അച്ഛാ ദിൻ !

തന്നെ തല്ലാൻ ഉപയോഗിച്ച ചൂരൽ വടി അച്ഛനു തിരിച്ചു കൊടുത്തിട്ട് മകൻ പറഞ്ഞു.. മോനിതു പിടിച്ചോ, ഇല്ലെങ്കിൽ നടക്കുമ്പോൾ വീഴും...

ഉത്തരക്കൂട്ടിലിരുന്ന പല്ലി അതുകേട്ട് തലനീട്ടിച്ചിലച്ചു... മകൻ അച്ഛനായി. അച്ഛൻ മകനും !

അച്ഛൻ വിളറിയ നിലാവുപോലെ ചിരിച്ചു. 

പിറ്റേന്ന് അച്ഛനെയും കൂട്ടി മകൻ ബാർബർ ഷോപ്പിലെത്തി.

നാലു ചുറ്റും കണ്ണാടിയുള്ള മുറിയിൽ ഇരിക്കുമ്പോൾ അച്ഛനു നല്ല ആത്മവിശ്വാസം തോന്നി. മുടിയിൽ വെള്ളി വീണെന്നേയുള്ളൂ. എവിടെ നിന്നു നോക്കിയാലും കാണാൻ പണ്ടത്തെപ്പോലെ തന്നെ.. !

അച്ഛൻ ബാർബറോടു പറഞ്ഞു... അധികം കളയേണ്ട.  ചീകി വയ്ക്കാൻ പറ്റണം.

അങ്ങനെയൊരു കാര്യം ആദ്യം കേൾക്കുന്ന മട്ടിൽ ബാർബർ ഒന്നു ചിരിച്ചു. എന്നിട്ടു മകനോടു ചോദിച്ചു.. എങ്ങനെ വേണം ?

മകൻ പറഞ്ഞു.. നന്നായി കുറച്ചേക്കൂ. പ്രായമായി. ഇടയ്ക്കിടെ കൊണ്ടുവരാൻ പാടാണ്. 

അച്ഛനു സങ്കടം വന്നു. ഇടത്തോട്ടു ചീകിവയ്ക്കുന്നതാണ് ഭംഗിയെന്ന് ശാരദക്കുട്ടി പറയുമായിരുന്നത് അയാൾ ഓർത്തു.  പിന്നോട്ടു ചീകി വയ്ക്കുന്നതാണ് അയാൾക്കിഷ്ടം. അങ്ങനെ ചീകുമ്പോൾ മുടിയിഴകൾ പട്ടാളച്ചിട്ടയിൽ അറ്റൻഷനായി നിൽക്കും. അതിനൊരു  തലയെടുപ്പുണ്ട്. എപ്പോൾ പിന്നോട്ടു ചീകിയാലും ശാരദക്കുട്ടി കൈകൊണ്ട് ചീകിച്ചീകി ഇടത്തോട്ടാക്കും. അവളുടെ ഒരു കളി.. !

അച്ഛൻ ബാർബറോടു പറഞ്ഞു... ഒരുപാട് വെട്ടിക്കളയരുത്. കാണാൻ പനിപിടിച്ചതുപോലെ തോന്നും..

മകൻ ഇടപെട്ടു.. താൻ അതൊന്നും മൈൻഡ് ചെയ്യേണ്ട.  മുടി വളർന്നാലാ പനി പിടിക്കുന്നെ..

പനിയോ എനിക്കോ.. എന്നായി അച്ഛൻ.

അതേയ്, രാത്രീല് ആരും കാണാതെ മുറ്റത്തിറങ്ങി തണുപ്പടിച്ചുള്ള നിൽപ്പുണ്ടല്ലോ.. അതു മാത്രം മതി പനീം കൊരേം വരാൻ.

എന്നാലും, എടാ, ഒന്നു ചീകി വയ്ക്കാനും മാത്രം..

മകൻ പറഞ്ഞു.. ഓർമയുണ്ടോ, പണ്ട് ഇതുപോലെ ഞാനും കാലു പിടിച്ചിട്ടുണ്ട്. വെട്ടി വെട്ടി രണ്ടു ചെവിയുടെ ചുറ്റിലും റ പോലെ വെട്ടിക്കേറ്റിക്കും. പിറ്റേന്ന് ക്ളാസിൽ ചെല്ലുമ്പോൾ പിള്ളേര് കളിയാക്കും.   എന്നിട്ടും സമ്മതിച്ചില്ലല്ലോ.. 

എന്നിട്ട് അയാൾ ബാർബറോടു പറഞ്ഞു..  അച്ഛൻ അങ്ങനെ പലതും പറയും..  താൻ മൊട്ടയടിച്ചോ.. ഒരു മുടി പോലും ബാക്കി വയ്ക്കരുത്. 

മകൻ അധികം എണ്ണമയമില്ലാത്ത ചുരുണ്ട മുടിയിലെ ഒറ്റപ്പെട്ടു പിണങ്ങി നിൽക്കുന്ന വെള്ളിയിഴകൾ തഴുകുന്നത് കണ്ണാടിയിൽ നോക്കി അച്ഛനിരുന്നു.