ആർത്തവത്തെ സ്നേഹിച്ച പുരുഷൻ

അരുണാചലം

ആർത്തവം, ഇന്ത്യയുടെ പലഭാഗങ്ങളിലും ഇന്നും മുഖം ചുളിച്ചു മാത്രം പറയുകയും കേൾക്കുകയും ചെയ്യുന്ന പദം. സ്ത്രീത്വത്തിന്റെ പൂർണ്ണതയും മാതൃത്വത്തിന്റെ മുന്നോരുക്കവുമാണ്‌ ആർത്തവം. എന്നിട്ടും, ആർത്തവമുള്ള സ്ത്രീ പലപ്പോഴും അശുദ്ധിയുടെ പര്യായമാകുന്നു. ആർത്തവത്തിന്റെ പേരിൽ സ്ത്രീയെ ദേവാലയങ്ങളിൽ നിന്നും അടുക്കളയിൽ നിന്നും മാറ്റി നിർത്തുന്ന പ്രവണത ഇന്നും വ്യാപകം. ആർത്തവത്തെക്കുറിച്ച് പുരുഷന്മാർ അറിയേണ്ടതില്ല എന്ന് വിശ്വസിക്കുന്ന സമൂഹവും ധാരാളം. ആർത്തവം സ്ത്രീകൾക്കിടയിൽ മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാക്കി ചുരുക്കുമ്പോൾ, ആർത്തവകാല ശുചിത്വത്തെക്കുറിച്ച് ഇവരിൽ എത്രപേർക്ക് ധാരണയുണ്ട്?

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് , ലോകത്തിൽ ആർത്തവ ശുചിത്വം ഏറ്റവും കുറവ് ഉള്ള സ്ഥലങ്ങളിൽ മുൻപന്തിയിലാണ് ചില ഇന്ത്യ ഗ്രാമങ്ങൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തമിഴ്നാട്ടിലേയും ആന്ധ്രയിലേയും മറ്റും ഈ ഉൾനാടൻ ഗ്രാമങ്ങളിൽ പലപ്പോഴും ആർത്തവ ശുചിത്വം പാഴ്വാക്കാകുന്നു. സാനിട്ടറി നാപ്കിനുകൾ എന്തെന്തുപോലും അറിയാത്ത സ്ത്രീകൾ ഇവിടെ ഇന്നും ജീവിക്കുന്നു. ഇതിനായി പണം നഷ്ടപ്പെടുത്താൻ ഇല്ലാത്തതിനാൽ ചിലർ പഴന്തുണിയിൽ അഭയം തേടുന്നു. ആർത്തവകാലത്ത് രക്തസ്രാവം തടയുന്നതിനായി ഇലകളും മണ്ണ് നിറച്ച തുണിയും ഉപയോഗിക്കുന്നവരും ഉണ്ട് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി വേണ്ട. ഇന്ത്യയിലെ വെറും 12 ശതമാനം സ്ത്രീകള്‍ മാത്രമാണ് ആര്‍ത്തവ സമയത്ത് സാനിട്ടറി നാപ്കിനുകള്‍ ഉപയോഗിക്കുന്നത്. പ്രതിവർഷം 40 ശതമാനത്തിനു മുകളിൽ ഗ്രാമീണ സ്ത്രീകളാണ് ഇവിടെ ഗർഭാശയ കാൻസറിനെ തുടർന്ന് മരിക്കുന്നത്. ഇതിന്റെ പ്രധാനകാരണങ്ങളിൽ ഒന്നായി ചൂണ്ടി കാണിക്കുന്നത് ആർത്തവശുചിത്വമില്ലയ്മയെ കൂടിയാണ്.

ഇത്തരം ഒരു അവസ്ഥ ഇന്ത്യയിൽ നിലനിൽക്കുമ്പോൾ, സ്ത്രീകളെ ആർത്തവ ശുചിത്വത്തെക്കുറിച്ചും സാനിട്ടറി നാപ്കിന്റെ ആവശ്യകതയെ കുറിച്ചും ബോധവതികളാക്കാൻ ഒരു പുരുഷൻ വേണ്ടി വന്നു. കോയമ്പത്തൂർ സ്വദേശിയായ അരുണാചലം മുരുകാനന്ദം എന്ന ഈ യുവാവ് ഇടുങ്ങിയ ആർത്തവകാല ചിന്തകളിൽ നിന്നും സ്ത്രീകളെ മോചിപ്പിക്കുവാനും ചെലവുകുറഞ്ഞതും എന്നാൽ, ആരോഗ്യകരവുമായ സാനിട്ടറി നാപ്കിൻ അവർക്കായി നിർമ്മിക്കുന്നതിനുമായി അനുഭവിച്ച യാതനകൾ ചെറുതൊന്നുമല്ല. ഒരു വിധത്തിൽ പറഞ്ഞാൽ, ഇന്ത്യയിൽ ആദ്യമായി ഒരു സാനിട്ടറി നാപ്കിൻ വിപ്ലവത്തിന് ചുക്കാൻ പിടിച്ചത് അരുണാചലം ആണെന്ന് പറയാം.

ആർത്തവം ഒരു സ്ത്രീയുടെ ജീവിതത്തിലെ മനോഹരമായ സമയമാണെന്ന് വിശ്വസിക്കുന്ന അരുണാചലത്തിന്റെ കഥയിങ്ങനെ...... സാമ്പത്തിക പ്രാരബ്ധം നിമിത്തം സ്കൂൾ കാലഘട്ടത്തിൽ തന്നെ പഠിത്തം ഉപേക്ഷിച്ച് മെക്കാനിക്ക് ആയി ജീവിതമാരഭിച്ച അരുണാചലം കോയമ്പത്തൂരിൽ സ്വന്തമായി ഒരു വർക്ക്‌ഷോപ്പ് നടത്തി തന്റെ ഭാര്യക്കും മക്കൾക്കുമൊപ്പം സ്വസ്ഥമായി കഴിയുകയായിരുന്നു. വർഷം 1998, ആ വർഷമാണ്‌ അദ്ദേഹത്തിന്റെ ജീവിതത്തിലെ തന്നെ വഴിത്തിരിവായ സംഭവം ഉണ്ടാകുന്നത്. കോയമ്പത്തൂരിലെ ഒറ്റമുറി വീട്ടില്‍ ടി വി കണ്ടു കൊണ്ടിരിക്കുകയായിരുന്ന അരുണാചലത്തെ കാണിക്കാതെ, എന്തോ വസ്തു ഭാര്യ മറച്ചു പിടിച്ച് കൊണ്ട് പോകുന്നത് അദ്ദേഹം കണ്ടു, ചോദിച്ചപ്പോൾ ഇത് ആണുങ്ങൾ അറിയേണ്ട കാര്യമല്ലെന്ന് മറുപടി. കൂടുതൽ ശ്രദ്ധിച്ചപ്പോൾ ഭാര്യയുടെ കയ്യിൽ പഴന്തുണിയാണെന്നും ആർത്തവകാലത്ത് ഉപയോഗിക്കാനാണ് എന്നും മനസിലായി.

തന്റെ മിതമായ അറിവ് വച്ച്, അദ്ദേഹം ഭാര്യയോട് പറഞ്ഞു, ഈ സമയത്ത് പഴന്തുണിയല്ല നാപ്കിൻ ആണ് ഉപയോഗിക്കേണ്ടത്. ഇത് കേട്ട ഭാര്യ ദേഷ്യത്തോടെ താനും പരസ്യം കാണാറുണ്ട് കാര്യങ്ങൾ അറിയുകയും ചെയ്യാം , എന്നാൽ വീട്ടിലെ സ്ത്രീകൾ എല്ലാവരും നാപ്കിൻ വാങ്ങാൻ തുടങ്ങിയാൽ വീട്ടിലെ പാലിന്റെ ബജറ്റ് തകരുമെന്ന് പറഞ്ഞു. ഇത് അരുണാചലത്തിനു വലിയൊരു ആഘാതമാണ് സമ്മാനിച്ചത്. അയാൾ ഭാര്യയോട് കൂടുതൽ അന്വേഷിച്ചപ്പോൾ, പുതൂർ എന്ന ആ ഗ്രാമത്തിൽ നാപ്കിൻ ഉപയോഗിക്കുന്നവരായി ആരും തന്നെ ഇല്ലെന്നു മനസിലായി. ഇതിലൂടെ തകരുന്നത് സ്വന്തം ആരോഗ്യമാണ് എന്ന് ഭാര്യയെയും വീട്ടിലെ മറ്റു സ്ത്രീകളെയും പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചപ്പോൾ പരാജയമായിരുന്നു ഫലം. ഇത് പുരുഷന്മാർ ഇടപെടേണ്ട കാര്യമല്ലെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞു മാറി.

വിലകുറഞ്ഞ നാപ്കിനുകൾ എവിടെ കിട്ടും?

ചുരുങ്ങിയ ചെലവിൽ നാപ്കിനുകൾ ലഭ്യമാകാതെ സ്ത്രീകളെ സാനിട്ടറി നാപ്കിന്റെ ഉപഭോക്താക്കളാക്കാൻ കഴിയില്ലെന്ന് അരുണാചലത്തിനു മനസിലായി. എന്നാൽ വിലകുറഞ്ഞ നപ്കിനുകളുടെ നിർമ്മാണം അത്ര എളുപ്പമായിരുന്നില്ല. ഇതിനായി , അദ്ദേഹം വിവിധ യൂണിറ്റുകൾ സന്ദർശിച്ചു. പരീക്ഷണങ്ങളുടെ ആദ്യഭാഗമായി പലവിധത്തിലുള്ള നാപ്കിനുകള്‍ വാങ്ങി പരിശോധിച്ചു. വിദ്യാഭ്യാസത്തിന്റെ പരിമിതി അദ്ദേഹത്തെ നല്ല പോലെ വലച്ചു. വീട്ടിലുള്ളവർ അദ്ദേഹത്തിനു ഭ്രാന്താണ് എന്ന് കളിയാക്കി. എന്നാൽ അരുണാചലം പിന്തിരിഞ്ഞില്ല.

ഒടുവിൽ ഏറെ നാളത്തെ പരീക്ഷണങ്ങൾക്ക് ശേഷം, അരുണാചലം സ്വന്തമായി ഒരു നാപ്കിൻ വികസിപ്പിച്ചു. അത് ഭാര്യക്ക് ഉപയോഗിക്കാൻ നൽകിയ അദ്ദേഹത്തിനു കിട്ടിയത് ''ജീവിതത്തിൽ താൻ ഉപയോഗിച്ച ഏറ്റവും മോശപ്പെട്ട നാപ്കിൻ എന്ന കമന്റാണ്'' . എന്നാൽ ഇത് വക വയ്ക്കാതെ അരുണാചലം വീണ്ടും പരീക്ഷണം തുടർന്നു. പാഡ് ഉണ്ടാക്കുന്നതിനു ആവശ്യമായ അസംസ്കൃത വസ്തുക്കൾക്കായി ജോലി പോലും ഉപേക്ഷിച്ച് ഒരുപാട് സഞ്ചരിച്ചു. ഇത് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കി. ഭാര്യയും സഹോദരിമാരും നാപ്കിൻ പരീക്ഷണങ്ങൾക്ക് എതിര് നിന്നു.

പരീക്ഷണങ്ങൾ കടുക്കുന്നു...

20 ലക്ഷം രൂപയാണ് നാപ്കിൻ ഉത്പാദിപ്പിക്കുന്ന ഒരു മെഷീന്റെ വില. മാത്രമല്ല, അസംസ്കൃത വസ്തുക്കൾക്ക് തീപിടിച്ച വിലയും. അപ്പോൾ പിന്നെ കുറഞ്ഞ ചെലവിൽ എങ്ങനെ നാപ്കിൻ ഉത്പാദിപ്പിക്കും ? വീട്ടിൽ നിന്നും എതിർപ്പുകൾ മാത്രം , എങ്കിലും അരുണാചലം പരീക്ഷണങ്ങൾ തുടർന്നു. പരീക്ഷണങ്ങൾക്കായി രക്തസ്രാവത്തിന്റെ ഇടവേള , അളവ് എന്നിവ അറിയണമായിരുന്നു. ഇതിനായി ഉപയോഗിച്ച നാപ്കിനുകൾ ആവശ്യമായി വന്നു. ഭാര്യ, ശാന്തി എതിര്‍ത്തതോടെ വീട്ടിലെ മറ്റു സ്ത്രീകളും പിന്മാറി.

ഇതോടെ അരുണാചലം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളെജിലെ ചില വിദ്യാര്‍ത്ഥികളുടെ സേവനം തേടി. അവർക്ക് ഒരു പോളിത്തീൻ ബാഗ്‌ വാങ്ങി നൽകി ഉപയോഗിച്ച നാപ്കിനുകൾ ശേഖരിച്ചു. രാത്രിയിൽ ഇരുട്ടിന്റെ മറവിൽ തൂവാലകൊണ്ട്‌ മൂക്ക് പൊത്തി നാപ്കിനുകൾ പരിശോധിക്കുന്ന മകന്റെ ദൃശ്യം വൃദ്ധയായ അമ്മക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവർ മകനെ ശപിച്ചു കൊണ്ട് വീട് വിട്ടിറങ്ങി. ഇതിനിടയിൽ പരസ്ത്രീബന്ധം ആരോപിച്ച് ഭാര്യ വീട് വിട്ടിറങ്ങിപ്പോയി. പക്ഷെ ഇതുകൊണ്ടൊന്നും അരുണാചലം പിന്തിരിഞ്ഞില്ല. അദ്ദേഹം തന്റെ പരീക്ഷണങ്ങൾ തുടർന്നു.

പാഡ് ധരിച്ച പുരുഷൻ

രക്ത സ്രാവത്തിന്റെ അളവും ഇടവേളയും നേരിട്ടറിയാൻ വേറെ വഴികള ഒന്നും ഇല്ലാതിരുന്നതിനാൽ അരുണാചലം, ഒരു ഫുട്ബോൾ ബ്ലാടറിൽ ആടിന്റെ ചോര നിറച്ച് അത് ഒരു ട്യൂബുമായി ബന്ധിപ്പിച്ച് തന്റെ ശരീരത്തിൽ കെട്ടി വച്ചു. നടക്കുന്നതിനും ഓടുന്നതിനും സൈക്കിൾ ചവിട്ടുന്നതിനും അനുസരിച്ച് രക്തം പുറത്തു വരാൻ തുടങ്ങി. താൻ നിർമ്മിച്ച നാപ്കിനുകളുടെ ഗുണമേന്മ പരീക്ഷിക്കുന്നതിനു കൂടി വേണ്ടിയായിരുന്നു ഈ പരീക്ഷണം. ഇതിനായി അദ്ദേഹം നാപ്കിനുകൾ ധരിച്ചു. അക്കാലത്ത് , ഗ്രാമത്തിലെ എല്ലാവരും വസ്ത്രം കഴുകുന്നത് ഒരു വലിയ കുളത്തിന്റെ കരയിലാണ്. രക്തം പുരണ്ട അടിവസ്ത്രങ്ങൾ കഴുകാനെത്തിയ അരുണാചലത്തിനു ലൈംഗീകരോഗമാണ് എന്ന് നാട്ടുകാർ വിധിയെഴുതി . ഇങ്ങനെ വീട്ടിലും നാട്ടിലും അയാൾ ഒറ്റപ്പെട്ടു.

തന്റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ കാലഘട്ടമായിരുന്നു അതെന്നു പറയുന്നു അരുണാചലം. എന്നാൽ ആ സമയത്ത് ജീവിതത്തിൽ പലതും നേടാനും കഴിഞ്ഞു . പാഡ് ഉണ്ടാക്കുന്നതിനാവശ്യമായ വസ്തുക്കൾ കാനഡയിൽ നിന്നും ഇറക്കുമതി ചെയ്യേണ്ടി വന്നു. ഇതിനായി ഇംഗ്ലീഷ് പഠിച്ചു.

പരീക്ഷണങ്ങൾ വിജയത്തിലേക്ക്

ഏകദേശം 6 വർഷമാണ്‌ വിലകുറഞ്ഞ സാനിട്ടറി നാപ്കിനുകൾ ഉണ്ടാക്കുക എന്ന ലക്‌ഷ്യം യാദാർത്യമാക്കാൻ അരുണാചലം ചെലവഴിച്ചത്‌. ഇതിനായി മദ്രാസ് IIT യിലെ വിദഗ്ധരുമായി, ടെക്‌നോളജിയെപ്പറ്റിയും മെറ്റീരിയലിനെക്കുറിച്ചും വിശദമായി പഠനം നടത്തി. ഒടുവിൽ 20-25 ലക്ഷം രൂപ വരുന്ന മെഷീനുകൾക്ക് പകരമായി 80000 രൂപ മാത്രം മുതൽ മുടക്കിൽ അദ്ദേഹം ഒരു മെഷീൻ നിർമ്മിച്ചു. ഒരു നാപ്കിന് ഒ20 പൈസ മാത്രമാണ് നിർമ്മാണ ചെലവ്. രാശി എന്ന പേരിലാണ് അരുണാചലം തന്റെ നാപ്കിനുകൾ വിപണിയിൽ എത്തിച്ചത്.

''100% ആർത്തവശുചിത്വം പാലിക്കുന്ന ഇന്ത്യ അതാണ്‌ എന്റെ സ്വപ്നം. അതിനു വേണ്ടിയായിരുന്നു. ഊണും ഉറക്കവും കുടുംബ സുഖവും മറന്നു ഞാൻ പ്രവർത്തിച്ചത്.'' അരുണാചലം പറയുന്നു.
ഇത് വരെ കേട്ടത് പഴങ്കഥ മാത്രം
ഇതുകൊണ്ടൊന്നും തീർന്നില്ല കാര്യങ്ങൾ. 2005 ല്‍ ജയശ്രീ ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ നാപികിനുകൾ നിര്മ്മിക്കുന്നതിനായി ഒരു സ്ഥാപനം ആരംഭിച്ചു. ആ വര്‍ഷം തന്നെ രാജ്യത്തെ ഏറ്റവും മികച്ച ഗവേഷക കണ്ടുപിടുത്തത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഇദ്ദേഹത്തെത്തേടിയെത്തി. ഇന്ന് ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി 700ല്‍പ്പരം യൂണിറ്റുകളുള്ള ബൃഹത് സംരംഭമായി ജയശ്രീ ഇന്‍ഡസ്ട്രീസ് മാറിക്കഴിഞ്ഞു. മാത്രമല്ല, ഇന്ത്യക്ക് പുറത്തു നിന്നു പോലും രാശി നാപ്കിനുകളുടെ നിർമ്മാണം പഠിക്കുന്നതിനായി ആളുകൾ എത്തുന്നു.
ഇത് ലോകത്തിനു വേണ്ടിയുള്ള തന്റെ കടുപിടുത്തമായതിനാൽ, താൽപര്യമുള്ള ആർക്കും നാപ്കിൻ നിർമ്മാണം ആരംഭിക്കുന്നതിനു ആവശ്യമായ പരിശീലനവും മെഷീനും അരുണാചലം നൽകുന്നു. അത് കൊണ്ട് തന്നെ, തന്റെ കണ്ടു പിടുത്തത്തിനു അദ്ദേഹം പേറ്റന്റ് പോലുമെടുത്തിട്ടില്ല. തനിക്കു ലഭിക്കുന്ന ലാഭത്തിന്റെ 70ശതമാനവും സ്ത്രീകളുടെ ആരോഗ്യവികസനത്തിനായാണ് ചെലവഴിക്കുന്നത്. പ്രതിവർഷം 20-25 കോടി രൂപയുടെ ലാഭവും തനിക്ക് ലഭിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. പ്രവര്‍ത്തികള്‍ ലക്ഷ്യം കണ്ടതോടെ ഭാര്യയും അമ്മയും തിരിച്ചെത്തി. ഇന്ന് രാശി എന്ന ലോ - കോസ്റ്റ് നാപ്കിൻ ബ്രാൻഡ്‌ ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം, സ്ത്രീശാക്തീകരണം കൂടി അരുണാചലം നടപ്പിലാക്കുന്നു.
2025 ഓടെ 10000 യൂണിറ്റുകള്‍ സ്ഥാപിച്ച് ഇന്ത്യന്‍ സ്ത്രീ സമൂഹത്തെ 100% ആര്‍ത്തവശുചിത്വ സമ്പന്നമാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഇതിനോടകം 2000 ല പരം മെഷീനുകൾ ജനങ്ങളിലേക്ക് എത്തിച്ചു കഴിഞ്ഞു. എന്നാൽ , കേരളം പോലെ മെറ്റീരിയലിസ്റ്റിക്ക് ആയ ഒരു സ്ഥലത്ത് മാർക്കറ്റ് കണ്ടെത്താൻ രാശിക്ക് ആവില്ല എന്ന് അരുണാചലം പറയുന്നു. ജയശ്രീ ഇന്ടസ്ട്രീസ് വന്നതോടെ പുതൂർ എന്ന തന്റെ ഗ്രാമത്തിലെ ഭൂരിഭാഗം സ്ത്രീകൾക്കും തൊഴില നല്കാനായി എന്നത് അദ്ദേഹത്തിന്റെ മറ്റൊരു സ്വകാര്യ സന്തോഷം.

ഇപ്പോൾ , ഐ ഐ എമ്മിന്റെ വിസിറ്റിംഗ് ഫാക്കൽറ്റി കൂടിയാണ് മുരുകാനന്ദം. ഇതിനിടയിൽ നേടിയെത്തിയത് നിരവധി അവാർഡുകൾ. ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി സെമിനാറുകളും വർക്ക്ഷോപ്പുകളും നടത്തുന്നു. പാനസോണിക് തന്റെ ആസ്ഥാനത്ത് വിളിച്ചു വരുത്തി അഭിനന്ദിച്ചു. ഡൽഹിയിൽ തന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുവാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ആർത്തവവും ആർത്തവശുചിത്വവും ഒരു ചെറിയ കാര്യമല്ല എന്ന് തന്റെ ജീവിതം കൊണ്ട് തെളിച്ചിരിക്കുകയാണ് അരുണാചലം. സ്ത്രീകളുടെ ആരോഗ്യത്തെ മുൻനിർത്തി നമുക്കും , അരുണാചലത്തിന്റെ നേതൃത്വത്തിലുള്ള സാനിട്ടറി നാപ്കിൻ വിപ്ലവത്തിന് കൈകോർക്കാം.