സഹതപിക്കുന്നത് നിര്‍ത്തൂ; ഒരു കയ്യില്ലാത്ത യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു

അര്‍ബുദം ബാധിച്ച് ആറാം വയസില്‍ കൈ മുറിച്ചു മാറ്റപ്പെട്ട യുവാവിന്റെ പ്രചോദനാത്മക പോസ്റ്റിന് വന്‍ പ്രതികരണമാണു ലഭിക്കുന്നത്.

ഭിന്നശേഷിക്കാരോട് സമൂഹം എപ്പോഴും സഹതാപമാണ് കാണിക്കുന്നത്. കയ്യില്ലാത്തവരെയും കാലില്ലാത്തവരെയും നമ്മള്‍ ഒറ്റപ്പെടുത്തുന്നു. എന്നാല്‍ അവര്‍ക്കു വേണ്ടതു സഹതാപമല്ല, ചെയ്യുന്ന കാര്യങ്ങള്‍ക്കുള്ള അംഗീകാരമാണെന്നു സമൂഹത്തെ ഓര്‍മപ്പെടുത്തുകയാണ് ഫേസ്ബുക്കിലെ ഒരു പോസ്റ്റ്. അര്‍ബുദം ബാധിച്ച് ആറാം വയസില്‍ കൈ മുറിച്ചു മാറ്റപ്പെട്ട യുവാവിന്റെ പ്രചോദനാത്മക പോസ്റ്റിന് വന്‍ പ്രതികരണമാണു ലഭിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

അഞ്ചു വയസാകുമ്പോഴേക്കും എനിക്ക് അര്‍ബുദരോഗമാണെന്ന് സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി ആറാമത്തെ വയസില്‍ ഡോക്ടര്‍മാര്‍ക്ക് എന്റെ ഇടതുകൈ മുറിച്ചു മാറ്റേണ്ടി വന്നു. തീര്‍ച്ചയായും, വല്ലാത്തൊരവസ്ഥയായിരുന്നു അത്. മറ്റു കുട്ടികള്‍ എന്നെ കളിയാക്കി. പരിഹാസശരങ്ങളില്‍ മനസുപിടഞ്ഞു. എല്ലാവര്‍ക്കും ലഭിക്കുന്നതുപോലുള്ള അവസരങ്ങള്‍ കുട്ടിയായിരിക്കെ എനിക്കു ലഭിച്ചില്ല. ഏറെ ഇഷ്ടമായ ബോക്‌സിംഗിന്റെ കാര്യത്തിലായാലും മറ്റു കളികളുടെ കാര്യത്തിലായാലും ഇതായിരുന്നു അനുഭവം. ഞാന്‍ മാറ്റി നിര്‍ത്തപ്പെട്ടു. വളര്‍ന്നതോടെ ഞാന്‍ എന്റെ അവസ്ഥ അംഗീകരിക്കാന്‍ തുടങ്ങി. ഇടയ്ക്ക് നഷ്ടപ്പെട്ട കയ്യിനെ ഓര്‍ത്ത് സ്വയം കളി പറയും. കുട്ടിയായിരിക്കുമ്പോള്‍ തൊട്ടേ ദൃഢനിശ്ചയം ഓരോ കാര്യത്തിലും എനിക്കുണ്ടായിരുന്നു. 

ഫുട്‌ബോള്‍ എനിക്ക് അഭിനിവേശമായിരുന്നു. ഒരു ഗോള്‍ കീപ്പറാകാന്‍ ഞാന്‍ കടുത്ത പരിശീലനം തന്നെ നടത്തി. അതു ഫലം കണ്ടു. ഇന്റര്‍-സ്‌കൂള്‍ തലത്തില്‍ കളിക്കാന്‍ എനിക്ക് അവസരം കിട്ടി. ടൂര്‍ണമെന്റിലെ ആദ്യ മത്സരം ജീവിതത്തില്‍ എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഒരു കയ്യില്ലാത്ത ഞാനാണ് ഗോളിയെന്ന് എതിര്‍ ടീമിന്റെ കോച്ച് മനസിലാക്കിയപ്പോള്‍ അയാള്‍ പ്രഖ്യാപിച്ചു, അയാളുടെ ടീം ചുരുങ്ങിയത് ആറു ഗോളുകള്‍ക്കെങ്കിലും ജയിക്കുമെന്ന്. എന്നാല്‍ ഞാനതു കാര്യമാക്കിയില്ല. ഞാന്‍ ചെയ്യുന്ന കാര്യത്തില്‍ പരമാവധി ശ്രദ്ധ ചെലുത്തുക മാത്രമായിരുന്നു ചെയ്തത്. അങ്ങനെ കളി തീര്‍ന്നപ്പോള്‍ എല്ലാവരും ആശ്ചര്യപ്പെട്ടു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് എന്റെ ടീം ജയിച്ചു. എന്നെ ലോകം അംഗീകരിച്ച ദിനമായിരുന്നു അത്. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ ഒന്നും എനിക്ക് പരിമിതിയാകില്ലെന്ന് ഞാന്‍ അന്നു തിരിച്ചറിഞ്ഞു. വ്യത്യസ്തമായ നിരവധി കാര്യങ്ങളില്‍ ഞാന്‍ ഏര്‍പ്പെട്ടു. ഒരു കാള്‍ സെന്ററില്‍ ജോലി ചെയ്തു, സിഡി കടയില്‍ നിന്നു. ഹോട്ടലില്‍ വെയ്റ്ററായി, ഹോട്ടല്‍ മാനേജരുമായി. യാത്രകളും ഇഷ്ടമായി തുടങ്ങി. അങ്ങനെ ഒരുപാട് യാത്ര ചെയ്തു. ഗോവയിലായിരിക്കുമ്പോള്‍ കവിതകള്‍ എഴുതി. അഡ്വര്‍ടൈസിംഗ് മേഖലയില്‍ ജോലി ചെയ്തു. സ്വന്തമായി സീക്രട്ട് ലൊക്കേറ്റേഴ്‌സ് എന്ന പോസ്റ്റ് ഫിലിം പ്രൊഡക്ഷന്‍ കമ്പനിയും ഞാന്‍ ആരംഭിച്ചു. ഞാന്‍ എന്റെ സ്വപ്‌നങ്ങളിലെ ജീവിതം അനുഭവിക്കുകയായിരുന്നു.

2014 ആയപ്പോള്‍ കാന്‍സര്‍ മറ്റൊരു രൂപത്തില്‍ വീണ്ടും എന്നെ പിടികൂടി. രണ്ടാം തവണയും ഞാന്‍ അര്‍ബുദത്തെ തോല്‍പ്പിച്ചു. എനിക്കു നിങ്ങളോട് പറയാനുള്ളത് ഒന്നു മാത്രമാണ്. ദയവായി എന്നെപ്പോലുള്ളവരോട് സഹതാപം കാണിക്കരുത്. സഹതപിക്കുന്നത് ദയവായി നിര്‍ത്തൂ. ഞാന്‍ വികലാംഗനല്ല, ഭിന്നശേഷിക്കാരനാണ്. എന്നെപ്പോലുള്ളവരോട് സഹതാപം കാണിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുക മാത്രമേ ചെയ്യൂ. 

നിങ്ങള്‍ എന്നെ നോക്കൂ. ഒരു കയ്യില്ല. ഞാന്‍ ക്രിക്കറ്റ് കളിക്കും, ചെസ് കളിക്കും, ടേബിള്‍ ടെന്നിസ് കളിക്കും, ഒരു പര്‍വതം കയറിയിട്ടുണ്ട്, കടല്‍ നിരപ്പില്‍ നിന്നും 13,500 അടി ഉയരമുള്ളത്. അതും 75 ലിറ്റര്‍ ബാക്പാക്കുമിട്ട് രണ്ടുതവണ. ഇനി പറയൂ എനിക്കു വേണ്ടത് സഹതാപമാണോ.''