മറക്കില്ലൊരിക്കലും ആ കാലം, ലാളിത്യത്തിന്റെ നിറകുടമായി മഹേന്ദ്ര സിങ് ധോണി

ധോണി തോമസിനൊപ്പം

ഫീൽഡിനകത്തു മാത്രമല്ല, പുറത്തും മുൻഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഒരു പ്രതീകമാണ്. നന്മയുടെയും ലാളിത്യത്തിന്റെയും പ്രതീകം. ക്രിക്കറ്റിലൂടെ സമ്പന്നതയുടെയും ഗ്ലാമറിന്റെയും ലോകത്തേക്കു വരുംമുമ്പ് ധോണി നയിച്ചിരുന്നത് തികച്ചും സാധാരണമായ ജീവിതമായിരുന്നു. പ്രാരാബ്ധങ്ങൾക്കിടയിലും തന്റെ പ്രിയപ്പെട്ട ക്രിക്കറ്റിനു വേണ്ടി ജീവിച്ച മഹി പിന്നീട് വിജയത്തേരിലേറുകയായിരുന്നു. എങ്കിലും തന്റെ പഴയ സൗഹൃദങ്ങളെ കാണാനും അവരോട് ഇടപഴകാനുമുള്ള അവസരങ്ങൾ ധോണി ഒട്ടും മിസ് ചെയ്യാറില്ല. അതുകൊണ്ടു തന്നെയാണ് വര്‍ഷങ്ങൾ മുമ്പു തനിക്കു ചായ നൽകിയിരുന്ന ആ മനുഷ്യനെ ധോണി തിരിച്ചറിഞ്ഞ് അദ്ദേഹത്തെ അത്താഴത്തിനായി ക്ഷണിച്ചതും.

ക്രിക്കറ്റർ ആകുന്നതിനു മുമ്പ് ഖരക്പൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് പരിശോധകൻ ആയിരുന്നു ധോണി. അക്കാലങ്ങളിൽ താൻ സ്ഥിരം ചായ കുടിക്കാനെത്തിയിരുന്ന സ്ഥലത്തെ ചായക്കടക്കാരനെയാണ് ധോണി അടുത്തിടെ കണ്ടുമുട്ടിയത്. ഓഫീസിനടുത്തുള്ള ആ ചായക്കടയിലേക്ക് മിക്കവാറും ധോണി പോകുമായിരുന്നു. അങ്ങനെയാണ് അവിടെയുള്ള തോമസ് എന്ന ചായക്കടക്കാരനെ പരിചയമാകുന്നത്. നീലക്കുപ്പായമണിഞ്ഞ് ഇന്ത്യക്കു വേണ്ടി കളിച്ചു തുടങ്ങുംമുമ്പ് ആ ചായക്കടയിലെ സ്ഥിരം സന്ദർശകനായിരുന്നു ധോണി. ജാർഖണ്ഡിനെ നയിച്ച്, വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ പങ്കെടുക്കാനെത്തിയ ധോണിയെ കാണാനാണ് തോമസ് എത്തിയത്. തന്റെ പഴയ കസ്റ്റമർ തന്നെ തിരിച്ചറിയുമായിരിക്കും എന്ന പ്രതീക്ഷയോടെയായിരുന്നു തോമസിന്റെ വരവ്.

കഴിഞ്ഞ കാലത്തെ അങ്ങനെ എളുപ്പം മറക്കാൻ കഴിയാത്ത ധോണി വളരെ പെട്ടെന്നുതന്നെ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. തിരിച്ചറിയുക മാത്രമല്ല അദ്ദേഹത്തെ ആർഭാടമായ അത്താഴത്തിനു വേണ്ടി ക്ഷണിക്കുകയും ചെയ്തു. ധോണിഭായ് ഖരക്പൂറിലായിരുന്ന സമയത്ത് ദിവസവും രണ്ടുംമൂന്നും തവണ എന്റെ കടയിലേക്കു വരുമായിരുന്നു. ആ സമയത്ത് ഒട്ടേറെപ്രാവശ്യം ഞാൻ അദ്ദേഹത്തിന് ചൂടുള്ള പാൽ നൽകിയിട്ടുണ്ട്. ഇന്നത്തെ സംഭവത്തിനു ശേഷം ഞാൻ ഖരക്പൂറിലെത്തി എന്റെ ചായക്കടയ്ക്ക് ധോണി ടീ സ്റ്റാൾ എന്നു പേരിടും–തോമസ് പറയുന്നു.