കയ്യുടെ ഭാരം 20 കിലോ, ദുരിതജീവിതം പേറി യുവാവ് !

ബബ്‌ലു പാഷി

ചിലരുണ്ട്, ജീവിതം എത്ര തന്നെ തോല്‍പിക്കാൻ ശ്രമിച്ചാലും ഒരിഞ്ചുപോലും പിന്നോട്ടു പോകാതെ ധീരതയോടെ മുന്നേറുന്നവർ. ലക്ഷ്യത്തിലെത്താൻ തങ്ങളുടെ ഇല്ലായ്മകളും കുറവുകളുമൊന്നും അവർക്കൊരിക്കലും പ്രശ്നമാകില്ല. അത്തരത്തിലൊരാളാണ് അലഹാബാദ് സ്വദേശിയായ ബബ്‌ലു പാഷി. തന്റെ ശാരീരികമായ വൈകല്യങ്ങൾ മൂലം സ്വന്തം നാട്ടിൽ നിന്നുവരെ പുറത്താക്കപ്പെട്ടെങ്കിലും ഇന്നു ബബ്‌ലു ജീവിക്കുന്നത് എന്നെങ്കിലും താൻ ആരോഗ്യവാനാകുമെന്ന പ്രതീക്ഷയിലാണ്. ഇരുപത്തിയഞ്ചുകാരനായ ഈ യുവാവ് വ്യത്യസ്തമായ രോഗപ്രശ്നം മൂലം ദുരിതം പേറുകയാണിന്ന്, ബബ്‌ലുവിന്റെ വലതുകയ്യുടെ ഭാരം 20 കിലോ ആണെന്നതാണത്.

ജൈജാന്റിസം എന്നാണ് വൈദ്യശാസ്ത്രം ബബ്‌ലുവിന്റെ അവസ്ഥയ്ക്കു നൽകിയ പേര്. ബോഡി ടിഷ്യൂ അസാധാരണാമാം വിധത്തിൽ വളരുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. തന്റെ അസുഖം മൂലം സ്വന്തം നാടുപേക്ഷിച്ചു മുംബൈയിലാണു ബബ്‌ലു ജീവിക്കുന്നത്. ഈ ശാരീരികാവസ്ഥ മൂലം ബബ്‌‌‌ലുവിന് വെറും പത്തുമിനിറ്റു നേരമേ ഇടവേളയില്ലാതെ നടക്കാനാകൂ, അപ്പോഴേക്കും കയ്യുടെ ഭാരം മൂലം ശരീരം തളർന്നു തുടങ്ങും. പക്ഷേ ബബ്‌ലുവിന്റെ അവസ്ഥയെ രോഗം എന്ന നിലയിൽ കാണാതെ ചെകുത്താൻ എന്ന പദം നൽകിയാണു അയൽപക്കക്കാർ വിളിച്ചിരുന്നത്.

തന്റെ കൈകൾ ശരിയായിരുന്നുവെങ്കിൽ നാട്ടില്‍ തന്നെ ജീവിച്ചേനെ, കടകളിലും മറ്റും പോകുമ്പോൾ കളിയാക്കലുകൾക്കൊപ്പം മർദ്ദനം കൂടി സഹിക്കാൻ വയ്യാതായതോടെയാണു നാ‌ടുവിട്ടത്. പക്ഷേ ഇനിയും ബബ്‌ലുവിന്റെ പ്രതീക്ഷകൾ കൈവിടേണ്ടതില്ലെന്നാണു മെഡിക്കൽ ലോകം പറയുന്നത്. കാരണം വിദഗ്ധമായൊരു പ്ലാസ്റ്റിക് സർജറിയിലൂടെ ബബ്‌ലുവിന്റെ കൈ സാധാരണ മനുഷ്യരുടേതു പോലെയാക്കാമെന്നാണ് ഡോക്ടർമാരുടെ വാദം. പക്ഷേ സര്‍ജറിയുടെ ചിലവായ പതിമൂന്നുലക്ഷം എന്ന ഭീമമായ തുക സ്വരൂപിക്കാൻ തന്നെക്കൊണ്ടു കഴിയാത്തതിനാലാണ് ഇപ്പോഴും അസാധാരണമായ ജീവിതവും പേറി ബബ്‌ലു ജീവിക്കുന്നത്.