ആ ഫയർ എസ്കേപ്പിൽ എല്ലാം അവസാനിച്ചേനെ; മുതുകാ‌‌ട്

ഗോപിനാഥ് മുതുകാ‌‌ട്

മജിഷ്യൻ മുതുകാട് എന്ന ഗോപിനാഥ് മുതുകാട് എല്ലാവർക്കും അത്ഭുതത്തിന്റെ പര്യായമാണ്. മലയാളികളെ സംബന്ധിച്ച് മാന്ത്രികത എന്നാൽ മുതുകാടാണ്. കേരളത്തിൽ അത്രയൊന്നും പ്രചാരത്തിൽ ഇല്ലാതിരുന്ന മാജിക് എന്ന കലയെ ജനങ്ങളിലേക്കെത്തിച്ച മുതുകാട് ഏറെ പ്രശസ്തനാകുന്നത് ദി ഗ്രേറ്റ് ഫയർ എസ്കേപ്പ് എന്ന അമാനുഷിക മാന്ത്രിക പ്രകടനത്തിലൂടെയാണ്. ശരീരം മുഴുവൻ ഇരുമ്പ് ചങ്ങലകളാൽ വരിഞ്ഞു മുറുക്കി വൈക്കോൽ കൂനയിലേക്ക് ക്രെയിൻ ഉപയോഗിച്ച് മാന്ത്രികനെ ഇറക്കും. ശേഷം വൈക്കോൽ കൂനയ്ക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തും. 1 മിനുട്ട് നേരം കൊണ്ട് ചങ്ങലക്കെട്ടുകളും അഗ്നിവലയവും മാറി കടന്നു പുറത്ത് എത്തുന്ന മുതുക്കാടിന്റെ ജാലവിദ്യാ പ്രകടനം ലോകം മുഴുവൻ കൈയടിച്ചു വരവേറ്റു. 

എന്നാൽ ലോകം മുഴുവൻ വരവേറ്റ ഈ പ്രകടനത്തിന് ഒരു ദുരന്തമുഖം കൂടിയുണ്ടെന്ന് മുതുകാട് പറയുന്നു. 1997 ൽ  ബഹറിനിൽ വച്ചു നടത്തിയ ദി ഗ്രേറ്റ് ഫയർ എസ്കേപ്പ് ജീവിതത്തിൽ താൻ നേരിട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു എന്ന് പറയുകയാണ്‌, ഫേസ്ബുക്ക് പേജിൽ പങ്കിട്ട വീഡിയോയിലൂടെ മജിഷ്യൻ മുതുകാട്. വിജയത്തിൽ നിന്നും നാം ഒന്നും പഠിക്കുന്നില്ല, പകരം പരാജയത്തിൽ നിന്നാണ് പഠിക്കേണ്ടത് എന്ന് സ്വന്തം അനുഭവത്തിൽ നിന്നും വ്യക്തമാക്കുകയാണ് മുതുകാട്.

കേരളസമാജത്തിന്റെ ബാലകലോൽസവം ഉദ്ഘാടനം ചെയ്യുന്നതിനായി ബഹറിനിൽ എത്തിയപ്പോഴാണ് 19 വർഷങ്ങൾക്കു മുൻപ് താൻ ഫയർ എസ്കേപ്പ് നടത്തിയ മൈതാനത്ത് മുതുകാട് എത്തുന്നത്. തന്റെ ജീവിതം തന്നെ നഷ്ടമായേക്കാമായിരുന്ന ആ പ്രകടനത്തെ പറ്റി ചിന്തിക്കുമ്പോൾ തന്നെ കണ്ണിലേക്ക് ഒരു വലിയ അഗ്നിഗോളം ഉരുണ്ടു കയറുന്നതായി മുതുകാട് പറയുന്നു. അന്നത്തെ ആ ഫയർ എസ്കേപ്പ് ഒരു മജിഷ്യന്റെ കണ്ണിലൂടെ നോക്കിയാൽ ഒരു പരാജയമായിരുന്നു. മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യാതിരുന്നതിനാലും സംഘാടകർ വാർത്ത പുറത്തു വിടാഞ്ഞതിനാലുമാണ് വാർത്ത ലോകം അറിയാതെ പോയത്. 

മുതുകാടിന്റെ ഭാഷ്യത്തിൽ ആ ദിവസം ഇങ്ങനെ....

1997 ൽ മാജിക് ഷോ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബഹറിനിൽ എത്തുന്നത്. അന്ന് കൊണ്ട്രാക്റ്റിൽ ഫയർ എസ്കേപ്പ് നടത്താം എന്നും ഉണ്ടായിരുന്നു. ചിട്ടയായ പരിശീലനത്തോടെ 1995 ൽ നടത്തി വിജയിച്ച ഫയർ എസ്കേപ്പ് വിദേശത്തു ആദ്യമായാണ്‌ നടത്തുന്നത്. 1996 ൽ വാട്ടർ ടോർച്ചർ എസ്കേപ്പും നടത്തി വിജയിച്ചു. ഒരു പ്രശ്നവും ഉണ്ടായില്ല. എന്നാൽ, ബഹറിനിൽ വിധി മറിച്ചായിരുന്നു. 

ബഹറിനിൽ എത്തിയപ്പോൾ മുതൽ മനസ്സിന് വല്ലാത്തൊരു ആകുലത ഉണ്ടായിരുന്നു. ഈ ഫയർ എസ്കേപ്പിൽ എന്തോ അപകടം പതിയിരുപ്പുണ്ട് എന്ന് മനസ്സ് പറഞ്ഞു. എന്നാൽ കൊണ്ട്രാക്റ്റിൽ ഉള്ളതിനാൽ നടത്താതെ വയ്യല്ലോ. പ്രകടനത്തിന്റെ തലേ ദിവസം മൈതാനത്ത് എത്തി വേണ്ട ഒരുക്കങ്ങൾ ചെയ്തു. പരിശീലനം നടത്തി. പ്രധാനമായും രണ്ടു വ്യത്യാസങ്ങൾ വരുത്തി പ്രകടനത്തിൽ. വൈക്കോലിന് പകരം പുല്ല് ഉപയോഗിച്ചു.  മണ്ണെണ്ണക്ക് പകരം ബഹറിനിൽ സുലഭമായ പെട്രോൾ. ഇത് കത്തിച്ചു നോക്കിയില്ല എന്നത് എന്റെ തെറ്റ് . ഇത് വരുത്തി വയ്ക്കുന്ന വിനയെക്കുറിച്ച് അപ്പോൾ ചിന്തിച്ചില്ല. 

പരിശീലനം കഴിഞ്ഞ് റൂമിലേക്ക് മടങ്ങി. അന്ന് കണ്ണാടിയിൽ നോക്കി ഞാൻ എന്റെ മുഖം കണ്ട് ഉപബോധ മനസ്സിനോട് പറഞ്ഞു, ഈ മുഖം ഇനി ഇങ്ങനെ കാണാൻ ആവില്ലെന്ന് . അടുത്ത ദിവസം പ്രകടനത്തിനായി എത്തി. വലിയൊരു ജനക്കൂട്ടം ഉണ്ടായിരുന്നു ഷോ കാണാൻ. ശരീരം മുഴുവൻ ചങ്ങലകൊണ്ട് വരിഞ്ഞു കെട്ടിയ എന്നെ ക്രെയിൻ ഉപയോഗിച്ച് പുല്ലുകൊണ്ട് ഉണ്ടാക്കിയ കൂനയിലേക്ക് ഇറക്കി. ശേഷം പെട്രോൾ ഒഴിച്ച് കൂനയ്ക്ക് തീ കൊടുത്തു. ഒരു മിനുട്ട് സമയത്തിനുള്ളിൽ ഞാൻ എന്റെ ചങ്ങലക്കെട്ടുകൾ അഴിച്ചു അടുത്തത് തീഗോളത്തെ ഭേദിച്ച് പുറത്തുകടക്കുക എന്ന ചടങ്ങാണ്.

എന്നാൽ അതിന് മുൻപ് കണ്ണിലേക്ക് ഒരു വലിയ തീഗോളം ഉരുണ്ടു കയറുന്ന പോലെ തോന്നി. പെട്രോൾ ഒഴിച്ച പുല്ല് അതിവേഗം കത്തിപ്പടർന്നു. രണ്ടും കൽപ്പിച്ച് പുറത്തേക്ക് ചാടി. ജനങ്ങൾ കരുതി ഫയർ എസ്കേപ്പ് വിജയിച്ചു എന്ന്. എന്നാൽ എന്റെ കൈകളും മുഖവും നന്നായി പൊള്ളി. എന്റെ ഓർമ്മ മറഞ്ഞു. പിന്നീട് എനിക്ക് ഓർമ്മ വരുമ്പോൾ ഞാൻ ആശുപത്രിയിലാണ്. അന്ന് സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്തതിനാൽ ഇതൊന്നും ആരും അറിഞ്ഞില്ല. 

കൈകളും മുഖവും വികൃതമായിരുന്നു. പെറ്റി എന്ന സിസ്റ്ററും ഷീല മൈക്കിൾ  എന്ന ഡോക്റ്ററും എന്നെ നന്നായി നോക്കി. ഡോക്റ്റർ ഒരാഴ്ചയോളം എനിക്കായി മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചു. മുടി , പുരികം , മീശ എല്ലാം കരിഞ്ഞു. ജാലവിദ്യ അവതരിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഞാൻ മാറി . സംഘാടകർ ഒരാഴ്ചത്തെ സമയം തന്നു. എന്നാലും പരിപാടി അവതരിപ്പിക്കാം എന്ന രീതിയിലേക്ക് ഞാൻ മാറിയില്ല. പരിപാടി ഒരാഴ്ചകൂടി മാറ്റി വയ്ക്കാൻ പറഞ്ഞപ്പോൾ നിങ്ങളെ ഇവിടെ വെറുതെ തീറ്റി പോറ്റാൻ കൊണ്ട് വന്നതല്ല പെർഫോം ചെയ്യാൻ കൊണ്ട് വന്നതാണ് എന്നായിരുന്നു സംഘാടകന്റെ മറുപടി. 

ഞാൻ ഷീല ഡോക്റ്റരോട്എനിക്ക് എങ്ങനെയും പരിപാടി അവതരിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെ രണ്ടു വട്ടം പെയിൻ കില്ലർ ഇൻജക്ഷൻ എടുത്ത് കൈ കാലുകളിൽ തുണി കെട്ടി ഗ്ലൗസ് ഇട്ടു ഞാൻ പരിപാടി അവതരിപ്പിക്കാൻ ഒരുങ്ങി. പരിപാടിക്ക് ശേഷം വീണ്ടും ആശുപത്രിയിലേക്ക്. അന്ന് ഞാൻ ചില പാഠങ്ങൾ പഠിച്ചു. കല കയ്യിൽ ഉള്ളപ്പോൾ മാത്രമാണ് ഒരാള്‍ കലാകാരനാകുന്നത്. ചെയർമാൻ അല്ല ചെയർ ആണ് പ്രധാനം. കലയില്ലെങ്കിൽ കലകാരൻ കരിവേപ്പിലയാണ് എന്ന ഒന്നാം പാഠം. ബഹറിനിൽ നിന്നും തിരിച്ച് നാട്ടിൽ എത്തിയ ഞാൻ വീണ്ടും ശക്തിയോടെ ജാലവിദ്യാ രംഗത്തേക്ക് മടങ്ങിയെത്തി. അവിടെ വച്ച് ഞാൻ രണ്ടാം പാഠവും പഠിച്ചു. ജീവിതത്തിൽ വീഴുന്നതിൽ തെറ്റില്ല, എന്നാൽ വീണിടത്ത് നിന്നും എഴുന്നേൽക്കാതെ ഇരിക്കുന്നതാണ് തെറ്റ്. ഇത്തരത്തിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം വിജയത്തിൽ നിന്നല്ല മറിച്ച് പരാജയത്തിൽ നിന്നാണ് നാം നല്ല പാഠങ്ങൾ പഠിക്കുന്നത് എന്നാണ്.