കാര്യങ്ങൾ മാറ്റിവയ്ക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇത് ഉറപ്പായും വായിക്കണം

Representative Image

ജുറാസിക് പാർക്ക്, ടൈറ്റാനിക്, അവതാർ തുടങ്ങിയ സിനിമകൾ ലോകത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളാണ്. ഈ സിനിമകൾ നേടിയ മൊത്തം വരുമാനത്തേക്കാൾ വരുമാനം നേടിയ ഒരു പുസ്തകമുണ്ട്- സ്റ്റീഫർ ആർ. കോവെയുടെ ‘ദ സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി ഇഫക്ടീവ് പീപ്പിൾ’. ഈ പുസ്തകത്തിൽ അദ്ദേഹം വരച്ചുകാട്ടുന്ന ഒന്നാമത്തെ ഹാബിറ്റാണ് മുൻകൂട്ടി മനസിലാക്കി കാര്യങ്ങൾ ചെയ്യുവാനുള്ള ശീലം. നാളെകളിൽ സംഭവിക്കുവാൻ സാധ്യതയുള്ള മാറ്റം, അതു ജോലിയിലായാലും ജീവിതത്തിലായാലും മുൻകൂട്ടി മനസിലാക്കി വേണ്ട തീരുമാനം എടുക്കുവാനുള്ള കഴിവിനെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ നിത്യജീവിതത്തിൽ ചെയ്യേണ്ട കാര്യങ്ങൾ പോലും ചെയ്യാതെ കാര്യങ്ങൾ മാറ്റി വയ്ക്കുന്ന ശീലമുള്ള ആളുകൾ നമ്മുടെയിടയിൽ ധാരാളമുണ്ട്. പലപ്പോഴും അതു നിങ്ങൾ തന്നെയാകാം. ഇതുകൊണ്ട് എന്താണു നഷ്ടം എന്ന് ഒരുപക്ഷേ നിങ്ങൾ ചോദിച്ചേക്കാം. നമുക്ക് സ്വന്തമാക്കുവാൻ സാധിക്കുന്ന പല നേട്ടങ്ങളുമാണ് ഈ ഒരു ന്യൂനതമൂലം നമുക്കു നഷ്ടമാകുന്നത്.

പഠിക്കുന്ന വിദ്യാർഥി മുതൽ പ്രഫഷനൽ രംഗങ്ങളിൽ ജോലി ചെയ്യുന്ന വ്യക്തികളെ വരെ കാര്യങ്ങൾ മാറ്റിവയ്ക്കുക എന്ന ശീലം ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതിനെ നേരിടുവാനുള്ള ഏതാനും മാർഗ്ഗങ്ങളാണ് ഇനി പറയുന്നത്.

1. നിങ്ങളുടെ ജോലി പലഭാഗങ്ങളായി വിഭജിക്കുക

പലരും കാര്യങ്ങൾ മാറ്റിവയ്ക്കാനുള്ള ഒരു പ്രധാന കാരണം കാര്യങ്ങൾ കൂടുതൽ ചെയ്തു തീർക്കേണ്ടതുണ്ട് എന്ന തോന്നലുള്ളതുകൊണ്ടാണ്. ചെയ്തു തീർക്കേണ്ട ജോലിയെ പലഭാഗങ്ങളായി വിഭജിക്കുക. അതിനുശേഷം ഒരു ഭാഗം മാത്രം ചെയ്തു തീർക്കുന്നതിൽ ശ്രദ്ധിക്കുക. ഇതു ജോലിഭാരം ലഘൂകരിക്കുന്നതിനും കുറച്ചേ ചെയ്തുവുള്ളൂവെങ്കിലും ഭംഗിയായി ചെയ്വുന്നതിനും നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന് ഏതെങ്കിലുമൊരു വിഷയം പഠിക്കാനിരിക്കുമ്പോൾ ഒരുപാട് പഠിക്കാനുണ്ട് എന്ന തോന്നൽ പഠനത്തിൽ നിന്നും നമ്മെ പിന്തിരിപ്പിക്കും. എന്നാൽ ഒരു ഭാഗം മാത്രം തിരഞ്ഞെടുത്ത് പഠിക്കുകയാണെങ്കിൽ പഠനം മാറ്റിവയ്ക്കുവാനുള്ള സാധ്യത കുറവായിരിക്കും.

2. ചുറ്റുപാടുകളെ പുനഃക്രമീകരിക്കുക

വ്യത്യസ്ത ചുറ്റുപാടുകൾ നമ്മളെ വ്യത്യസ്തമായ രീതിയിൽ സ്വാധീനിക്കും. ചില ചുറ്റുപാടുകൾ പഠിക്കുവാനും, ജോലി ചെയ്യുവാനുമൊക്കെ നമ്മെ പ്രേരിപ്പിക്കും. മറ്റു ചില ചുറ്റുപാടുകൾ കാണുമ്പോൾ തന്നെ ഉറങ്ങാനോ വിശ്രമിക്കാനോ ഒക്കെയായിരിക്കും നമുക്കു തോന്നുക. ചുറ്റുപാടുകളെ നമ്മൾ തന്നെ പുനഃക്രമീകരിക്കുക.

3. സമയബന്ധിതമായി കാര്യങ്ങൾ ചെയ്യുക

ഓരോ കാര്യവും ചെയ്തു തീർക്കുന്നതിന് സമയപരിധി നിശ്ചയിക്കുക. ഓരോ കാര്യങ്ങളും പല ഭാഗങ്ങളായി തിരിച്ച് ഓരോന്നും ചെയ്തു തീർക്കുന്നതിന് സമയം നിശ്ചയിക്കുക. ലക്ഷ്യങ്ങളെ മാസത്തിലും, ആഴ്ചയിലും, ദിവസത്തിലും ചെയ്തു തീർക്കേണ്ടവയെന്ന് വേർതിരിക്കുക. അനായാസേന കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് ഇതു നിങ്ങളെ സഹായിക്കും.

4. സമയം അപഹരിക്കുന്നവയെ കണ്ടെത്തുക

പലയാളുകളും കാര്യങ്ങൾ മാറ്റിവയ്ക്കുന്നതിനു ഒരു പ്രധാനകാരണം സമയമില്ല എന്ന ന്യായീകരണം പറഞ്ഞാണ്. നിങ്ങളുടെ വിലപിടിച്ച സമയം അപഹരിക്കുന്നവയെ കണ്ടെത്തുക. ഫേസ്ബുക്ക്, ചാറ്റിങ്, ദീർഘമായ പത്രം വായന, ടി.വി, ദീർഘമായ ടെലിഫോൺ സംഭാഷണങ്ങൾ.. അങ്ങനെ നിരവധി കാര്യങ്ങൾ ഒരുപക്ഷേ നിങ്ങളുടെ സമയം അപഹരിക്കുന്നുണ്ടാവും. അവയെ നിയന്ത്രിക്കുകയാണ് പ്രധാന പോംവഴി. തന്മൂലം കൂടുതൽ സമയം ക്രിയാത്മകമായി വിനിയോഗിക്കുവാൻ നിങ്ങൾക്കാവും.

5.നിങ്ങളെ പ്രചോദിപ്പിക്കുന്നവരുമായി സമയം ചെലവിടുക

ബിൽഗേറ്റ്സിനോടൊപ്പമോ, നാരായണമൂർത്തിക്കൊപ്പമോ 10 മിനിട്ട് ചിലവിട്ടാൽ വെറുതെയിരിക്കുവാൻ ഒരിക്കലും നിങ്ങൾക്കു തോന്നില്ല. ഒരുപക്ഷേ ഇവരോടൊപ്പം നേരിട്ടു സമയം ചെലവഴിക്കുവാൻ നമുക്കായെന്നു വരില്ല. അതുകൊണ്ട് ഇവരുടെ പുസ്തകങ്ങൾ വായിക്കുന്നതു നമ്മെ പ്രചോദിപ്പിക്കും. ചില നല്ല സുഹൃത്തുക്കളോടൊപ്പമോ, അധ്യാപകർക്കൊപ്പമോ സമയം ചിലവിട്ടാൽ മികച്ച പ്രകടനത്തിന് അവർ നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. വെറുതെ സമയം ചെലവഴിക്കാതെ പ്രചോദനാത്മക പുസ്തകങ്ങൾ വായിക്കുന്നതിനും, മോട്ടിവേഷനൽ വിഡിയോകൾ കാണുന്നതിനും ഒക്കെ സമയം ചിലവഴിക്കുക. ഒപ്പം മൂന്നു മാസത്തിലൊരിക്കലെങ്കിലും ഒരു മോട്ടിവേഷനൽ ട്രെയിനിങിൽ പങ്കെടുക്കുകയും ചെയ്യുക.

6.ഒരു പങ്കാളിയെ കണ്ടെത്തുക

ഒറ്റയ്ക്കിരുന്നു കാര്യങ്ങൾ ചെയ്യുവാൻ മടിയുള്ള പലരും ഒരു പാർട്ണറെ കൂടെക്കിട്ടുമ്പോൾ ക്രിയാത്മകമായി പ്രവർത്തിക്കുന്നത് കണ്ടുവരാറുണ്ട്. ഒരു ടീമായി മുന്നേറുമ്പോൾ ഒറ്റയ്ക്ക് ചെയ്യുന്നതിലും മികച്ച രീതിയിൽ പ്രവർത്തിക്കുവാൻ പലപ്പോഴും സാധിക്കും. മടിയും അലസതയും മാറ്റാനും ഇത് സഹായകരമാകും.

7.നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ചു മറ്റുള്ളവരോട് പറയുക

നിങ്ങളുടെ സുഹൃത്തുക്കളോടും, ബന്ധുക്കളോടും, പ്രിയപ്പെട്ടവരോടുമൊക്കെ നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് പറയുമ്പോൾ നിങ്ങളെ കാണുമ്പോഴൊക്കെ ആ ലക്ഷ്യത്തിന്റെ പുരോഗതിയെക്കുറിച്ച് അവർ നിങ്ങളോടു ചോദിക്കും. ഇതു കാര്യങ്ങൾ നാളെകളിലേക്ക് മാറ്റിവയ്ക്കുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കും.

8.ലക്ഷ്യം നേടിയവരുമായി ബന്ധപ്പെട്ടു നിൽക്കുക

പഠനമേഖലയിലും, ജോലിയിലുമൊക്കെ മികച്ച ലക്ഷ്യങ്ങൾ സ്വന്തമാക്കുന്നതിനുള്ള എളുപ്പമാർഗ്ഗം ലക്ഷ്യം സ്വന്തമാക്കിയ ആളുകളുമായി ബന്ധപ്പെട്ട് നിൽക്കുക എന്നുള്ളതാണ്. ഇതു ലക്ഷ്യപ്രാപ്തിയിലേക്ക് നമ്മെ നയിക്കും.

9.ലക്ഷ്യങ്ങളെ പുനർവിചിന്തനത്തിനു വിധേയമാക്കുക

നിങ്ങൾ പലകാര്യങ്ങളും ഉദ്ദേശിച്ച സമയത്ത് ചെയ്യുന്നില്ലായെങ്കിൽ നിങ്ങളുടെ ലക്ഷ്യങ്ങളെ പുനർവിചിന്തനത്തിനു വിധേയമാക്കുക. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന പലകാര്യങ്ങളും നിങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് സഹായകരമായിരിക്കില്ല. ലക്ഷ്യം നേടുന്നതിന് എന്താണോ ചെയ്യേണ്ടത് അതു ചെയ്യുവാൻ ശ്രമിക്കുക. ഇനി അതു നിങ്ങളെക്കൊണ്ട് സാധിക്കുകയില്ലെങ്കിൽ ലക്ഷ്യങ്ങൾ പുനഃക്രമീകരിക്കുന്നതും നല്ലതാണ്.

10.മികച്ച സമയം എന്നൊന്നില്ല

ചിലയാളുകൾ കാര്യങ്ങൾ മാറ്റിവയ്ക്കുന്നതിനുപറയുന്ന കാരണം രാവിലെയാണ് നല്ല സമയം, അല്ലെങ്കിൽ വൈകിട്ടാണ് നല്ലസമയം എന്നൊക്കെ പറഞ്ഞാണ്. തിരിച്ചറിയുക. അങ്ങനെയൊരു സമയമില്ല. എല്ലാ സമയവും നല്ല സമയമാണ്. നമ്മുടെ മനസാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത്. ഈ നിമിഷം പ്രയോജനപ്പെടുത്തുവാൻ നിങ്ങൾ തയ്വാറാകുമ്പോൾ എല്ലാ സമയവും നല്ല സമയമാകും.

11.അറിവിനേക്കാൾ പ്രധാനം പ്രവൃത്തി

അറിവുണ്ടെങ്കിലും പ്രവർത്തിക്കുവാൻ നമുക്കു സാധിക്കുന്നില്ലായെങ്കിൽ നമുക്ക് റിസൾട്ട് കിട്ടണമെന്നില്ല. പൂർണ്ണതയ്ക്കുവേണ്ടി ശ്രമിക്കാം, പക്ഷേ പൂർണ്ണതയിലെത്തിയില്ല എന്നതുകൊണ്ടു പ്രവർത്തിക്കാതിരിക്കുന്നത് മണ്ടത്തരമാണ്. പ്രവർത്തിക്കുവാൻ തയ്യാറായാൽ, അതിനു മനസു വച്ചാൽ പൂർണ്ണത തനിയേ വന്നുകൊള്ളും.

ഇങ്ങനെ കാര്യങ്ങൾ നാളെ നാളെ നീളെ നീളെ എന്നിങ്ങനെ മാറ്റിവയ്ക്കുന്ന ശീലം ജീവിതത്തിൽ നിന്നും മാറ്റിയാൽ വ്യക്തിത്വം കൂടുതൽ ആകർഷകമാകുകയും ജീവിതവിജയം സ്വന്തമാകുകയും ചെയ്യും.

(പ്രശസ്ത രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കറും, സൈക്കോളജിസ്റ്റും, ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപത്തഞ്ചോളം ബെസ്റ്റ് സെല്ലിംഗ് പ്രചോദനാത്മക ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകൻ, ഫോൺ : 9447259402).