മൂന്നാം ക്ലാസുകാരിയോട് എന്തിന് ആ ക്രൂരത, ഇതവളുടെ രണ്ടാം ജന്മം!

ചില ദുരന്തങ്ങൾ അങ്ങനെയാണ്, അത് മനസ്സിനെ തളർത്തുകയല്ല., ഉണർവോടെ പുതിയ ലക്ഷ്യത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ഫീനിക്സ് പക്ഷിയുടെ കഥ പോലെ, കരുത്താർന്നവ. കരിഞ്ഞു ചാമ്പലായാലും ഉയർത്തെഴുന്നേൽക്കും ലക്ഷ്യപ്രാപ്തിക്കായി. ഇത് അത്തരത്തിൽ ഒരു കൊച്ചു ഫീനിക്സ് പക്ഷിയുടെ കഥയാണ്. ഡോളി , എന്ന 16 കാരിയുടെ കഥ. നമുക്ക് ചുറ്റുമുള്ള ഏതൊരു കൗമാരക്കാരിയെയും പോലെ ഡോളിയുടെ മനസ്സിൽ നിറമുള്ള സ്വപ്നങ്ങളുണ്ട്, മുന്നോട്ടു കുതിക്കാനുള്ള ആക്കമുണ്ട് , എന്നാൽ സ്ഫുരിക്കുന്ന മുഖമോ തിളങ്ങുന്ന കണ്ണുകളോ ഇല്ല. പകരം, ആസിഡ് വീര്യത്തിൽ ഉരുകിയൊലിച്ച രണ്ട് നേത്രഗോളങ്ങൾ , ആസിഡ് ചൂടിൽ കത്തി ചുരുങ്ങിയ മുഖചർമ്മം. എന്നാലും, ഡോളി ചിരിക്കും സ്വപ്നം കാണും , ഇന്നിന്റെ ഓർമ്മകളിൽ കരിനിഴൽ ഉണ്ടെങ്കിലും നാളെയുടെ നല്ല നാളുകൾ അവളുടേതാകുമെന്ന വിശ്വാസത്തിൽ അവൾ സാദാ പുഞ്ചിരിക്കും.

ഡോളി, നിറമുള്ള സ്വപ്നങ്ങളുടെ മാലാഖ 

ആസിഡ് ആക്രമണത്തിന്റെ പ്രായപൂർത്തിയാവാത്ത ഇരകളിൽ ഒരാളാണ് ഡോളി എന്ന ഈ കൊച്ചു മിടുക്കി. സ്വദേശം ആഗ്ര. അച്ഛന്റെയും അമ്മയുടെയും പൊന്നു മകളായി മിടുക്കിയായി വളരുമ്പോഴാണ് ഡോളിയുടെ കുഞ്ഞു ജീവിതത്തിൽ ആസിഡ് വില്ലനായി എത്തുന്നത്. സ്‌കൂളിൽ പോകുമ്പോഴും വരുമ്പോഴും അയൽവാസിയായ 25 കാരൻ എന്നും കുഞ്ഞു ഡോളിയെ ശല്യം ചെയ്യുമായിരുന്നു. അങ്ങനെ പയ്യെ പയ്യെ സ്‌കൂൾ യാത്രയും വീട്ടിലേക്കുള്ള മടക്ക യാത്രയും ഡോളിക്ക് നരകയാത്രയായി മാറി. പ്രദീപ് ഭയ്യാ എന്ന് ഡോളി വിളിക്കുന്ന പ്രദീപ് ഇത്തരത്തിൽ ഒരു ശല്യക്കാരനാണ് എന്ന് ഡോളിയുടെ മാതാപിതാക്കൾ ഒട്ടു അറിഞ്ഞുമില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ വന്ന ഒരു ദിവസം, ഡോളി അച്ഛനോട് പ്രദീപ് ഭയ്യയുടെ ചെയ്തികളെക്കുറിച്ച് പരാതി പറഞ്ഞു. അന്ന് ഡോളി മൂന്നാം ക്ലാസിൽ പഠിക്കുന്നു. സ്വാഭാവികമായും മകളെ കരയിപ്പിച്ചവനോട് അച്ഛന് ദേഷ്യം തോന്നാം. അദ്ദേഹം പ്രദീപിനെ വിളിച്ച് ശകാരിച്ചു. മകളെ ശല്യം ചെയ്യരുത് എന്നാവശ്യപ്പെട്ടു. അതോടെ എല്ലാം അവസാനിച്ചു എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സംഭവിച്ചത് അതായിരുന്നില്ല. 

തക്കം പാർത്തിരുന്ന ചെന്നായയെ പോലെ അയാൾ

ഡോളിയുടെ അച്ഛന്റെ വാക്കുകൾ പ്രദീപിനെ പ്രതികാരദാഹിയാക്കി മാറ്റി. നിനച്ചിരിക്കാതെ ഒരു ദിവസം വീട്ടിലേക്ക് കയറി വന്ന പ്രദീപ് കുഞ്ഞു ഡോളിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ച് ഇറങ്ങിപ്പോയി. അസ്ഥിയുരുകുന്ന വേദനയിൽ കരയുന്ന മകളെ നോക്കിനിൽക്കാൻ മാത്രമേ മാതാപിതാക്കൾക്ക് കഴിഞ്ഞുള്ളു, സംഭവം നടന്ന ഉടൻ തന്നെ ഡോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപ്പോഴേക്കും ആസിഡ് വീര്യം ആ കുഞ്ഞുമുഖത്തെ വികൃതമാക്കിക്കഴിഞ്ഞിരുന്നു. പിന്നീട് പോരാട്ടത്തിന്റെ ദിനങ്ങളായിരുന്നു. തുടർച്ചയായ ഓപ്പറേഷനുകൾ ഡോളിയെ തളർത്തി. ആരെയും കാണാനും സംസാരിക്കാനുമുള്ള താല്പര്യം പാടെ നഷ്ടമായി. ആത്മവിശ്വാസം പൂർണമായി നഷ്ട്ടപ്പെട്ട അവസ്ഥ,. എന്നാൽ ഏത് അവസ്ഥയിലും മകൾക്ക് താങ്ങും തണലുമായി ഡോളിയുടെ മാതാപിതാക്കൾ ഉണ്ടായിരുന്നു. ആ കുഞ്ഞു പൂമ്പാറ്റയുടെ ചിറകരിഞ്ഞ പ്രദീപിന് അർഹിക്കുന്ന ശിക്ഷ നൽകുന്നതിനായി ഡോളിയുടെ മാതാപിതാക്കൾ പോരാടി. 

സ്വയം ഉരുകിത്തീർന്ന ദിനങ്ങൾ, ഒടുവിൽ പറക്കാൻ പഠിക്കുന്നു 

എന്നാൽ ചെറുത്ത് നിൽപ്പ് പറഞ്ഞത്ര എളുപ്പമല്ലായിരുന്നു. ''ഏകദേശം 3 വർഷത്തോളം ആരെയും കാണാതെ മുറിയിൽ തന്നെയായിരുന്നു ജീവിതം. ആദ്യത്തെ ഒരു വര്‍ഷം ആരെയും കണ്ടിട്ടില്ല, മുറിയിൽ തന്നെ  അടച്ചിട്ടു. ആശുപത്രിയിലേക്കോ കോടതിയിലേക്കോ പോകണമെങ്കിൽ മുഖം മൂടി ആരും ശ്രദ്ധിക്കാത്ത രീതിയിൽ പോകേണ്ടിയിരുന്നു. ഇത് കൂടുതൽ ബുദ്ധിമുട്ടുളവാക്കി. രണ്ടു വർഷത്തിന് ശേഷമാണ് ആഗ്രയിൽ ആസിഡ് ആക്രമണങ്ങളുടെ ഇരകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഷിറോസ് ഹാങ് ഔട്ട് എന്ന സ്ഥാപനത്തെക്കുറിച്ച് അറിയുന്നത് . "അവിടെ എന്നെ പോലെ ചെയ്യാത്ത കുറ്റത്തിന് ആസിഡ് ആക്രമണത്തിന് ഇരയായവർ ധാരാളം. അവരാരും എന്നെ പോലെ മുഖം മറച്ച് നടക്കുന്നില്ല, മറിച്ച് ജീവിതത്തെ സധൈര്യം നേരിടുന്നു. അവരുമായുള്ള സഹവാസം എനിക്ക് കൂടുതൽ കരുത്തു നൽകി. പതിയെ മുഖമറയില്ലാതെ ഞാൻ ജനങ്ങളെ അഭിമുഖീകരിച്ച് തുടങ്ങി'' ഡോളി പറയുന്നു. 

പഠിക്കണം ഡോക്ടറാകണം 

മറ്റുള്ളവരെ അഭിമുഖീകരിക്കാൻ എന്ന ആത്മവിശ്വാസം വന്നപ്പോൾ, സ്‌കൂളിൽ പോകണം, പഠിക്കണം എന്ന ആഗ്രഹം ഡോളിയുടെ മനസ്സിൽ തിരിച്ചെത്തി. പഠനം നിർത്തിയിട്ട് വർഷങ്ങളായി എങ്കിലും ഡോളി തന്റെ ആഗ്രഹം പറഞ്ഞപ്പോൾ സ്‌കൂൾ അധികൃതർക്ക് പൂർണ്ണ സമ്മതം. ഡോളിയുടെ സുഹൃത്തുക്കളും അവളുടെ തിരിച്ചു വരവ് ആഘോഷിക്കുകയാണ്. പഠിച്ച് ഡോക്ടറാവുക എന്നതാണ് ഡോളിയുടെ ആഗ്രഹം. ഇനിയള്ള ഓരോ ചുവടും അതിനായുള്ളതാണ് എന്ന് ഡോളി ഉറപ്പിച്ചു പറയുന്നു. മടങ്ങി വരവിൽ ആറാം ക്ളാസുകാരിയായാണ് ഡോളി പഠനം പുനരാരംഭിക്കുന്നത്.

അവളുടെ പൊള്ളലേറ്റമുഖം ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഒരിക്കലും ഒരു വിലങ്ങുതടിയാകുന്നില്ല. മറ്റു പല ഡോളിമാർക്കും മാതൃകയാക്കാനുള്ള കരുത്തിന്റെ പ്രതീകമായി ഡോളി സ്‌കൂളിലേക്ക്. ആസിഡിനെക്കാൾ വീര്യമുള്ള ഡോളിയുടെ സ്വപ്നങ്ങൾക്ക് ചിറകുവയ്ക്കട്ടെ നമുക്കും ആശംസിക്കാം.