ബുള്ളറ്റുകളെ തോൽപ്പിച്ച് ഈ ധീരജവാൻ മുന്നോട്ട്

സൈലേഷ് ഗൗർ

ജനുവരി ഒന്നിലെ പത്താൻകോട്ട് ഭീകരാക്രമണം ഇന്നു മറക്കാനാവില്ല. എട്ടു പട്ടാളക്കാർ രക്തസാക്ഷികളായ ആ ആക്രമണത്തിൽ വെടിയുണ്ടകളെ തോൽപിച്ചു ജീവിതവിജയം നേടിയവരും ഉണ്ടായിരുന്നു. ഗരുഡ് കമാൻഡോ സൈലേഷ് ഗൗറിന്റെ ജീവിതം അത്തരത്തിലൊന്നാണ്. ആറു ബുള്ളറ്റുകൾ ശരീരത്തിൽ തുളച്ചു കയറിയിട്ടും പതറാതെ പോരാടി ജീവിതത്തിലേക്കു തിരിച്ചു വന്നിരിക്കുകയാണ് ഇദ്ദേഹം. പൂർണമായും ആരോഗ്യം പ്രാപിച്ച സൈലേഷ് പട്ടാളക്കുപ്പായമണിയാൻ വീണ്ടും പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുകയാണെന്നതാണ് പുതിയ വാർത്ത.

സൈലേഷ് ഗൗർ

ആറു ബുള്ളറ്റുകൾ വയറിൽ തുളച്ചു കയറി മരണത്തോടു മല്ലിട്ട സൈലേഷ് ഇപ്പോഴും ജീവിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ധൈര്യം കൊണ്ടു കൂടിയാണെന്ന് ഡോക്ടർമാരും സമ്മതിക്കുന്നു. ആന്തരിക രക്തസ്രാവത്താൽ മൂന്നു ലിറ്ററോളം രക്തമാണ് സൈലേഷിന്റെ ശരീരത്തിൽ നിന്നും നഷ്‌ടപ്പെട്ടത്. വെടിയുണ്ടകള്‍ക്കു മുന്നിൽ പകച്ചു നിൽക്കാതെ പോരാടാൻ സൈലേഷിനു ധൈര്യം നൽകിയതിനു പിന്നിൽ മറ്റൊരു രഹസ്യം കൂടിയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്നുതലമുറയും പ്രതിരോധ വിഭാഗത്തിലാണെന്നതാണ് ആ രഹസ്യം. ഫിറ്റ്നസ് പരിശോധന കൂടി പൂർത്തിയായിക്കഴിഞ്ഞാൽ വീണ്ടും രാജ്യസുരക്ഷയ്ക്കായി പോരാടാന്‍ തയ്യാറാകുമെന്നാണ് സൈലേഷ് പറയുന്നത്. സൈലേഷിനെപ്പോലെ ജീവന്‍ പണയംവച്ച് രാജ്യത്തിനു വേണ്ടി കാവൽ നിൽക്കുന്ന ജവാന്മാർക്കൊക്കെയും നൽകാം ഒരു ബിഗ് സല്യൂട്ട്.