പിക്കേണ്ട ചുമതല കൂടി ആമിറിന്റേതായിരുന്നു. എവിടെയും തോറ്റു പിന്മാറാതെ പോരാടി വിജയം നേടാൻ‍ പഠിച്ചു. ഇന്നു വസ്ത്രങ്ങൾ അലക്കാനും ഭക്ഷണം സ്വയം കഴിക്കാനുമെല്ലാം ആമിറിന് ആരുടെയും സഹായം വേണ്ട. മാത്രമോ കാശ്മീരിലെ പാരാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയാണ് ഇരുപത്തിയാറുകാരനായ ആമിർ ഇന്ന്. പരിമിതമായ ജീവിത സാഹചര്യങ്ങൾക്കിടയിലും തന്റെ ഇഷ്ടത്തിനു വേണ്ടി പതറാതെ പോരാ‌ടിയ ആമിറിനു നൽകാം ഒരു ബിഗ് സല്യൂട്ട്...