ധോണിയെ കാമുകിമാർ പ്രണയിച്ചത് ആരാണെന്നറിയാതെ !

ധോണി ഭാര്യ സാക്ഷിയോടൊപ്പം

കളി മികവു നഷ്ടപ്പെട്ടാൽ ക്രിക്കറ്റിൽനിന്നു പുറത്താകുന്നതുപോലെയാണ് തിയറ്ററിൽ ആളു കയറിയില്ലെങ്കിൽ സിനിമയുടെ അവസ്ഥ; പ്രത്യേകിച്ചു കോടികൾ മുതൽമുടക്കിയെടുക്കുമ്പോൾ. മൂന്നു സിനിമകൾകൊണ്ടു ബോളിവുഡിൽ സ്വന്തമായി മേൽവിലാസം സൃഷ്ടിച്ച നീരജ് പാണ്ഡേ എന്ന സംവിധായകൻ ‘എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി’ എന്ന പേരിൽ ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ ഇതു ചിലപ്പോൾ ഓർത്തിട്ടുണ്ടാവണം. അതുകൊണ്ടായിരിക്കണം ധോണിയുടെ ക്രിക്കറ്റ് ജീവിതത്തിൽനിന്നു മാറി പുറംലോകത്തിന് അറിയാത്ത ധോണിയുടെ വ്യക്തിജീവിതത്തിനു സിനിമയിൽ ഏറെ പ്രാധാന്യം നൽകിയത്. ഇതിൽ പ്രധാനപ്പെട്ടതാണു രണ്ടാം പകുതിയിൽ കടന്നുവരുന്ന ധോണിയുടെ ജീവിതത്തിലെ രണ്ടു പ്രണയങ്ങൾ.

ഒരു ബോളിവുഡ് മസാല സിനിമ ഒരുക്കാനുള്ള എല്ലാ ചേരുവകളും നിറഞ്ഞതാണ് ഈ രണ്ടു പ്രണയങ്ങളും. ആദ്യ സീരീസിൽ തിളങ്ങാനാവാതപോയതിന്റെ നിരാശയിൽ ഇരിക്കുമ്പോൾ വിമാനത്തിൽവച്ചാണ് തന്റെ ആദ്യ കാമുകി പ്രിയങ്ക എന്ന ഡൽഹിക്കാരിയെ ധോണി കാണുന്നത്. ധോണി ആരാണെന്നുപോലും അറിയാതെയാണു പ്രിയങ്ക ധോണിയെ പരിചയപ്പെടുന്നത്. പിന്നീടു ക്രിക്കറ്റ് കണ്ടാണ് താൻ പരിചയപ്പെട്ടതു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ധോണിയെയാണെന്നു പ്രിയങ്ക തിരിച്ചറിയുന്നത്. അടുത്ത മൽസരത്തിൽ സെഞ്ചുറി നേടുമെന്ന പ്രിയങ്കയുടെ വാചകമാണ് സെഞ്ചുറി നേടിയശേഷം പ്രിയങ്കയെ തിരിച്ചു വിളിക്കാൻ ധോണിയെ പ്രേരിപ്പിക്കുന്നത്. ഇന്ത്യൻ ടീമിന്റെ പാക്കിസ്ഥാൻ പര്യടനത്തിനിടെ ഡൽഹിയിലുണ്ടായ കാറപകടത്തിൽ പ്രിയങ്ക മരിച്ചു. പര്യടനം കഴിഞ്ഞു നാട്ടിലെത്തിയശേഷമാണു ധോണി ഈ വിവരം അറിയുന്നത്.

‘എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിൽ സുശാന്ത് സിങ് രജ്പുതും കിയാര അഡ്വാനിയും

വർഷങ്ങൾക്കുശേഷം, 2008ൽ കൊൽക്കത്തയിലെ ഹോട്ടൽ റിസപ്ഷനിൽവച്ചാണു സാക്ഷിയെ ധോണി കണ്ടുമുട്ടുന്നത്. ക്രിക്കറ്റിനെപ്പറ്റി ഒന്നും അറിയാത്ത സാക്ഷി ധോണിയോടു തിരിച്ചറിയൽ കാർഡ് ചോദിക്കുന്നു. ധോണി അന്നു ട്വന്റി20 ലോകകപ്പ് നേടിയ ക്യാപ്റ്റനാണ്. ബിസിസിഐയുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും സാക്ഷിയുടെ മുഖത്ത് അദ്ഭുതമൊന്നും ഉണ്ടാവുന്നില്ല. ഈ കൗതുകമാണു വീണ്ടും കൊൽക്കത്തയിൽ വരുന്നതിനു മുൻപു സാക്ഷിയെ ഫോൺ ചെയ്യാൻ ധോണിയെ പ്രേരിപ്പിക്കുന്നത്. തുടർന്നുണ്ടാവുന്ന കണ്ടുമുട്ടലുകൾ സാക്ഷിയെ ധോണിയുടെ ജീവിതപങ്കാളിയാക്കി.

ക്രിക്കറ്റ് എന്ന ഗ്ലാമർ ലോകമല്ല, ധോണി എന്ന വ്യക്തിയാണ് ഇവരെ സ്വാധീനിച്ചതെന്നു കാണാം. ചിത്രത്തിൽ ഒരിടത്തു സാക്ഷിതന്നെ പറയുന്ന വാചകമുണ്ട്, എന്റെ ലോകം വളരെ ചെറുതാണെന്ന്. സച്ചിൻ തെൻഡുൽക്കറുടെ കടുത്ത ആരാധികയായ ആദ്യകാമുകി പ്രിയങ്കപോലും കാണുന്ന ലോകവും ജീവിക്കുന്ന ചുറ്റുപാടുകളും സാധാരണക്കാരിയുടേതാണ്.

സുശാന്ത് സിങ് രജ്പുത് ധോണിയുടെ വേഷമിടുന്ന ചിത്രത്തിൽ സാക്ഷിയായി കിയാര അഡ്വാനിയാണു വേഷമിടുന്നത്. ആദ്യകാമുകി പ്രിയങ്കയായി ദിഷ പഠാണി വേഷമിടുന്നു.