വിവാഹം കഴിഞ്ഞ് 5 വർഷം, ഇവരിപ്പോഴും ഹണിമൂണ്‍ യാത്രയിൽ !

ആനും മൈക് ഹൊവാർഡും

വിവാഹം കഴിഞ്ഞാൽ പിന്നെ അടുത്തതായി കേൾക്കുന്ന ചോദ്യം ഹണിമൂൺ എങ്ങോട്ടാ എന്നായിരിക്കും. ഇവിടെയൊരു ദമ്പതികളും വാർത്തയിൽ നിറയുന്നത് അവരുടെ ഹണിമൂൺ യാത്രയുടെ പേരിലാണ്. എന്നുകരുതി ദിവസങ്ങളോ മാസങ്ങളോ ഒന്നുമല്ല ഇവരുടെ യാത്ര, വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായി, ഇപ്പോഴും ഇവരുടെ ഹണിമൂൺ യാത്രകൾ അവസാനിച്ചിട്ടില്ല.

2011ലാണ് ആനും മൈക് ഹൊവാർഡും വിവാഹിതരായത്. തൊട്ടടുത്ത ദിവസം തന്നെ ഇവരുടെ പദ്ധതി കേട്ട ബന്ധുക്കൾ അക്ഷരാർഥത്തിൽ ‌ഞെട്ടി. എന്താണെന്നല്ലേ, ഇരുവരും തങ്ങളുടെ ജോലി ഉപേക്ഷിച്ച് സ്വത്തും സമ്പാദ്യവുമൊക്കെ വിറ്റഴിച്ച് ലോകം കറങ്ങാൻ പോവുകയാണെന്നതായിരുന്നു ആ തീരുമാനം. അങ്ങനെ 2012 ജനുവരി 22ന് ആനും മൈക്കും തങ്ങളുടെ ജീവിതത്തിലെ ആ സുപ്രധാന യാത്രകള്‍ക്ക് തുടക്കം കുറിച്ചു.

''അമ്പതോളം രാജ്യങ്ങളും ഏഴോളം വൻകരകളുമാണ് ഇതിനകം ഇരുവരും സഞ്ചരിച്ചത്. ജോലിയിൽ നിന്നും വിരമിച്ച് അറുപതുകളിൽ തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനായി പോവുകയെന്നു പറഞ്ഞാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. യുവത്വത്തിൽ പൂർണ ആരോഗ്യത്തിലായിരിക്കുമ്പോൾ തന്നെ പരമാവധി ആഗ്രഹങ്ങൾ നേടിയെടുക്കുക എന്നതിലാണു കാര്യം''- മൈക് പറയുന്നു.

തുടക്കത്തിൽ ജോലി ചെയ്തു സ്വരൂപിച്ച പണം വച്ചായിരുന്നു യാത്രകൾ. പതിയെ പണം തീർന്നു തുടങ്ങിയപ്പോഴാണ് യാത്രകളെക്കുറിച്ചു വിശദീകരിക്കാൻ ഒരു വെബ്സൈറ്റ് തുടങ്ങുന്ന കാര്യം ആലോചിച്ചത്. അങ്ങനെ ഹണിട്രെക്.കോം എന്ന ആ വെബ്സൈറ്റു വഴി യാത്രകളെ പരിചയപ്പെ‌ടുത്തുകയും അതിൽ നിന്നു ജീവിക്കാനാവശ്യമായ വരുമാനവും ലഭിക്കുന്നുണ്ട്. മാഗസിൻ എഡിറ്റർ എന്ന പദവി വഹിച്ച ആനിനും ഫൊട്ടോഗ്രാഫറായ മൈക്കിനും വെബ്സൈറ്റ് എന്ന ജോലി അത്ര പാടുള്ളതായിരുന്നില്ല.

കൂടുതൽ യാത്രാസ്നേഹികളെ പ്രചോദിപ്പിക്കുകയും അവര്‍ക്കു സ്ഥലങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ നല്‍കുകയുമാണ് തങ്ങളുടെ വെബ്സൈറ്റിന്റെ ലക്ഷ്യമെന്ന് ഇരുവരും പറയുന്നു. യാത്രകളെ സംബന്ധിച്ച് ലോകത്തിന്റെ അങ്ങോളമിങ്ങോളം ക്ലാസുകൾ സംഘടിപ്പിക്കുന്നുമുണ്ട് ഇരുവരും.

സന്ദർശിക്കുന്ന സ്ഥലങ്ങളിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും തങ്ങിയാലേ അവിടുത്തെ ജനങ്ങളെക്കുറിച്ച് അറിയാൻ കഴിയൂ. യാത്രകൾക്കായി വിമാനങ്ങളെക്കാൾ ബസുകളെയാണ് ആശ്രയിക്കാറുള്ളത്. അതു ലാഭമാണെന്നതു മാത്രമല്ല കാര്യം ബസുകളില്‍ പോകുമ്പോൾ ആ പ്രദേശങ്ങളിലെ ആളുകളുമായി അടുക്കാനും സാധിക്കും. ക്രിസ്മസിനോടനുബന്ധിച്ച് ഇപ്പോൾ യുഎസിൽ തിരിച്ചെത്തിയിരിക്കുന്ന ആനും മൈക്കും ഡിസംബർ അവസാനിക്കുന്നതോടെ തങ്ങളുടെ അടുത്ത മേച്ചിൽപ്പുറങ്ങളിലേക്ക് യാത്ര തിരിക്കും.