നാസറിനെ കളിയാക്കിയവർക്ക് അറബിയുടെ മധുരപ്രതികാരം !!

ആഭരണങ്ങളിലേക്കു നോക്കിനിൽക്കുന്ന നാസര്‍-വൈറലായ ചിത്രം

വെറുപ്പും വിദ്വേഷവും പേറി നടക്കുന്നവർ മാത്രമല്ല നന്മയുടെ നിറകുടങ്ങളായ ചിലരും ഈ ലോകത്തുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു സിനിമാക്കഥയെ അനുസ്മരിപ്പിക്കുമാറുള്ള കഥയുടെ തുടക്കം അങ്ങു സൗദിയിൽ നിന്നാണ്. ക്ലീനറായി സൗദിയിൽ ജോലി ചെയ്യുന്ന നാസർ അൽ ഇസ്ലാം അബ്ദുൽ കരീം എന്ന മനുഷ്യന്‍ ക്ലീനിങ്ങ് ചെയ്യുന്നതിനിടയിൽ ഒരു ജൂവലറിയുടെ മുന്നില്‍ നിന്ന് ആഭരണങ്ങളിലേക്കു കൊതിയോടെ നോക്കുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല അതു തനിക്കു സ്വന്തമാകുമെന്ന്.

അറുപത്തിയഞ്ചുകാരനായ നാസർ പതിവുപോലെ ക്ലീനിങ്ങിന് എത്തിയപ്പോഴാണ് ജ്വല്ലറിക്കു മുന്നിൽ നിന്നു ആഭരണങ്ങളെ നോക്കിനിന്നത്. ആ സമയം തന്നെ തന്റെ ഫോട്ടോ ആരോ എടുത്തതായി തോന്നിയെങ്കിലും നാസർ കാര്യമാക്കിയില്ല. അധികം വൈകാതെ സമൂഹമാധ്യമത്തിൽ നാസർ ആഭരണങ്ങളെ നോക്കിനിൽക്കുന്ന ചിത്രം വൈറലായി. ഇയാൾക്കു മാലിന്യം നോക്കി നിൽക്കാൻ മാത്രമേ അർഹതയുള്ളു എന്ന അടിക്കുറിപ്പോടെ നാസറിനെ പരിഹസിച്ചായിരുന്നു ചിത്രം ഷെയർ ചെയ്യപ്പെട്ടത്. ഇതു കണ്ട നന്മയുള്ള ഒരു അറബിയാണ് നാസറിന്റെ ജീവിതത്തിൽ വെളിച്ചമായി വന്നത്.

നാസറിന് ആഭരണങ്ങളും പണവും സമ്മാനിച്ചപ്പോൾ

അബ്ദുള്ള അൽ-ഖ്വഹാതാനി എന്ന അറബിയുടെ കണ്ണുകളിലാണ് നാസറിന്റെ ഈ ദയനീയചിത്രം ഉടക്കിയത്. ഉ‌ടന്‍ തന്നെ ഇദ്ദേഹത്തെ കണ്ടെത്തിത്തരാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് അറബി ട്വീറ്റ് ചെയ്തു. ആറായിരത്തോളം റീട്വീറ്റിനൊടുവിൽ നാസറിനെ കണ്ടെത്തുക തന്നെ ചെയ്തു. നാസറിന്റെ ഫോട്ടോയിലുള്ള ഗ്ലാസിൽ നിന്നുള്ള പ്രതിബിബം പരിശോധിച്ചാണ് സ്ഥലം കണ്ടെത്തിയത്. ശേഷം നാസർ ആഗ്രഹിച്ചതുപോലെ ആ ആഭരണങ്ങൾ അദ്ദേഹത്തിനു കൈമാറുകയാണ് അറബി ചെയ്തത്.

തീർന്നില്ല ട്വീറ്റുകൾ ഷെയർ ചെയ്യപ്പെട്ടതോടെ ധാരാളംപേർ നാസറിനു സഹായ വാഗ്ദാനവുമായി എത്തിരിക്കുകയാണത്രേ. രാജ്യത്തേക്കു പോയി വരാനുള്ള ടിക്കറ്റും ഒരു ഐഫോണും സാംസങ് ഗാലക്സിയും പണവുമൊക്കെ നാസറിനു സമ്മാനിച്ചവരുണ്ട്. കേവലം പതിമൂന്നായിരം രൂപ മാത്രമാണ് നാസറിന്റെ പ്രതിമാസ വരുമാനം. തനിക്ക് ലഭിച്ച പുതിയ സമ്മാനങ്ങളുമായി നാസർ നിൽക്കുന്ന ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. എന്തായാലും വെറുതെ ഒരു നിമിഷത്തേക്ക് ആ ഫോട്ടോയിൽ നോക്കിനിന്നത് നാസറിന്റെ ജീവിതത്തിൽ വഴിത്തിരിവായിരിക്കുകയാണ്.