ഇതാണ് പോലീസ്, ഇതാവണം പോലീസ്!

Representative Image

റെഡ് ബീക്കൺ വച്ചൊരു പോലീസ് വാഹനം കടന്നു വന്നാൽ നമ്മുടെ മനസിലൊക്കെ ആദ്യം എത്തുക വല്ല കള്ളനെ പിടിക്കാനോ കേസിന്റെ തുമ്പന്വേഷിക്കാനോ ഒക്കെ വന്നാതായിരിക്കും എന്നാണ്. കഴുത്തിനു കുത്തിപ്പിടിച്ച് ക്രൂരമായി വലിച്ചു കൊണ്ടുപോകുന്ന പോലീസ് മുഖങ്ങള്‍ നാം പല സിനിമകളിലും കണ്ടിട്ടുണ്ട്.. എന്നുകരുതി പോലീസുകാരെല്ലാം പരുക്കന്മാരും മുൻകോപികളുമാണെന്നു ധരിക്കാമോ. പറഞ്ഞു വരുന്നത് മനുഷ്യത്വം വാനോളം നിറഞ്ഞു നിൽക്കുന്ന ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചാണ്. ഭോപ്പാലിലെ ഹനുമാന്‍‌ഗഞ്ജ് പോലീസ് സ്റ്റേഷൻ നിയമം പഠിപ്പിക്കാനും പൗരന്മാരെ സംരക്ഷിക്കാനും മാത്രമുള്ള സ്ഥലമല്ല മറിച്ച് നിസ്വാർഥ സേവനം കൂടി ചെയ്തു പോരുന്ന ഒരുകൂട്ടം ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. ഭോപ്പാലിലെ ചേരിയിലുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകിപ്പോരുകയാണ് ഇവിടുത്തെ പോലീസുകാർ. അതായത് കുറച്ചു നേരത്തേക്കെങ്കിലും പോലീസ് വേഷം മറന്ന് അവർ അധ്യാപകരാവുകയാണ്.

കുട്ടികൾ ക്രിമിനല്‍ കുറ്റങ്ങളിൽ അകപ്പെടുന്നതു തടയാനും മാനുഷിക മൂല്യങ്ങൾ പഠിപ്പിക്കുവാനുമാണ് ഇവർ ഇത്തരമൊരു ആശയത്തിനു തു‌ടക്കം കുറിച്ചത്. അധോലോകത്തിനു മുന്നിൽ അടിയറവു വയ്ക്കാതെ നന്മ തിന്മ തിരിച്ചറിയുന്ന പുതുതലമുറയെ വളർത്തിയെടുക്കാനാണ് തങ്ങൾ ഈ സൗജന്യ വിദ്യാഭ്യാസം തുടങ്ങിവച്ചതെന്ന് പോലീസുകാർ പറയുന്നു. ബാൽ സഞ്ജീവനി പ്രമാർഷ് കേരള എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് ഫണ്ട് നൽകുന്നത് ഭോപ്പാലിലെ പോലീസ് ഡിപ്പാർട്ടുമെന്റു തന്നെയാണ്. സീനിയർ സൂപ്രണ്ടന്റ് ഓഫ് പോലീസ് രാമൺ സിങ് സികർവാറിന്റേതാണ് നന്മയുള്ള ഈ ആശയം.