ജനം ട്രോളിക്കോട്ടെ, വിനയായത് ബൃന്ദയുടെ ഓക്സ്ഫോർഡ് ഇംഗ്ലീഷാ...

അഡ്വ.കെ.എം തോമസ്

കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നതോടൊപ്പം തർജമ വിവാദങ്ങളും ചൂടുപിടിക്കുകയാണ്. മോശം തർജമയുടെ പേരിൽ സോഷ്യൽമീഡിയയുടെ പരിഹാസം ആദ്യം ആവോളം ഏറ്റുവാങ്ങിയത് ബിജെപി നേതാവ് കെ.സുരേന്ദ്രനാണ്. കെ.സുരേന്ദ്രന് ഒരു പിന്മുറക്കാരനായി എൽ.ഡി.എഫിൽ നിന്നും അഡ്വ.കെ.എം തോമസ് എത്തിയിരിക്കുകയാണ്. ബൃന്ദകാരാട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലെ പിശകുമൂലം കെ.എം.തോമസും സോഷ്യൽമീഡിയയുടെ പ്രഹരം ഏറ്റുവാങ്ങുകയാണ്.  ഇത്തരമൊരു പിഴവ് സംഭവിച്ചതിന്റെ വിശദീകരണം മനോരമ ഓൺലൈനിനോട് കെ.എം.തോമസ് നൽകുന്നു.

എന്താണ് അന്ന് വേദിയിൽ സംഭവിച്ചത്? എങ്ങനെയാണ് ഇത്രയധികം പിഴവുകൾ ഉണ്ടായത്?

ഒന്നാമത്തെ കാര്യം, മുൻകൂട്ടി സ്ക്രിപ്റ്റ് തന്നിരുന്നില്ല. സ്ക്രിപ്റ്റ് തന്നിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു. ഇത് ആ നിമിഷം പറയുന്നത് നമ്മൾ പരിഭാഷപ്പെടുത്തണം. സാധാരണ സ്ക്രിപ്റ്റ് ഉണ്ടാകുന്നതാണ്. രണ്ടാമത് സൗണ്ടിന്റെ എക്കോ കാരണം ബൃന്ദകാരാട്ട് പറയുന്നത് കൃത്യമായി കേൾക്കാൻ സാധിച്ചിരുന്നില്ല. അവർ പറഞ്ഞു തീരുമ്പോൾ തന്നെ പരിഭാഷയും ചെയ്യണമല്ലോ, നമ്മൾ വൈകിപ്പോയാൽ അടുത്ത വിഷയത്തിലേക്ക് അവർ കടക്കും. അവരോടൊപ്പം പറഞ്ഞുപോകാനുള്ള ബുദ്ധിമുട്ട് ഉണ്ടായിരുന്നു. മൂന്നാമത് ബൃന്ദയുടെ ഇംഗ്ലീഷ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷാണ്. ചില ഉച്ചാരണങ്ങളൊന്നും പെട്ടന്ന് മനസ്സിലാകില്ല. 

സോഷ്യൽമീഡിയ വളരെയധികം ആഘോഷിച്ചതിനെക്കുറിച്ച്?

സോഷ്യൽമീഡിയ ആഘോഷിച്ചോട്ടെ അതിൽ എനിക്ക് വിഷയമില്ല. ഞാൻ സ്ഥിരമായി പരിഭാഷപ്പെടുത്തുന്ന ആളൊന്നുമല്ല. ഞാൻ ഒരു അഡ്വക്കേറ്റാണ്. ഏതെങ്കിലും രാഷ്ട്രീയവിഷയത്തെക്കുറിച്ച് സംസാരിക്കാൻ പറഞ്ഞാൽ എനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. എനിക്ക് പരിഭാഷ ചെയ്ത് മുൻപരിചയമില്ല. ബൃന്ദയുടെ പ്രസംഗത്തിന് ഒരുദിവസം മുമ്പ് ഒരു കന്നടപ്രസംഗം തർജമ ചെയ്തു. അതിൽ പിശകുകൾ ഒന്നുമില്ലായിരുന്നു. അങ്ങനെയാണ് പാർട്ടി എന്നെ ബൃന്ദയുടെ പ്രസംഗം തർജമ ചെയ്യാൻ നിയോഗിക്കുന്നത്. ട്രോളുകൾ ഇറങ്ങുന്നതിൽ എനിക്ക് വിഷമം ഒന്നുമില്ല. ഉപ്പുതിന്നവൻ ഏതായാലും വെള്ളം കുടിക്കണം. 

പരിഭാഷകന്റെ കുപ്പായത്തിൽ സഭാകമ്പം ഉണ്ടായിരുന്നോ?

സഭാകമ്പം ഒന്നുമില്ല. ലക്ഷങ്ങളുടെ മുന്നിലും സംസാരിക്കാം. പക്ഷെ ഇത് ഒന്ന് തെറ്റിയപ്പോൾ പിന്നെ ബാക്കി പിടിവിട്ടുപോയി. അടി തെറ്റിയാൽ ആനയും വീഴും. ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. അവർക്ക് കൃത്യമായ പരിഭാഷ വേണമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ നിലനിർത്താൻ സാധിച്ചില്ല. അതോടെയാണ് ട്രോളുകളൊക്കെ വരാൻ തുടങ്ങിയത്. അവരെ കുറ്റം പറയുന്നതിൽ അർത്ഥമില്ല.

പ്രസംഗത്തിന് ശേഷം ബൃന്ദാകാരാട്ടിന്റെ പ്രതികരണം എന്തായിരുന്നു?

അവർക്ക് തർജമ ചെയ്ത് തെറ്റിച്ചതിൽ വിഷമം ഒന്നുമില്ല. ഇതൊക്കെ സ്വഭാവികമാണ്. തർജമ തെറ്റുകൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ നവമാധ്യമങ്ങളുടെ യുഗമായതുകൊണ്ടാണ് ചെറിയ പിഴവ് പോലും വലുതായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ പറ്റിയ തെറ്റുകളിൽ നിന്നും പാഠമുൾക്കൊണ്ട് അടുത്ത പ്രാവശ്യം ഞാൻ തിരുത്താൻ ശ്രമിക്കും.