നെരുപ്പ് ഡാ.... കുട്ടികളെ കബാലി കാണിച്ച് കലക്ടർ !

കല്ലറക്കടവ് പ്രീമെട്രിക്ക് ഹോസ്റ്റലിലെ കുട്ടികൾ കലക്ടർ എസ്. ഹരികിഷോറിനോടൊപ്പം പത്തനംതിട്ടയിലെ തിയറ്ററിൽ ‘കബാലി’ കാണാനെത്തിയപ്പോൾ. ചിത്രം: പി. നിഖിൽ രാജ്

‌‌‌‌‌‌മലയാളികൾക്കു കലക്ടർ എന്നാൽ ജോസഫ് അലക്സ് ആണ്. ദി കിങ് എന്ന സിനിമയിൽ സൂപ്പർതാരം മമ്മൂട്ടി അഭിനയിച്ചു സൂപ്പർഹിറ്റ് ആക്കിയ കഥാപാത്രം. ഒരിത്തിരി ഗൗരവത്തോടെ മേലധികാരികളെപ്പോലും കൂസാതെ താനെടുക്കുന്ന നയങ്ങളിൽ നിന്നു തെല്ലുപോലും പിന്മാറാത്ത ധീരനായ കലക്ടർ. ജനങ്ങളുടെ പള്‍സ് അറിയാൻ സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയുമൊക്കെ വേണമെന്നുറക്കെ പറഞ്ഞ സാധാരണക്കാർക്കൊപ്പം നിൽക്കുന്ന സാധാരണക്കാരനായ കലക്ടർ. ഇന്നത്തെ കലക്ടർമാരും അക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്നു വേണം പറയാൻ. ഔദ്യോഗിക തിരക്കുകൾക്കിടയിലും സാധാരണക്കാരന്റെ പ്രശ്നങ്ങൾക്കു വേണ്ടി സമയം കണ്ടെത്താൻ അവർ ശ്രമിക്കാറുണ്ട്. പത്തനംതിട്ട കലക്ടർ എസ്.ഹരികിഷോറും അക്കാര്യത്തിൽ ഒട്ടും മോശമല്ല.

കല്ലറക്കടവ് പ്രീമെട്രിക്ക് ഹോസ്റ്റലിലെ കുട്ടികൾ കലക്ടർ എസ്. ഹരികിഷോറിനോടൊപ്പം പത്തനംതിട്ടയിലെ തിയറ്ററിൽ ‘കബാലി’ കാണാനെത്തിയപ്പോൾ. ചിത്രം: പി. നിഖിൽ രാജ്

കാരണം മുന്നിൽ വരുന്ന ഫയൽ കൂമ്പാരങ്ങൾക്കു വേണ്ടി മാത്രമല്ല കുരുന്നുകൾക്കൊപ്പം കുറച്ചു നേരം പങ്കിടാനും ഹരികിഷോർ തയ്യാറാണ്. കഴിഞ്ഞ ദിവസം ചൈൽഡ് ലൈനിന്റെ പരിപാടിയുടെ ഭാഗമായി കല്ലറക്കടവ് പ്രീമെട്രിക് ഹോസ്റ്റലിലെത്തിയ കലക്ടർ കുട്ടികൾക്കു നൽ‍കിയ സമ്മാനം മറ്റൊന്നുമല്ല, തിയ്യേറ്ററുകളിൽ തകർത്തോടുന്ന കബാലി കാണിക്കുക എന്നതായിരുന്നു. സിനിമ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിനു പലരും ഇതുവരെ ഒരു സിനിമ പോലും തിയറ്ററിൽ പോയി കണ്ടിട്ടില്ല എന്ന മറുപടിയാണ് നൽകിയത്. ഇതോടെയാണ് ഹിറ്റ് സിനിമ കബാലി തന്നെ കുട്ടികളെ കാണിക്കാൻ ഹരികിഷോർ തീരുമാനിച്ചത്.

കല്ലറക്കടവ് പ്രീമെട്രിക്ക് ഹോസ്റ്റലിലെ കുട്ടികൾ കലക്ടർ എസ്. ഹരികിഷോറിനോടൊപ്പം പത്തനംതിട്ടയിലെ തിയറ്ററിൽ ‘കബാലി’ കാണാനെത്തിയപ്പോൾ. ചിത്രം: പി. നിഖിൽ രാജ്

ഇന്നലെ വൈകിട്ട് ആറരയുടെ ഷോയ്ക്കാണ് കലക്ടറും കുട്ടികളും കബാലി കണ്ടത്. കലക്ടറോടൊപ്പം നഗരസഭാധ്യക്ഷ രജനി പ്രദീപ്, ഉപാധ്യക്ഷൻ പി.കെ. ജേക്കബും കൗൺസിലർമാരും ഷോയ്ക്കെത്തിയിരുന്നു. ഷോ തുടങ്ങുന്നതിനു അരമണിക്കൂർ മുൻപേ എത്തിയ കലക്ടർ കുട്ടികളുടെ കൂടിയിരുന്നാണ് സിനിമ കണ്ടത്. ഈ കലക്ടർ വെറും കലക്ടറല്ല, കബാലി ഡാ......