31 വർഷമായി ജീവിക്കുന്നത് രോഗികൾക്കു വേണ്ടി, എഞ്ചിനീയർ പദവി വലിച്ചെറിഞ്ഞ് ടാക്സി ഡ്രൈവറായി

വിജയ് താക്കൂർ

65,000 രൂപ മാസശമ്പളം വാങ്ങിയ ജോലിയിൽ നിന്നും പതിനായിരം രൂപ ലഭിക്കുന്ന ജോലിയിലേക്ക് ഒരു മാറ്റത്തിനു തയ്യാറാവുന്നവർ എത്ര പേരുണ്ടാകും? സൗകര്യങ്ങളുടെ ചുറ്റുവട്ടത്തിൽ നിന്നും ഇവയൊന്നുമില്ലാത്ത തീർത്തും സാധാരണ ചുറ്റുപാടിലേക്കു കൂടുമാറാൻ മനസുള്ളവര്‍ ചുരുക്കമാണ്, അതെത്ര നല്ല കാര്യത്തിനു വേണ്ടിയാണെങ്കിൽപ്പോലും. അവർക്കിടയില്‍ വ്യത്യസ്തനാവുകയാണ് മുംബൈ സ്വദേശിയായ വിജയ് താക്കൂർ എന്നയാൾ. മെക്കാനിക്കൽ എഞ്ചിനീയർ ആയിരുന്ന മാസം 65000 രൂപയിൽപ്പരം ശമ്പളം വാങ്ങിയിരുന്ന വിജയ് ഇന്നൊരു ടാക്സി ഡ്രൈവറാണ്. െവറും ‍ഡ്രൈവറല്ല, ആശുപത്രിയിൽ പോകേണ്ട രോഗികൾക്കായി സൗജന്യ സേവനമാണ് ഇദ്ദേഹം നടത്തിവരുന്നത്.

രാത്രിയോ പകലോയെന്നില്ലാതെ എപ്പോള്‍ വേണമെങ്കിലും വിജയ് താക്കൂറിനെ വിളിച്ചു സഹായം അഭ്യർഥിക്കാം നിമിഷ നേരങ്ങൾക്കുള്ളിൽ തന്റെ ടാക്സിയുമായി അദ്ദേഹമെത്തും. 31 വര്‍ഷങ്ങൾക്കു മുമ്പ് എഞ്ചിനീയർ പദവി ഉപേക്ഷിച്ച് ‌ടാക്സി ‍ഡ്രൈവറാകുവാൻ തീരുമാനിച്ച കാര്യം പറയുമ്പോള്‍ ഇപ്പോഴും അറുപത്തിരണ്ടുകാരനായ ഇദ്ദേഹത്തിന്റെ നെഞ്ചൊന്നു പിടയ്ക്കും. രാത്രി രണ്ടുമണിയായതോടെയാണ് ഭാര്യ സരോജ് താക്കൂറിന്റെ ഗർഭം അലസി അമിതമായ വേദന വന്നത്. ഓട്ടോറിക്ഷയ്ക്കോ ടാക്സിയ്ക്കോ വേണ്ടി കാത്തു നിന്നെങ്കിലും അരമണിക്കൂറായിട്ടും ഒന്നും ലഭിച്ചില്ലെന്നു മാത്രമല്ല ഭാര്യ വേദനയാൽ പുളയുകയായിരുന്നു. ഇക്കാര്യം മനസു വേദനിപ്പിച്ചതോടെയാണ് വളന്ററി റിട്ടയർമെന്റ് എടുത്ത് ടാക്സി ഡ്രൈവറാകുവാൻ തീരുമാനിച്ചത്.

ഇത്രയും വർഷമായിട്ടും താനെടുത്ത തീരുമാനം തെറ്റായെന്നോ അബദ്ധം പറ്റിയെന്നോ തോന്നിയിട്ടില്ലെന്നു പറയുന്നു ഇദ്ദേഹം. തുടക്കത്തിൽ ഭാര്യയും കുടുംബവുമൊന്നും തന്റെ തീരുമാനത്തെ പിന്തുണച്ചിരുന്നില്ല. വെറും പതിനായിരം രൂപയോടടുത്ത് ശമ്പളം വാങ്ങുമ്പോഴും വിജയ് താക്കൂറിന് ഒട്ടും ഖേദം തോന്നുന്നില്ല. രോഗികളിൽ നിന്നു മാത്രം യാത്രാക്കൂലി വാങ്ങില്ലെന്നു നേരത്തെ തീരുമാനിച്ചതാണ് ,ആ പണം അവർക്കു മരുന്നിനു വേണ്ടി ചിലവഴിക്കാമല്ലോ. അതേസമയം കോളേജ് വിദ്യാർഥികൾക്കു വേണ്ടിയും മറ്റു യാത്രക്കാർക്കു വേണ്ടിയുമെല്ലാം സേവനം നടത്തുന്നുണ്ട്. താക്കൂറിന്റെ ഇളയമകൻ വിനീതും മരുമകൾ ദീപ്തിയും പ്രൈവറ്റ് കമ്പനിയിലെ മാനേജർമാരാണ്. ഇനി ഇത്രയൊക്കെ കേട്ടിട്ട് വിജയ് താക്കൂർ തന്റെ വാഹനത്തിനിട്ട പേരു കൂടി കേൾക്കണ്ടെ, ജീവൻ ദാൻ ഗാഡി എന്നാണത്, അതായത് ജീവൻ ദാനം ചെയ്യുന്ന വാഹനം എന്നര്‍ഥം. പണത്തിനും പദവിയ്ക്കും വേണ്ടി പരക്കംപായുന്ന യുവതലമുറ പാഠമാക്കേണ്ടതാണ് ഈ മനുഷ്യനെ... തല കുനിയ്ക്കണം ഇദ്ദേഹത്തിന്റെ നന്മയ്ക്കു മുന്നിൽ.