40 വർഷങ്ങൾക്കു ശേഷം മകൾ അച്ഛനെ കണ്ടെത്തി !‌

ഫർഹിയ തന്റെ അച്ഛനൊപ്പം

ഇന്നത്തെ കാലത്തു സമൂഹമാധ്യമത്തിന്റെ പങ്കിനെക്കുറിച്ച് പറ‍ഞ്ഞു തുടങ്ങിയാൽ തീരില്ല, നല്ലതും ചീത്തയുമായി ഒട്ടേറെ വശങ്ങളുണ്ട് അതിന്. ചിലർ നന്മകൾക്കും സൽപ്രവർത്തികൾക്കുമായി സമൂഹമാധ്യമത്തെ ഉപയോഗപ്പെടുത്തുമ്പോൾ മറ്റുചിലർ അതിനെ പലമോശം കാര്യങ്ങൾക്കും ഉപയോഗിക്കുന്നു. എന്തായാലും സമൂഹമാധ്യമം വഴി ഒരു മകൾക്ക് തന്റെ അച്ഛനെ തിരിച്ചു കിട്ടിയ കഥയാണിത്. അതും നാൽപതു വർഷങ്ങളായി കാണാതിരുന്ന അച്ഛനെ.

ലെനിൻഗ്രാഡ് സ്വദേശിയായ ഫർഹിയ കുഞ്ഞായിരുന്നപ്പോൾ അവളു‌ടെ അച്ഛനില്‍ നിന്നും വേർപെട്ടതാണ്. റഷ്യക്കാരിയായ അമ്മയ്ക്കും സൊമാലിയക്കാരനായ അച്ഛനും ജനിച്ച ഫർഹിയ കഴിഞ്ഞ നാല്‍പതു വർഷമായി അച്ഛനെ കണ്ടിട്ടേയില്ലായിരുന്നു. ഒരായുസിന്റെ പകുതിയോളം പിതൃവാത്സല്യം എന്തെന്ന് അറിയാതിരുന്ന ഫർഹിയ ഇന്നത് ആവോളം അനുഭവിക്കുകയാണ് അതിനു കാരണമായതു ഫേസ്ബുക്കും.

അന്നു തന്റെ ഇമെയിൽ ബോക്സ് തുറന്ന ഫർഹിയ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. അഭിനന്ദനങ്ങൾ, ഞങ്ങൾ താങ്കളുടെ അച്ഛനെ കണ്ടെത്തിയിരിക്കുന്നു എന്നായിരുന്ന ആ മെയിൽ. ആദ്യം അതു വിശ്വസിക്കാൻ തോന്നിയില്ലെങ്കിലും തന്റെ സ്വപ്നം സത്യമായ നിമിഷമായിരുന്നു അതെന്നു പറയുന്നു ഫർഹിയ. പിതാവിനെക്കുറിച്ചും അദ്ദേഹത്തെ നഷ്ടപ്പെട്ടതുമെല്ലാം ഒരു കഥപോലെയാണ് ഫർഹിയ ഓർക്കുന്നത്.

കുട്ടിക്കാലത്ത് അച്ഛൻ എങ്ങനെയാണു കാണാനിരിക്കുന്നതെന്നു ചോദിച്ചാൽ തന്നോടു കണ്ണാടി പോയി നോക്കാൻ പറയുമായിരുന്നു അമ്മ. അത്രത്തോളം സാമ്യമായിരുന്നു താനും അച്ഛനും തമ്മിൽ. അച്ഛനെന്നാൽ ചില ബ്ലാക്ആൻഡ് വൈറ്റ് ഫോട്ടോകൾ ആയിരുന്നു ഫര്‍ഹിയയ്ക്ക്. യുഎസ്എസ്ആറിന്റെ സ്വാധീനം ആഫ്രിക്കയിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സോവിയറ്റ് യൂണിയനിലേക്കു പഠനത്തിനായി ക്ഷണിക്കപ്പെട്ട യുവസൊമാലി ഓഫീസർമാരില്‍ ഒരാളായിരുന്നു ഫർഹിയയുടെ പിതാവ് സിദ് ആഹമ്മദ് ഷെരീഫ്. അങ്ങനെയാണ് ഫർഹിയയുടെ മാതാവിനെ പരിചയപ്പെ‌ടുന്നതും വിവാഹം കഴിക്കുന്നതുമ‌െല്ലാം.

ഫർഹിയ അമ്മയ്ക്കൊപ്പം- കുട്ടിക്കാലത്തെ ചിത്രം

പക്ഷേ ഫർഹിയ ജനിച്ച് ഒരുവർഷം കഴിഞ്ഞപ്പോഴേക്കും സൊമാലിയ എത്യോപ്യയുമായി യുദ്ധം ആരംഭിച്ചതിന്റെ ഭാഗമായി സോവിയറ്റ് യൂണിയനിലെ എല്ലാ വിദ്യാർഥികളെയും സൊമാലിയ തിരിച്ചുവിളിച്ചു, അതിൽ ഫർഹിയയുടെ പിതാവുമുണ്ടായിരുന്നു. സാഹചര്യങ്ങൾ കൊണ്ടു മാത്രമാണ് തന്റെ പിതാവ് അന്ന് അമ്മയെയും തന്നെയും ഉപേക്ഷിച്ചു പോയതെന്നു പറയുന്നു ഫര്‍ഹിയ. ദശകങ്ങളോളം സിദ് അഹമ്മദും ഭാര്യയും മകളും തമ്മിൽ യാതൊരു ബന്ധവുമില്ലാതെ കഴിഞ്ഞു. കുട്ടിക്കാലത്തെല്ലാം അച്ഛന്റെ മുഖഛായയുള്ള തന്നെ എല്ലാവരും സ്പെഷലായി കണ്ടു. പന്ത്രണ്ടു വയസായപ്പോഴാണ് എങ്ങനെയെങ്കിലും അച്ഛനെ കണ്ടെത്തണമെന്നു തീരുമാനിക്കുന്നത്. അന്നുതൊട്ടു പലകുറി തനിക്കു ലഭ്യമായിരുന്ന വിലാസത്തിലേക്ക് അച്ഛനായി എഴുത്തുകൾ അയച്ചിരുന്നുവെങ്കിലും അതൊന്നും പൊട്ടിക്കുക പോലും ചെയ്യാതെ തിരിച്ചു വന്നു.

അങ്ങനെ ആഫ്രിക്കയിലുള്ള അച്ഛന്മാരെ കണ്ടെത്താനായി മക്കളെ സഹായിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വിഭിന്നമായി സൊമാലിയയുമായി ബന്ധപ്പെടാനുള്ള സാഹചര്യങ്ങളും പരിമിതമായിരുന്നു. പലതവണ നിരാശയായിരുന്നു ഫലമെങ്കിലും ഫർഹിയ തന്റെ പ്രതീക്ഷ പാടേ ഉപേക്ഷിച്ചില്ല. പിന്നീടു സമൂഹമാധ്യത്തിനു പ്രചാരം വർധിച്ചതാണ് ഫർഹിയയുടെ പ്രതീക്ഷയും വർധിപ്പിച്ചത്. അതിനിടെ വിദേശരാജ്യങ്ങളിലുള്ള മാതാപിതാക്കളെ കണ്ടെത്താനായി സഹായിക്കുന്ന ഒരു പെൺകുട്ടിയെ റഷ്യൻ സോഷ്യൽ മീഡിയ സൈറ്റിലൂടെ കണ്ടെത്തിയെങ്കിലും തന്റെ പിതാവ് സൊമാലിയയിലായതിനാല്‍ ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു അവളുടെ മറുപടി.

പിന്നീട് ഇന്‍സ്റ്റഗ്രാമിലൂടെ സൊമാലിയൻ ചിത്രങ്ങൾ പരതുന്നതിനിടയിലാണ് ഫര്‍ഹിയ, ദീഖ് എം ആഫ്രിക്ക എന്നയാളെ പരിചയപ്പെടുന്നത്. സൊമാലിയൻ സ്വദേശിയായ ദീഖിന് ഫർഹിയ, തന്റെ പിതാവിനെ കണ്ടെത്താൻ സഹായിക്കാൻ കഴിയുമോ എന്നു മെസേജ് അയച്ചു. ഫർഹിയയുടെ സന്ദേശം ദീഖ് അതുപോലെതന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തു. അതിനു താഴെ വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു ''അതു ഞങ്ങളുടെ സഹോദരി ഫര്‍ഹിയയാണെന്ന്''. ഫർഹിയയുടെ അർധസഹോദരിമാരിൽ ഒരാളായിരുന്നു ആ കമന്റ് ചെയ്തത്. ഒസ്‌ലോയിൽ അവർക്കൊപ്പമായികുന്നു ഫർഹിയയുടെ പിതാവ് കഴിഞ്ഞിരുന്നത്. ആഴ്ച്ചകൾക്കു ശേഷം ഫർഹിയയും അമ്മയും നോർവെയിലെത്തി ഷെരീഫിനെ കണ്ടു. അവിടെവച്ചു തന്റെ മൂന്നു അർധസഹോദരിമാരെയും ഫർഹിയ കണ്ടു. ഫർഹിയയുടെ പിതാവും ഏറെനാളായി അവരെ കണ്ടെത്താനുള്ള തിരച്ചില്‍ നടത്തിയിരുന്നുവെന്ന് അന്നാണറിഞ്ഞത്. ദശകങ്ങളായി താൻ കൊണ്ടുനടന്ന സ്നേഹം മുഴുവൻ അച്ഛനും നൽകണം ആ വാത്സല്യം ആവോളം അനുഭവിക്കണം-ഇതൊക്കെയാണ് ഫർഹിയയുടെ ഇപ്പോഴത്തെ ആഗ്രഹങ്ങൾ.