ചാര്‍ലി പ്രചോദനമായി; പിറന്നാൾ ദിനത്തിൽ കാരുണ്യപ്രവർത്തനത്തിൽ ഏർപ്പെട്ട് യുവാവ്

ചാർലിയിലെ ഒരു രംഗം, സനേഷ് സാമണ്‍

ജനങ്ങളെ പ്രചോദിപ്പിക്കുന്നതിൽ സിനിമകൾക്കു വളരെ വലിയ പങ്കുണ്ട്. മലയാളത്തിലും ഇത്തരത്തിലുള്ള ധാരാളം സിനിമകൾ ഇറങ്ങിയെങ്കിലും മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചാർലിയോളം വരില്ല അവയൊന്നും. ദുൽഖർ സൽമാനും പാർവതിയും തകർത്തഭിനയിച്ച ചാർലി യുവാക്കൾക്കിടയിൽ തരംഗമായത് ഞൊടിയിടയിലാണ്.

കാര്യം അതല്ല ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ച ചാർലി എന്ന കഥാപാത്രം ഒട്ടേറെ യുവാക്കൾക്ക് പ്രചോദനമാവുകയാണിപ്പോൾ. ചാർലി, പിറവം സ്വദേശിയായ സനേഷ് കെ.സാംമോന്‍ എന്ന യുവാവിന്റെയും ഉള്ളം തൊട്ടിരിക്കുകയാണ്. ചാർലിയിലെ നായകനിൽ നിന്നും പ്രചോദനമുൾക്കൊണ്ട സനേഷ് പിറന്നാൾ ദിനം കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുകയാണ് ചെയ്തത്.

വൃദ്ധസദനത്തിൽ പിറന്നാൾ ആഘോഷിക്കുന്ന സനേഷ്

ബുധനാഴ്ച്ച ഇരുപതാം പിറന്നാൾ ആഘോഷിച്ച സനേഷ് അന്നേദിവസം തന്നെ രക്തദാനം നടത്തുകയും അവയവദാന പ്രചാരണത്തിൽ അംഗമാവുകയും ചെയ്തു. മാത്രമല്ല വീട്ടുകാർക്കും കൂട്ടുകാർക്കുമൊപ്പം പിറന്നാൾ സദ്യ കഴിക്കുന്നതിനു പകരം ഇത്തവണ വൃദ്ധസദനത്തിലെ അംഗങ്ങൾക്കൊപ്പം പിറന്നാൾ സദ്യം കഴിച്ചു.

ചാർലി കണ്ടാൽ ആർക്കും സമൂഹത്തിനുവേണ്ടി നന്മ ചെയ്യാനുള്ള പ്രചോദനം ലഭിക്കുമെന്നും ചിത്രത്തിലെ കഥാപാത്രമാണ് പിറന്നാൾ ദിനത്തിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും സനേഷ് പറഞ്ഞു. ഇത്തരത്തില്‍ മനോഹരമായൊരു ചിത്രം സമ്മാനിച്ചതിന് ചാർലിയുടെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നുവെന്നും സനേഷ് പറഞ്ഞു.