അഷ്കർ-ഫസ്ന ദമ്പതികൾ മെയ്ഡ് ഫോർ ഈച്ച് അദർ വിജയികൾ...

അഷ്കർ അലി ഖാന്‍-ഫസ്ന ദമ്പതികൾ മഴവിൽ മനോരമയിലെ മെയ്ഡ് ഫോർ ഈച്ച് അദർ റിയാലിറ്റി ഷോയിലെ ജേതാക്കൾ. അസറ്റ് ഹോംസ് നൽകുന്ന ഒരു കോടി രൂപയുടെ ഫ്ലാറ്റാണ് ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക. മലേഷ്യൻ കാഴ്ച്ചകളുടെ മനോഹര പശ്ചാത്തലത്തിൽ ദമ്പതികളുടെ പ്രണയവും പൊരുത്തവും മാറ്റുരച്ച മൽസരത്തിൽ വിജയ കിരീടം ചൂടി അഷ്കർ ഫസ്ന ദമ്പതികൾ. ആദ്യ വിവാഹ വാര്‍ഷികം ഇവർക്ക് കടവന്ത്രയലെ സ്വന്തം ഫ്ലാറ്റിൽ ഇരുന്ന് ആഘോഷിക്കാം.

ഏഴ് ദമ്പതിമാർ പങ്കെടുത്ത ഗ്രാന്‍ഡ് ഫിനാലെ മത്സരത്തില്‍ സുധീഷ് ചന്ദ്രന്‍ , വിഷ്ണുപ്രിയ ദന്പതികള്‍ക്കാണ് രണ്ടാം സ്ഥാനം. പവിത്രം നല്ലെണ്ണ നല്‍കിയ 30 ലക്ഷം രൂപ ഇവര്‍ക്ക് ലഭിച്ചു. ഷിനാര്‍ഡ് ഷാരോണ്‍ , നികിത ഷാജി തോമസ് ദമ്പതികള്‍ക്കാണ് മൂന്നാം സ്ഥാനം. ഹിന ഹെയര്‍ ഒായില്‍ നല്‍കിയ 15 ലക്ഷം രൂപയാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്.

പൂര്‍ണ്ണമായും മലേഷ്യയില്‍ ചിത്രീകരിച്ച മെയ്ഡ് ഫോര്‍ ഇൗച്ച് അദര്‍ റിയാലിറ്റി ഷോയില്‍ 12 ദമ്പതികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. പ്രശസ്ത ചലച്ചിത്രതാരം അഭിരാമി അവതാരകയായ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ ഇൗസ്റ്റേണ്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ഹെഡ് ബിജു ജോബ്, ജോയ് ആലുക്കാസ് ജ്യുവലറി മലേഷ്യ മാനേജര്‍ പി.വി. ഫ്രാന്‍സി, അസെറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ , പവിത്രം നല്ലെണ്ണ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് റഫീഖ്, വെല്‍ഡേ ഇന്‍റഗ്രേഷന്‍സ് പ്രൈ. ലി. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാഫി എന്നിവര്‍ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണംചെയ്തു.