500 ൽ നിന്ന് 50 കിലോ കുറച്ചത് 12 ദിവസം കൊണ്ട്, പ്രതീക്ഷയോടെ ലോകത്തെ ഏറ്റവും ഭാരമുള്ള പെൺകുട്ടി

ഇമാന്‍ അഹമ്മദ്, ഇമാന്‍ കുട്ടിക്കാലത്തില്‍

ലോകത്തിലെ തന്നെ ഏറ്റവും ഭാരമുള്ള ഇമാൻ അഹമ്മദ് എന്ന പെൺകുട്ടിയെ ഓർമയില്ലേ? അമിതവണ്ണം ജീവനുതന്നെ ഭീഷണിയായതോടെയാണ് ഈജിപ്ത് സ്വേദശിയായ ഇമാൻ വണ്ണം കുറയ്ക്കൽ ചികിത്സയ്ക്കായി മുംബൈയിലേക്കു പറന്നത്. മുപ്പത്തിയാറുകാരിയായ ഇമാന്റെ ഭാരം അഞ്ഞൂറു കിലോ ആയിരുന്നു. പുതിയ വിശേഷം അതൊന്നുമല്ല ഭാരത്താൽ ജീവിതം തന്നെ ഇരുട്ടിലായ ഇമാൻ ചികിത്സയോടെ അമ്പതു കിലോ കുറച്ചിരിക്കുന്നു അതും വെറും പന്ത്രണ്ട് ദിവസം കൊണ്ട്.

കഴിഞ്ഞ 25 വർഷമായി വീടിനു പുറംലോകം കാണാത്ത ഇമാനെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ മാറ്റമാണ്. പുതിയ ജീവിതത്തിലേക്കു പ്രതീക്ഷ നൽകുന്ന മാറ്റം. സെയ്ഫി ഹോസ്പിറ്റലിൽ ഡോക്ടർ മുഫാസൽ ലക്ഡാവാലയുടെ നേതൃത്വത്തിലാണ് ഇമാന് ചികിത്സ നൽകുന്നത്. സ്ലീപ് അപ്നിയ, ഹേപോതൈറോയ്ഡ്, ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, െപാണ്ണത്തടി എന്നിവയ്ക്കെല്ലാമാണ് ഇമാനു ചികിത്സ നൽകുന്നത്. ഒപ്പം പ്രോട്ടീൻ ഡയറ്റുമുണ്ട്.

അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇമാന് ആദ്യത്തെ സർജറി നടത്തുന്നതാണ്. ഓപ്പറേഷൻ തിയ്യേറ്ററിൽ പ്രവേശിപ്പിക്കാനായി ഇമാന് വണ്ണം കുറയ്ക്കേണ്ടതുണ്ട്. ഇന്ന് ഇമാന് തന്റെ ശരീരം ഉയർത്താൻ മറ്റുള്ളവരുടെ സഹായം ആവശ്യമില്ല. പരസഹായമില്ലാതെ ബെഡിൽ ഇരിക്കാന്‍ ഇമാൻ പഠിച്ചു കഴിഞ്ഞു. വർഷങ്ങളായി സമാധാനമായി ഉറങ്ങാൻ കഴിയാതിരുന്ന ഇമാന് ഇപ്പോള്‍ എട്ടുമണിക്കൂറോളം സുഖമായി ഉറങ്ങാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു.

ഇമാന്‍ ചികിത്സയ്ക്കിടെ

ആശുപത്രിയിൽ ഇവർക്കു വേണ്ടി പ്രത്യേക വാർഡ് തന്നെ നിർമിച്ചിട്ടുണ്ട്. ഭാരം 100 കിലോഗ്രാം ആക്കുകയാണു ലക്ഷ്യം. 500 കിലോ ഭാരം മൂലം കിടക്കയില്‍ നിന്നും എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഇമാന്റേത്. ഡിസംബർ അഞ്ചിന്ഡോക്ടർ ലക്ഡാവാല പോസ്റ്റു ചെയ്ത ട്വീറ്റ് ആണ് ഇമാനു തുണയായത്. ഇന്ത്യൻ എംബസിയുടെ ചില നിബന്ധനകൾ മൂലം ഇമാനു സാധാരണ വീസ വൈകുകയാണെന്നും മെഡിക്കൽ വീസ അനുവദിക്കണമെന്നുമായിരുന്നു ഡോക്ടറുടെ ട്വീറ്റ്.

ഒരുദിവസത്തിനകം തന്നെ സുഷമ സ്വരാജ് വിഷയത്തിൽ പരിഹാരം കണ്ടെത്തി. ഇതു തന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനു നന്ദിയെന്നും തീർച്ചയായും ഇമാനെ സഹായിക്കുമെന്നുമാണ് സുഷമ മറുപ‌ടി നൽകിയത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഡോക്ടർ സുഷമയ്ക്കു നന്ദി പറഞ്ഞുകൊണ്ടുള്ള ട്വീറ്റും പോസ്റ്റു ചെയ്തു. ഇനി ഈ പെൺകുട്ടിക്കു ജീവിക്കാൻ രണ്ടാമതൊരു അവസരം നൽകുവാനുള്ള തന്റെ കഠിന യാത്ര ആരംഭിക്കുകയായി എന്നും ഡോക്ടർ ട്വീറ്റ് ചെയ്തു.

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പെൺകുട്ടി എന്നറിയപ്പെ‌ടുന്ന ഇമാൻ കഴിഞ്ഞ 25 വർഷമായി തന്റെ അമിതഭാരം മൂലം വീടിനു പുറം കണ്ടിട്ടില്ല. നേരത്തെ നിരവധി ഡോക്ടർമാര്‍ ഇമാന്റെ കാര്യത്തിൽ പ്രതീക്ഷയില്ലെന്ന് അറിയിച്ചതായിരുന്നു. അമിതവണ്ണക്കാരെ ചികിത്സിച്ചു ഭേദമാക്കിയതിൽ മുൻപന്തിയിലാണ് ഡോക്ടർ ലക്ഡാവാലയുടെ സ്ഥാനം.