ഇപ്പോഴുമുണ്ട് അവിടെ, സാറയെന്ന പെൺകുട്ടിയുടെ ആത്മാവ്...

ഫാൻസി ഷോപ്പിൽ കെയ്റ്റി

നാലു വർഷം മുൻപ് ഫ്ലിന്റ്ഷയറിലെ ആ ഫാൻസി ഷോപ്പ് ഏറ്റെടുക്കുമ്പോൾ കെയ്റ്റി ഡപ്‌ലോക്ക് എന്ന പെൺകുട്ടിയോട് ഉടമ ചോദിച്ചു: ‘എല്ലാം അറിഞ്ഞിട്ടു തന്നെയാണല്ലോ വാങ്ങുന്നത്? ഇനി വാക്കുമാറ്റരുത്. ഞാനിപ്പോഴും പറയുന്നു. ഈ ഷോപ്പിൽ ഒരു അജ്ഞാത ശക്തിയുടെ സാന്നിധ്യമുണ്ട്. ബില്ലടിയ്ക്കുന്ന യന്ത്രം പോലും തനിയെ പ്രവർത്തിക്കുന്നതു കാണുമ്പോൾ മനസിലാകും നിങ്ങൾക്ക്...’

ഒന്നു കിടുങ്ങിയെങ്കിലും കെയ്റ്റിയ്ക്കു മുന്നിൽ ആ ഷോപ്പ് വാങ്ങുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. എന്ത് അജ്ഞാത ശക്തിയുണ്ടെങ്കിലും തന്റെ സ്വപ്നമാണ് ഇത്തരമൊരു ഫാൻസി ഡ്രസ് ഷോപ്പ്. മാത്രവുമല്ല പ്രേതങ്ങളെ സംബന്ധിച്ചുള്ള പാരാനോർമൽ വിഷയങ്ങളിലും ഏറെ താൽപര്യമുണ്ട്. പക്ഷേ രണ്ട് സഹായികളെയും വച്ച് കടയാരംഭിച്ച് ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ തന്നെ കെയ്റ്റിക്ക് ആദ്യസൂചന കിട്ടി. ആ സ്റ്റോറിൽ അവരെ കൂടാതെ ആരോ കൂടിയുണ്ട്. രാവിലെ ഒൻപതുമണിക്ക് ഷോപ്പ് തുറന്നാലുടൽ മുകളിൽ എന്തോ ഞെരിഞ്ഞമരുന്ന ശബ്ദം കേൾക്കാം. ആരോ കട്ടിലിൽ നിന്നെണീക്കുന്നതു പോലെ. പിറകെ എന്തൊക്കെയോ തട്ടിവീഴുന്ന ശബ്ദവും. ഷോപ്പിലെ സ്റ്റാഫെല്ലാം താഴെയാണെങ്കിലും ഈ തട്ടലും മുട്ടലും കേട്ടുകൊണ്ടേയിരിക്കും. കടയിൽ വരുന്നവർ വരെ എന്താണീ ശബ്ദമെന്നു ചോദിച്ചു തുടങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അവിടത്തെ നിലവറയിൽ പണ്ട് ഒരു പെൺകുട്ടിയുടെ അസ്ഥികൂടം ലഭിച്ചതായി പ്രദേശവാസികൾ പറഞ്ഞത്. മാത്രവുമല്ല ഷോപ്പിന്റെ മുകളിലെ നിലയിലെ ജനാലയിലൂടെ രാത്രികളിൽ ആരോ പുറത്തേയ്ക്കു നോക്കി നിൽക്കുന്നതായി പലരും കാണ്ടിട്ടുണ്ടത്രേ. ഒരു കൊച്ചുപെൺകുട്ടിയെപ്പോലെയായിരുന്നു ആ രൂപം.

കെയ്റ്റിയുടെ ഫാൻസി ഷോപ്പ്

സത്യമാണോ എന്നറിയില്ലെങ്കിലും ആ പ്രേതക്കൊച്ചിന് സാറ എന്നു പേരിട്ട് കെയ്റ്റി അവളോട് സംസാരിക്കാൻ തുടങ്ങി. കടയിലെ എന്തെങ്കിലും സാധനം കാണാതായാൽ ‘സാറ ഇതൊന്നു കണ്ടുപിടിച്ചു തരാമോ?’ എന്നു ചോദിച്ചാൽ മതി. നേരത്തേ പലവട്ടം പരിശോധിച്ചുനോക്കിയ അതേ സ്ഥലത്ത് നഷ്ടപ്പെട്ട സാധനം വന്നിരിക്കുന്നതു കാണാമെന്നു പറയുന്നു കെയ്റ്റി. ഒരിക്കൽ നിലവറയിലിറങ്ങിയപ്പോൾ കണ്ണിനു മുന്നിലൊരു മങ്ങൽ. കെയ്റ്റി കണ്ണുതിരുമ്മി നോക്കി. അപ്പോഴാണറിഞ്ഞത് കണ്മുന്നിൽ മേഘശകലം പോലെ മൂടൽമഞ്ഞിന്റെ സാന്നിധ്യം. ആ നിമിഷം താൻ ഞെട്ടിവിറച്ചു പോയെന്നും കെയ്റ്റിയുടെ വാക്കുകൾ. പക്ഷേ തനിക്ക് പേടിയാകുന്നുവെന്ന് പറഞ്ഞ നിമിഷം മൂടൽമഞ്ഞ് മാഞ്ഞുപോയത്രേ! മാത്രവുമല്ല കൊടുംചൂടനുഭവപ്പെട്ടിരുന്ന നിലവറയിലായിരുന്നു ആ സംഭവം. പിന്നീടൊരിക്കൽ ഷോപ്പിലെ സ്റ്റാഫിലൊരാൾ നിലവറയിലേക്ക് പോയതായിരുന്നു. താഴേക്ക് ഇറങ്ങിയതും ലൈറ്റ് തനിയെ ഓണായി. മാത്രവുമല്ല എന്തൊക്കെയോ തട്ടിവീഴുന്ന ശബ്ദവും. അതോടെ ജീവനും കൊണ്ടോടിയ ആ പെൺകുട്ടി പിന്നീട് നിലവറയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.

ഇങ്ങനെ ഷോപ്പിലെ കാണാതാവുന്ന സാധനങ്ങൾ കണ്ടെത്തിക്കൊടുത്തും എവിടെ നിന്നെന്നറിയാത്ത അജ്ഞാത ശബ്ദങ്ങൾ പുറപ്പെടുവിച്ചും സാറ ഇപ്പോഴും കെയ്റ്റിക്കൊപ്പം താമസിക്കുകയാണ്. ഇടയ്ക്ക് ഹാലോവീൻ ആഘോഷത്തിന്റെ ഗോസ്റ്റ് കോസ്റ്റ്യൂം കൊണ്ടു പോയി മുകളിലൊരു മുറിയിൽ സൂക്ഷിച്ചിരുന്നു. മുറി പൂട്ടി കുറച്ചുകഴിഞ്ഞപ്പോഴേക്കും അകത്തുനിന്ന് ആരോ പേടിച്ച് ഓടുന്നതിന്റെ പോലുള്ള ശബ്ദങ്ങൾ. പ്രേതകോസ്റ്റ്യൂം കണ്ട് കുട്ടിപ്രേതം പേടിച്ചതാണെന്ന് കെയ്റ്റിയുടെ തമാശ.

കെയ്റ്റി ഷോപ്പിന്റെ നിലവറയിൽ.

എന്തായാലും പ്രേതഷോപ്പിനെപ്പറ്റി നാട്ടിലെങ്ങും പാട്ടായതോടെ ഒരു പാരാനോർമൽ ഇൻവസ്റ്റിഗേഷൻ സംഘവും ഇതിന്റെ രഹസ്യം അറിയാനെത്തി. ആത്മാക്കളുടെ സാന്നിധ്യം തിരിച്ചറിയാനായി അവരുപയോഗിക്കുന്ന യന്ത്രങ്ങളിൽ ഒട്ടേറെ സൂചനകളാണത്രേ അന്ന് രേഖപ്പെടുത്തിയത്. മാത്രവുമല്ല സംഘത്തിലെ വിക്ടോറിയ എന്ന പെൺകുട്ടിയുടെ പേര് ആവർത്തിച്ചു പറയാനാകുമോയെന്ന് സാറയോട് ചോദിച്ചു; കുറച്ചുനേരം കാത്തുനിന്നു. അതാ ഇരുട്ടിൽ നിന്ന് നേർത്ത മന്ത്രണം പോലെ ആരോ വിക്ടോറിയയുടെ പേരുവിളിക്കുന്നു. ഇതുകൂടിയായതോടെ സംഭവത്തിന്റെ വിശ്വാസ്യതയും കൂടി. പാശ്ചാത്യമാധ്യമങ്ങൾ ആ ഫാൻസി ഷോപ്പിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. വാർത്ത വന്നതോടെ കടയിലെ കച്ചവടവും കൂടി. അതോടെ അസൂയാലുക്കളായ നാട്ടുകാർ പറഞ്ഞുനടന്നു–ഇതൊക്കെ കച്ചവടം കൂട്ടാനുള്ള തന്ത്രമല്ലേ...?

തന്റെ ഏറ്റവും പ്രിയപ്പെട്ട സ്റ്റാഫായിട്ടാണ് ഇപ്പോൾ കെയ്റ്റി സാറയെ കാണുന്നത്. ഷോപ്പിൽ കാണാതാകുന്നതെല്ലാം തിരിച്ചു കൊണ്ടുതരുന്നുവെന്നു മാത്രമല്ല, കക്ഷി കാരണം ജീവിതവും ഒരു തീരത്തെത്തിയിരിക്കുന്നു. ബാക്കിയെല്ലാ പ്രേതകഥകളെയും പോലെ സാറയുടെ കഥയ്ക്കും കൃത്യമായ ഒരുത്തരമില്ല–വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം.

ചിത്രത്തിനു കടപ്പാട്: പിഎ റിയൽ ലൈഫ്