ഇൻസ്റ്റഗ്രാമിലെ ഇരട്ട‘ക്യൂട്ട്’ കുട്ടികൾ

ലിയയും ലോറനും

ആദ്യം അച്ഛനും അമ്മയ്ക്കും അവർ പകർന്നു നൽകിയത് ഇരട്ടസന്തോഷമായിരുന്നു, ഇപ്പോഴിതാ അത് അനേകം ഇരട്ടിസന്തോഷമായിരിക്കുന്നു. കാരണം സിംഗപ്പൂരിലെ ആ ഇരട്ടക്കുട്ടികൾ, ലിയയും ലോറനും ജനിച്ച് ഏതാനും മാസങ്ങൾ കൊണ്ടാണ് ലോകപ്രശസ്തരായത്. ഒരു വയസ്സു തികഞ്ഞിട്ടില്ല ഇരുവർക്കും, അപ്പോഴേക്കും ഇൻസ്റ്റഗ്രാമിൽ മാത്രം ഒന്നരലക്ഷത്തോളം ഫോളോവേഴ്സിനെ കിട്ടിക്കഴിഞ്ഞു. ആരാധകർക്ക് കൺകുളിരുന്ന കാഴ്ചയായി ആ ഓമനക്കുരുന്നുകളാകട്ടെ ഇപ്പോഴും കളിചിരികൾ തുടരുകയാണ്. അതും ഓരോ ദിവസവും വെറ്റൈറ്റി കോസ്റ്റ്യൂമുകളുമണിഞ്ഞ്. ഇൻസ്റ്റഗ്രാമിലെ ഏറ്റവും ‘ക്യൂട്ട്’ ഇരട്ടകൾ എന്ന വിശേഷണവുമായാണ് പീറ്റർ–ആംബർ യങ് ദമ്പതിമാരുടെ മക്കളിപ്പോൾ താരങ്ങളായിരിക്കുന്നത്.

ലിയയും ലോറനും

എട്ടു മാസം മുൻപ് ജനിച്ച് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിച്ച അന്നു മുതൽ തുടങ്ങിയതാണ് കുട്ടികളുമൊത്തുള്ള ആംബറിന്റെ ‘കുട്ടിക്കളി’. അവരെ കൗതുകമാർന്ന പലതരം വസ്ത്രങ്ങളണിയിപ്പിക്കുന്നതാണ് ഇപ്പോൾ കക്ഷിയുടെ ഹോബി. അച്ഛൻ പീറ്ററാകട്ടെ നല്ല ഫോട്ടോകളും എടുക്കും. മത്സ്യകന്യക, ന്യൂഡിൽസ്, പഴങ്ങൾ തുടങ്ങിയവ മാത്രമല്ല സ്റ്റാർ വാർസ് വരെ തീം ആക്കി വസ്ത്രങ്ങൾ ധരിപ്പിച്ച് അതിന്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഇതുവരെ പോസ്റ്റ് ചെയ്തിട്ടുണ്ട് ആംബർ. ലിയക്കും ലോറനും വേണ്ടി ഒരു പേജും ആരംഭിച്ചു. ഇതിനോടകം 1.4 ലക്ഷം ഫോളോവർമാരെയാണ് പേജിനു ലഭിച്ചിരിക്കുന്നത്. ഓരോ ഫോട്ടോയ്ക്കും ലഭിക്കുന്ന ലൈക്കുകൾക്കുമില്ല കയ്യും കണക്കും. റോസ് നിറത്തിലുള്ള മത്സ്യകന്യകയുടെ ഉടുപ്പിട്ട കോസ്റ്റ്യൂമാണ് ഇതുവരെ ഏറ്റവുമധികം ലൈക്ക് സ്വന്തമാക്കിയത്–26,000ത്തിലേറെ. കുട്ടികൾക്ക് ഓരോ മാസവും തികയുന്നതിനനുസരിച്ചും ആ ദിവസം സ്പെഷൽ കോസ്റ്റ്യൂമുകളുണ്ടാകും. അഞ്ചാംമാസത്തിലൊരുക്കിയ സ്റ്റാർ വാർസ് തീം കോസ്റ്റ്യൂമും ഹിറ്റായിരുന്നു.

ലിയയും ലോറനും

ലിയയുടെയും ലോറന്റെയും വളർച്ച ചിത്രങ്ങളിലൂടെ സൂക്ഷിച്ചുവയ്ക്കാനാണ് ഇത്തരമൊരു ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചതെന്നു പറയുന്നു ആംബർ. കുട്ടീസിന്റെ ക്യൂട്ട് ചിത്രങ്ങൾ കണ്ടിഷ്ടപ്പെട്ട് ഒട്ടേറെപ്പേരെത്തിയതോടെ പേജങ്ങു കയറ്റി ഹിറ്റാവുകയായിരുന്നു. മാധ്യമങ്ങളും ഇത് വാർത്തയാക്കിയതോടെ സിംഗപ്പൂരിലെ ഈ ഇരട്ടക്കുട്ടികൾ ഇപ്പോൾ ലോകമെങ്ങും അറിയപ്പെടുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികളുമായിക്കഴിഞ്ഞു. നെറ്റ്‌ലോകത്ത് Momo Twins എന്ന വിളിപ്പേരും വീണുകഴിഞ്ഞു ഇവർക്ക്. കുട്ടികളുമൊത്തുള്ള യാത്ര സംബന്ധിച്ച വിവരങ്ങൾ തന്റെ ബ്ലോഗിലൂടെയും ആംബർ പങ്കുവയ്ക്കാറുണ്ട്. ‘പീറ്റർ ആംബർ ട്രാവൽ’ എന്ന പേരിൽ ഒരു ട്രാവൽ ബ്ലോഗിന്റെ നടത്തിപ്പുകാരുമാണ് ഈ ദമ്പതികൾ. സിംഗപ്പൂരിലെ വി വിധ ഓൺലൈൻ സ്റ്റോറുകളിൽ നിന്നാണ് ആംബർ കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ വാങ്ങാറുള്ളത്. നാലുമാസം കൂടിക്കഴിഞ്ഞാൽ ഇരട്ടക്കുട്ടീസിന്റെ ഒന്നാം പിറന്നാളാണ്–നെറ്റ്‌ലോകം കാത്തിരിക്കുകയാണ്, ആ സ്പെഷൽ ദിനത്തിൽ എന്തായിരിക്കും അമ്മയും അച്ഛനും ലിയക്കും ലോറനും സമ്മാനിക്കുകയെന്ന്...എന്തായാലും ഇതുവരെയുള്ള എല്ലാറ്റിനെയും മറികടക്കുന്ന ഒന്നായിരിക്കുമെന്നത് ഉറപ്പ്.