ജയിലഴികൾക്കപ്പുറത്ത്  ബാല്യം കാക്കുന്ന മാലാഖ 

പുഷ്പ ബസ്‌നേത്ത്

നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ക്രിമിനൽ കുറ്റങ്ങൾക്കും മറ്റുമായി ശിക്ഷിക്കപ്പെട്ട് ജയിലഴികൾക്ക് പിന്നിൽ അടക്കപ്പെട്ടവരുടെ കുടുംബത്തെക്കുറിച്ച്? അങ്ങനെ ചിന്തിച്ച്, അവരെ ഓർത്ത് പരിതപിക്കുന്നവരുടെ എണ്ണം വളരെ വിരളമായിരിക്കും. അതിൽ ആരെയും തെറ്റ് പറയാനാവില്ല കാരണം, കുറ്റവാളികളെ ലോകം കാണുന്നത് ആ കണ്ണുകളിലൂടെ മാത്രമാണ്. 

പക്ഷെ, മാതാപിതാക്കൾ ജയിലിൽ ആയതിന്റെ പേരിൽ മാത്രം അനാഥരായ കുഞ്ഞുങ്ങളെ  പറ്റി ചിന്തിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇനി ചിന്തിക്കണം, ചെയ്യാത്തകുറ്റത്തിന് പഴികേൾക്കേണ്ടി വന്ന, കുറ്റവാളിയുടെ മക്കൾ എന്ന് ചെല്ലപ്പേര് വീണ, ആരും സംശയദൃഷ്ടിയോടെ നോക്കുന്ന, ഒരു നേരത്തെ അന്നത്തിനു ബുദ്ധിമുട്ടുന്ന , സനാഥരായിട്ടും അനാധരാകേണ്ടി വന്ന ഒരുപിടി ബാല്യം നമുക്ക് ചുറ്റുമുണ്ട്. നാം കാണാതെ പോയ ആ കുരുന്നുകളുടെ വേദന കണ്ടറിഞ്ഞ വനിതയാണ് നേപ്പാൾ നിവാസിയായ പുഷ്പ ബസ്‌നേത്ത്.

ആരും കാണാത്ത കാഴ്ചകളെ കണ്ട്, ആ കാഴ്ചകൾക്ക് ഒരു പരിഹാരം കണ്ടെത്താനായി ഇറങ്ങിത്തിരിച്ച വ്യക്തിയാണ് പുഷ്പ. സാമൂഹ്യ സേവനം എന്ന വിഷയത്തിൽ ബിരുദത്തിന് പഠിക്കുമ്പോൾ പ്രൊജക്റ്റിന്റെ ഭാഗമായി കാഠ്മണ്ഡുവിലെ സ്ത്രീകളുടെ ജയിൽ സന്ദർശിച്ചു. അന്ന് പുഷ്പക്ക് പ്രായം 21 വയസ്സ്. അവിടെ  ജയിലഴികൾക്ക് പിന്നിൽ ചെയ്ത തെറ്റിന്റെ ഭാഗമായി ശിക്ഷയനുഭവിക്കുന്ന സ്ത്രീകളെ വിഷമിപ്പിച്ചിരുന്നത് വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന തങ്ങളുടെ മക്കളെക്കുറിച്ചുള്ള ചിന്തകളായിരുന്നു.

അതിൽ പലരും വിദ്യാഭ്യാസം  പോലും നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങളാണ് എന്ന് തുടർന്നുള്ള അന്വേഷണത്തിൽ പുഷ്പക്ക് മനസിലായി. അന്ന് രാത്രി ആ 21 കാരിക്ക് ഉറങ്ങാനായില്ല. ഇരുമ്പഴികൾക്ക് അകത്തെ അമ്മമാരെക്കുറിച്ചോർത്ത്  പരിതപിക്കുന്ന കുട്ടികളെക്കുറിച്ചതായിരുന്നു പുഷ്പയുടെ ചിന്ത മുഴുവനും. 

ശരികൾ തീരുമാനിക്കപ്പെട്ട രാത്രി 

അന്ന് രാത്രി , പുഷ്പ ഒരു തീരുമാനമെടുത്തു. തന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അടുത്തു നിന്നും 70000 രൂപ സ്വരൂപിച്ച് പുഷ്പ 2005 ൽ  ഒരു സ്ഥാപനം തുടങ്ങി.  ദി ഏർലി ചൈൽഡ്‌ഹുഡ് ഡെവലപ്മെന്റ് സെന്റർ എന്ന് പേരിട്ട സ്ഥാപനം, ജയിൽ  ശിക്ഷയനുഭവിക്കുന്നവരുടെ മക്കൾക്ക് താങ്ങും തണുക്കും ആവാനുള്ള ആദ്യ ശ്രമമായിരുന്നു. രാവിലെ മുതൽ വൈകിട്ട് വരെ 6 വയസ്സ് വരെ പ്രായം വരുന്ന കുട്ടികൾക്ക് സംരക്ഷണം നൽകുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ലക്‌ഷ്യം. തന്റെ ലക്‌ഷ്യം നിറവേറ്റുന്നതിൽ പുഷ്പ വിജയിച്ചു. സ്ഥാപനം അംഗീകരിക്കപ്പെട്ടു. 

2007 ൽ പുഷപ ദി ഏർലി ചൈൽഡ്‌ഹുഡ് ഡെവലപ്മെന്റ് സെന്റർ എന്ന തന്റെ സ്ഥാപനത്തിന് കീഴിൽ ഒരു റെസിഡൻഷ്യൽ സ്‌കൂൾ ആരംഭിച്ച് കുറ്റവാളികളുടെ മക്കൾക്ക് സൗജന്യമായി മികച്ച വിദ്യാഭ്യാസം നൽകാൻ തുടങ്ങി. അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. അവധി ദിവസങ്ങളിൽ തങ്ങളുടെ അമ്മമാരെ ജയിലിൽ പോയി കാണുന്നതിനുള്ള സൗകര്യവും പുഷ്പ ഒരുക്കി നൽകിയിരുന്നു. കുട്ടികൾക്ക് മികച്ച ഭക്ഷണവും ശ്രദ്ധയും സൗകര്യങ്ങളും നൽകി പുഷ്പ ബസ്‌നേത്ത് അവരെ പുതിയ പൗരന്മാരാക്കി മാറ്റുകയായിരുന്നു. 

ജയിലഴികൾക്കകത്തും വസന്തം വിരിയുന്നു 

2009 ൽ പുഷ്പ തന്റെ സേവനം ജയിലിന്  പുറത്തു നിന്നും ജയിലിന് അകത്തേക്കും വ്യാപിപ്പിച്ചു. ഇതുപ്രകാരം ജയിലിൽ ഉള്ള വനിതാ തടവുപുള്ളികൾക്ക് കൃഷി ചെയ്തും കരകൗശല വസ്തുക്കൾ നിർമ്മിച്ചതും സ്വന്തമായി വരുമാനം കണ്ടെത്താൻ ഉള്ള വഴി പുഷ്പ അഭ്യസിപ്പിച്ചു. ഇതിലൂടെ തടവ് കഴിഞ്ഞ പുറത്തിറങ്ങുന്ന അവർ സ്വയം തൊഴിൽ ചെയ്ത ജീവിക്കാൻ പ്രാപ്തരായി. ഇക്കാലയളവിൽ എല്ലാം തന്നെ നേപ്പാൾ ജയിലുകളിലെ പോലീസുകാർ പുഷ്പക്ക് പൂർണ്ണ പിന്തുണ നൽകി. 

ലക്‌ഷ്യം നന്നെങ്കിൽ സഹായം അതിർത്തി കടന്നും വരും 

ചെയ്യുന്ന പ്രവർത്തികൾ നല്ലതാണെങ്കിൽ സഹായിക്കാൻ ആളുകൾ എത്തും എന്നത് സത്യമാണ്. അതുകൊണ്ട് മാത്രമാണ് പുഷ്പയുടെ പ്രവർത്തികൾ അംഗീകരിക്കപ്പെട്ടത്. നൂറുകണക്കിന് കുട്ടികൾക്കാണ് പുഷ്പ വളർത്തമ്മയായത്. ഒരു പ്രമുഖ ചാനലിന്റെ  ഹീറോ 2012 അവാർഡ് പുഷ്പയെ തേടിയെത്തിയത് ആ മനസ്സിന്റെ നന്മ ഒന്നുകൊണ്ട് മാത്രം. ഇപ്പോൾ ദി ഏർലി ചൈൽഡ്‌ഹുഡ് ഡെവലപ്മെന്റ് സെന്റർ എന്ന സ്ഥാപനത്തിന് കീഴിൽ കുട്ടികൾക്കായി ബട്ടർഫ്‌ളൈ ഹോമുകൾ ഒരുങ്ങിക്കഴിഞ്ഞു. 

ഇവിടെ ഇന്ന് കുട്ടികൾ സനാഥരാണ്‌. ഏറ്റവും മികച്ച സിലബസ്സിൽ ചിട്ടയായി അവർ പഠിക്കുന്നു. കൂട്ടിനു സംഗീതവും നൃത്തവും കായിക വിനോദങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ ജയിലഴികൾക്കുള്ളിൽ ആ കുട്ടികളുടെ അമ്മമാർ ഇന്ന് സന്തോഷവതികളാണ്, തങ്ങളുടെ കണ്മുന്നിൽ, വിശ്വാസമായ കൈകളിൽ തങ്ങളുടെ മക്കൾ മിടുക്കരായി വളരുന്നത് അവർ കാണുന്നു.