ആദ്യം ഓഫർചെയ്തത് ഒരു ലിഫ്ട്; പിന്നെ ഒരു കാറും

അന്നും പതിവു പോലെ ജോലികഴിഞ്ഞ് ഇറങ്ങിയപ്പോഴേയ്ക്ക് സാധാരണ വീട്ടിലേയ്ക്കു പോകുന്ന അവസാന ബസ് പോയിക്കഴിഞ്ഞിരുന്നു. ദീർഘ നേരത്തെ ജോലിക്ഷീണവുമായി നടന്നു പോകുമ്പോഴാണ് അപരിചിതരായ കാർ യാത്രക്കാർ തന്റെയടുത്തുവന്ന് ലിഫ്ട് ഓഫർചെയ്യുന്നത്. തന്റെ ബസ് നഷ്ടമായതും ദീർഘദൂരയാത്രയുമെല്ലാം അവരോടു പങ്കിട്ടിരുന്നെങ്കിലും ഇങ്ങനെയൊരു സംഗതി റോബർട് ഫോർഡ് എന്നയാൾ പ്രതീക്ഷിച്ചിട്ടേയില്ല. ഒരു സുപ്രഭാതത്തിൽ തനിക്കു സമ്മാനിക്കാൻ ഒരു കാറുമായി ആ ദമ്പതികളെത്തി. താക്കോൽ കൈമാറുമ്പോൾ റോബർട് ശരിക്കും വികാരാധീനനായി. കണ്ണുകൾ നിറഞ്ഞൊഴുകി. അപരിചിതനായ തന്നോട് അവർകാണിച്ച ആ സ്നേഹാനുകമ്പയുടെ നിമിഷങ്ങൾ കൂടെയുണ്ടായിരുന്നവരിൽ ഒരാൾ പകർത്തി സോഷ്യൽമീഡിയയിൽ ഇടുകയായിരുന്നു.

സീൻ മെറിലും ഭാര്യ ഡാരിലിനുമാണ് കഥയിലെ നായക കഥാപാത്രങ്ങൾ. ഈ മധ്യവയസ്കന്റെ ക്ഷീണിച്ചുള്ള നടപ്പു കണ്ടപ്പോഴേ മെറിലിനു ഇദ്ദേഹത്തെ കാറിൽ കയറ്റാമെന്നു തോന്നി. ഭാര്യയോടു പങ്കുവച്ചപ്പോൾ അവരും റെഡി. അങ്ങനെ കാറിൽ കയറിയ അദ്ദേഹത്തെ വീട്ടിൽ വിട്ട ശേഷമാണ് ഒരു കാർ വാങ്ങി നൽകാൻ ആലോചിക്കുന്നത്. ക്രൗഡ് ഫണ്ടിങ് സൈറ്റിലൂടെ ഒരു കാറിനും അതിന്റെ ഇൻഷൂറൻസിനുമുള്ള തുക കണ്ടെത്തുകയായിരുന്നു. വിഡിയോ ഇന്റർനെറ്റിലൂടെ പ്രചരിച്ചതോടെ മറ്റുള്ളവരെ സഹായിക്കുന്നതിന് ഇത് പ്രചോദനമായെന്ന് നിരവധിപ്പേർ ഫേസ്ബുക്കിലും മറ്റും കുറിച്ചിട്ടുണ്ട്.