16 വർഷങ്ങൾക്കിപ്പുറം മകള്‍ക്കായി അവർ വീണ്ടും ഒന്നിച്ചു

വിജയന്തി, മകൾ ഗുഡ്ഢി, ഭർത്താവ് ജയ്ഗോവിന്ദ്

മദ്യം പലപ്പോഴും കുടുംബ ബന്ധങ്ങളുടെ അന്തകൻ ആകാറുണ്ട്. വീടും കുടുംബവും മറന്നുള്ള മദ്യപാനമാണ് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തി മദ്യപനെ ഒറ്റയാനാക്കുന്നത്. അങ്ങു ബീഹാറിൽ പതിനാറു വര്‍ഷത്തിനു ശേഷം മകളെ സാക്ഷിയാക്കി ദമ്പതികൾ വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ്, കാരണമായതോ സർക്കാർ പുറത്തിറക്കിയ മദ്യനിരോധനം.

അങ്ങനെ ഏപ്രിൽ പതിനെട്ടിന് ജയ്ഗോവിന്ദ് സിങ് വിജയന്തി ദേവിയെ വീണ്ടും വിവാഹം കഴിച്ചു. പതിനാറു വർഷം പിരിഞ്ഞു ജീവിച്ച ഓർമകളോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു ഈ വിവാഹം. അമ്പത്തിയെട്ടുകാരനായ ജയ്ഗോവിന്ദ് വീണ്ടും കുടുംബത്തോട് അടുക്കാൻ നിമിത്തമായതു ബീഹാറിലെ മദ്യനിരോധനവും.

ഇരുവരുടെയും മകൾ ഗുഡ്ഢി കുമാരിയാണ് അച്ഛനും അമ്മയും വീണ്ടും ഒന്നിക്കാൻ മുൻകയ്യെടുത്തത്. ഗുഡ്ഢിയ്ക്ക് വെറും ഒരു വയസു പ്രായമുള്ളപ്പോഴാണ് അച്ഛനും അമ്മയും രണ്ടായി ജീവിക്കാൻ തു‌ടങ്ങിയത്. അച്ഛൻ മദ്യപാനം നിർത്തിയെന്ന കാര്യം അമ്മയെ ബോധ്യപ്പെടുത്തിയ ഗുഡ്ഢി വിവാഹക്ഷണക്കത്തുൾപ്പെടെ എല്ലാ ആചാരങ്ങളോടുകൂടിയാണ് ഇരുവരെയും ഒന്നിപ്പിച്ചത്. മാതാപിതാക്കൾക്കു വേണ്ടി വിവാഹ ക്ഷണക്കത്ത് അടിക്കുന്ന ആദ്യ മകൾ താനായിരിക്കുമെന്നും ഗുഡ്ഢി പറയുന്നു.

ഭർത്താവിന്റെ മദ്യാസക്തിയിൽ മനംമടുത്ത വിജയന്തി മകൾക്ക് ഒരു വയസായതോടെ ആ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. നിയമപരമായി പിരിഞ്ഞിട്ടില്ലെങ്കിലും മാനസികമായി രണ്ടു തലങ്ങളിലേക്കെത്തിയതോടെ രണ്ടായി ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇനിയൊരിക്കലും മദ്യം തൊടില്ലെന്നു ജയ്ഗോവിന്ദ് ഭാര്യയ്ക്ക് വാക്ക് നൽകിയിട്ടുണ്ട് .

കഴിഞ്ഞ കാലങ്ങളിൽ മദ്യത്തിന് അടിമപ്പെ‌ട്ടു കഴിഞ്ഞതിന് ഭാര്യയോടു മാപ്പു ചോദിക്കുന്നുവെന്നും ഇനിയൊരിക്കലും താൻ മദ്യപിക്കുകയോ ഭാര്യയെ ഉപദ്രവിക്കുകയോ ചെയ്യില്ലെന്നും ജയ്ഗോവിന്ദ് പറഞ്ഞു. മദ്യപാനം ഉപേക്ഷിക്കാൻ മാനസികമായി തയ്യാറെടുത്ത സമയത്താണ് സർക്കാർ മദ്യനിരോധനം കൊണ്ടുവന്നത് അതു തനിക്കും കുടുംബത്തിനും അനുഗ്രഹമായെന്നും ജയ്ഗോവിന്ദ്.