നന്മ നിറഞ്ഞവന്‍ ഈ ഓട്ടോക്കാരൻ

ഓട്ടോ ഡ്രൈവർ അനിൽ കുമാർ പോലീസ് കോൺസ്റ്റബിൾക്കൊപ്പം കാണാതായ കുട്ടിയെ വീട്ടിലെത്തിക്കുന്നു

പലപ്പോഴും നഗരങ്ങളിൽ അങ്ങിങ്ങായി ഒറ്റയ്ക്ക് അലഞ്ഞു തിരിയുന്ന കുട്ടികളെ നാം കണ്ടിട്ടുണ്ടാകും. സഹതാപത്തോടെ ഒരു നോട്ടം നൽകി തിരിഞ്ഞു നടക്കാതെ അരികിലെത്തി കാര്യങ്ങൾ അന്വേഷിച്ചവർ എത്രപേരുണ്ടാകും? ആ കുട്ടികളെ ഉത്തരവാദിത്തപ്പെട്ട കരങ്ങളിലെത്തിക്കാൻ പ്രയത്നിച്ചവരോ? വിരലിലെണ്ണാവുന്നതേ കാണൂ. കാരണം മിക്കവർക്കും വലുത് അവനവന്റെ കാര്യങ്ങളാണ്. സ്വാർഥ താൽപര്യങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയ്ക്ക് വഴിയരികിൽ അപകടം കണ്ടാലോ കാണാതെ അലയുന്ന പിഞ്ചുകുഞ്ഞുങ്ങളെ കണ്ടാലോ അന്വേഷിക്കാൻ സമയമെവിടെ? പക്ഷേ ഡൽഹി സ്വദേശിയായ അനിൽ കുമാർ എന്ന ഓട്ടോ ഡ്രൈവർക്ക് ഒരിക്കലും ഇത്തരം സാഹചര്യങ്ങളോടു കണ്ണടയ്ക്കാനാവില്ല. തെരുവുകളിൽ അലയുന്ന കുട്ടികളെ അവരുടെ വീടുകളിൽ എത്തിച്ചതിനു ശേഷം മാത്രമേ അനിൽ കുമാർ തന്റെ കാര്യം നോക്കൂ.

രാവിലെ എട്ടുമണിയോടെ അനിൽ കുമാർ തന്റെ ജോലി ആരംഭിക്കും. ഓട്ടോറിക്ഷയുമെടുത്ത് നഗരം മുഴുവൻ ചുറ്റിക്കറങ്ങി യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേത്തെത്തിക്കും. ഇതിനൊപ്പമാണ് കാണാതായ കുട്ടികളെ കണ്ടെത്താൻ വീട്ടുകാരെ സഹായിക്കുന്നത്. അനിൽ കുമാർ താൻ പോകുന്ന യാത്രകളിലെല്ലാം തെരുവോരങ്ങളിൽ അലഞ്ഞു തിരിയുന്ന കുട്ടികളുണ്ടോയെന്നു നോക്കും. എവിടെയെങ്കിലും അത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തിയാൽ അവിടെ തന്നെ വാഹനം നിർത്തി കുട്ടിയോടു വിവരങ്ങൾ തിരക്കും. വഴിതെറ്റി വന്നതോ കാണാതായ കുട്ടികളോ ആണെന്നു മനസിലായാൽ പിന്നെ ആ കുട്ടിയെ വീട്ടിലെത്തിച്ചതിനു ശേഷമേ അനിലിനു വിശ്രമമുള്ളു. ഇതിനു വേണ്ടി പോലീസിൽ നിന്നുള്ള സഹായവും അനിലിനുണ്ട്. സ്ഥലത്തെവിടെയെങ്കിലും കുട്ടികളെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അനിലിന്റേതായ വഴിയിലും അന്വേഷണം നടക്കും.

ആകസ്മികമായാണ് തുടങ്ങിയതെങ്കിലും ഇന്നിതു തന്റെ ഉത്തരവാദിത്തമായാണ് അനിൽ കാണുന്നത്. മാസങ്ങൾക്കു മുമ്പാണ് ഒരു എട്ടുവയസുകാരനെ നെഹ്റു പാലസിനു സമീപത്തു വച്ചു അലഞ്ഞു തിരിയുന്നതു കണ്ടത്. കുട്ടിയു‌െ‌ട കരച്ചിൽ കണ്ടപ്പോൾ തന്നെ അവനെ കാണാതായതാണെന്നു മനസിലായിരുന്നു. എങ്ങനെയാണ് ഇവിടെയെത്തിയതെന്ന് അന്വേഷിച്ചപ്പോൾ ബസിൽ കയറി സ്ഥലംമാറി ഇറങ്ങിയതാണെന്നായിരുന്നു മറുപടി ലഭിച്ചത്. അങ്ങനെ കുട്ടിയോടു വീട്ടുകാരുടെ നമ്പർ ചോദിക്കുകയും വീട്ടിലേക്കു വിളിച്ചു കാര്യം പറയുകയുമായിരുന്നു. അന്നു ആ കുട്ടിയെ വീട്ടിലെത്തിച്ച നിമിഷം മാതാപിതാക്കളുടെ സന്തോഷം തന്ന സംതൃപ്തി ചെറുതല്ല. അന്നുതൊട്ട് ഒറ്റയ്ക്കു നടക്കുന്ന കുട്ടികളെ ശ്രദ്ധയിൽപ്പെട്ടാൽ അപ്പോൾ തന്നെ അവരുടെ അരികിലെത്തി കാര്യങ്ങൾ അന്വേഷിക്കും.

കഴിഞ്ഞ മെയിലും ഉണ്ടായി ഇത്തരത്തിലൊരു സംഭവം. അന്നു ദേശബന്ധു കോളേജിനു സമീപത്തുവച്ച് ഒരു നാലുവയസുകാരൻ തനിച്ചിരുന്നു കരയുന്നതു കണ്ടത്. കുട്ടിയുടെ അരികിലെത്തി കാര്യങ്ങൾ അന്വേഷിച്ചെങ്കിലും അവൻ സംസാരിക്കാൻ തന്നെ കൂട്ടാക്കിയില്ല. അങ്ങനെ അവനു ജ്യൂസ് ഒക്കെ വാങ്ങിക്കൊടുത്ത് പതുക്കെ വീട്ടുകാരെക്കുറിച്ചൊക്കെ ചോദിച്ചു. പല സ്ഥലങ്ങളിലും കുട്ടിയെക്കൊണ്ടുപോയി തിരക്കിയെങ്കിലും അവനെ അറിയുന്നവരെ കണ്ടില്ല. വൈകാതെ പോലീസിലും വിവരമറിയിച്ചു. പിന്നീടു കോൺസ്റ്റബിളും താനും ചേർന്നാണു കുട്ടിയെയുംകൊണ്ട് അലഞ്ഞത്. വൈകാതെ കുട്ടിയെ ഒരാൾ തിരിച്ചറിയുകയും അവന്റെ വീട്ടിലേക്ക് തങ്ങളെ എത്തിക്കുകയുമായിരുന്നു.

കുട്ടികളെ ചുറ്റിപ്പറ്റി ഇന്നു നടക്കുന്ന കുറ്റകൃത്യങ്ങൾ കേൾക്കുമ്പോൾ ഭയം തോന്നുകയാണ്. നഗരത്തെ സുരക്ഷിതയാക്കുന്നതിന്റെ ഉത്തരവാദിത്തം ഇവിടുത്തെ പൗരന്മാർക്കുമുണ്ട്. അസാധാരണമായ ഒരു കാര്യവും ഞാൻ ചെയ്യുന്നില്ല. ഞാൻ എന്റെ കർത്തവ്യമാണു ചെയ്യുന്നത്. ആറും പതിനൊന്നും വയസുള്ള എന്റെ രണ്ടു മക്കളെപ്പോലെ തന്നെയാണ് തെരുവോരങ്ങളിൽ അലഞ്ഞു തിരിയുന്ന ഓരോ കുട്ടികളെയും ഞാൻ കാണുന്നത്- അനിൽ പറയുന്നു. ഞാൻ, എന്റെ ലോകം എന്ന ചിന്തകൾ മാത്രം പേറി നടക്കുന്നവർ അനിലിനെപ്പോലുള്ളവരെ കണ്ടുപഠിക്കേണ്ടതാണ്.