വിഷ്ണു നഗർ, മലയാളി സബ്കലക്ടറുടെ പേരിലൊരു തമിഴ് ഗ്രാമം

സബ്കലക്ടർ വിഷ്ണു

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നു നമ്മോടു പറഞ്ഞതു ഗാന്ധിജിയാണ്. കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളേയുള്ളൂ അവിടെയുള്ള മനുഷ്യര്‍ക്കെന്നും. അത് യാഥാര്‍ഥ്യമാകുവാൻ ആരാണോ സഹായിക്കുന്നത് അവര്‍ എന്നും ആ മനുഷ്യരുടെ നെഞ്ചോടു ചേർന്നിരിക്കും. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലുള്ള ഒരു കുഞ്ഞു ഗ്രാമത്തിലെ ജനങ്ങൾ തങ്ങളുടെ നാടിന്റെ പേരുമാറ്റി വിഷ്ണു നഗര്‍ എന്നാക്കിയതും അതുകൊണ്ടാണ്. വെള്ളവും വെളിച്ചവുമേകി നാടിനു നല്ല നാളെകളുടെ പാതതുറന്ന മലയാളിയായ സബ്കലക്ടർ വിഷ്ണുവിനോടുള്ള സ്നേഹവും ആദരവുമാണ് ഗ്രാമ കവാടത്തിൽ ഉയർന്നുനില്‍ക്കുന്ന ബോർഡില്‍ തെളിഞ്ഞ പേര്.

തിരുനെൽവേലി ജില്ലയിലെ മന്തിയൂർ പഞ്ചായത്തിലെ വാഗൈകുളത്തുള്ള ഈ കുഞ്ഞു ഗ്രാമം ഒറ്റപ്പെട്ടൊരു തുരുത്തു തന്നെയായിരുന്നു അത്രയും നാൾ. മണ്ണുകൊണ്ടു ബന്ധിക്കപ്പെട്ടൊരു തുരുത്ത്. ഭൂമി സംബന്ധമായ പ്രശ്നങ്ങൾക്കു ചുറ്റുമുള്ള ഗ്രാമങ്ങൾ ഇവരോടു പകരം വീട്ടിയത് വെള്ളവും വൈദ്യുതിയും അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ നിഷേധിച്ചുകൊണ്ടായിരുന്നു. സൂര്യനസ്തമിച്ചാൽ ഇവിടെ മാത്രം ഇരുട്ടായിരുന്നു. ദൂരങ്ങൾ താണ്ടി വേണം ദാഹജലം കൊണ്ടു വരാൻ. ഹൈക്കോടതി വരെയെത്തിയ കേസിനും ഒന്നിനും അറുതി വരുത്തുവാനായില്ല.

ജോലി സംബന്ധമായി ഇവിടം സന്ദർശിച്ചപ്പോഴായിരുന്നു ഈ ഗ്രാമം വിഷ്ണുവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. മറ്റൊരു ഗ്രാമത്തിലേക്കുള്ള ഇൻസ്പെക്ഷന്‍ യാത്രയ്ക്കിടയിലാണു ഈ ഗ്രാമത്തെ കുറിച്ചു വിഷ്ണു അറിയുന്നത്. അറിഞ്ഞ കാര്യങ്ങളെല്ലാം അക്ഷരം പ്രതി സത്യമായിരുന്നുവെന്നും മനസിലായി. ഈ ദുരിതങ്ങൾക്കിടയിൽ നിന്നു പഠിച്ചു ബി.കോം വരെ പാസായ ഒരു യുവാവിനെ കൂടി കണ്ടതോടെ ഗ്രാമത്തിനായുള്ള പ്രവർത്തനങ്ങൾ വൈകിക്കാൻ പാടില്ലെന്നു തിരിച്ചറിഞ്ഞു. ആ യുവാവും കാര്യങ്ങൾ വിശദീകരിച്ചതോടെ പ്രവർത്തനങ്ങൾക്കു വേഗമേറി. ഗ്രാമത്തിനെ തിരിച്ചു പിടിക്കുവാന്‍ ജില്ലാ ഭരണകൂടത്തിലെ സഹപ്രവർത്തകരും മുതിർന്ന ഉദ്യോഗസ്ഥരും പൂർണ പിന്തുണ നൽകി. ആവശ്യത്തിനു ഫണ്ടുമുണ്ടായിരുന്നു. ഭൂമി സംബന്ധമായ പ്രശ്നങ്ങൾ മാത്രമായിരുന്നു വിലങ്ങു തടിയായത്. ബുദ്ധിമുട്ടേറിയ റീസർവ്വേകൾക്കും ചർച്ചകള്‍ക്കും നിയമനടപടികൾക്കുമൊടുവിൽ രണ്ടു ദശാബ്ദക്കാലത്തെ ദുരിതം നാലു മാസം കൊണ്ടു തീർപ്പാക്കി. സബ്കലക്ടറുടെ നേതൃത്വത്തിൽ അങ്ങനെ വാഗൈകുളത്തിന്റെ മുഖത്തു വെള്ളി വെളിച്ചം വീണു.

പക്ഷേ ഇതൊന്നും വലിയൊരു കാര്യമാണെന്നോ ഇത്രയധികം ഇതിനെ കുറിച്ചെഴുതേണ്ടതായോ കാര്യമില്ലെന്നാണു വിഷ്ണുവെന്ന കൊച്ചിക്കാരന്റെ പക്ഷം. ഒന്നും തന്റെ മാത്രം ക്രെഡിറ്റായി മാറുകയുമരുത്. താൻ തന്റെ ജോലി മാത്രമാണു ചെയ്തതെന്ന പോയിന്റിൽ ഒതുക്കുകയാണു വിഷ്ണു. "ഈ ഒരു കാര്യത്തിനു വാർത്താപ്രാധാന്യം കൈവന്നതു ഇത്തരത്തിലൊരു വ്യത്യസ്തമായ കാര്യം സംഭവിച്ചതുകൊണ്ടാണെന്നു വിഷ്ണു പറയുന്നു. പക്ഷേ നിത്യജീവിതത്തിലെ ജോലിക്കിടയിൽ മനസിനു സന്തോഷം നൽകിയ ഒരുപാടു കാര്യങ്ങൾ ചെയ്യാനായിട്ടുണ്ട്. ഞാൻ മാത്രമല്ല ഓരോ ഐഎഎസ് ഓഫിസറുടെ ജീവിതവും അങ്ങനെ തന്നെയാണ്. സംസ്ഥാനത്തെ ഇ ഗവേണൻസ് പദ്ധതികളുടെ നടത്തിപ്പിൽ ഭാഗമാകുവാന്‍ കഴിഞ്ഞതു വലിയ കാര്യമാണ്. ഒരു ഐഎഎസ് ഓഫിസർ ഇന്ത്യയിലെവിടെയും ജോലി ചെയ്യുവാൻ ബാധ്യസ്ഥനാണ്. എവിടെ ജോലി ചെയ്താലും ചെയ്യുന്ന കാര്യങ്ങള്‍ ആ നാടിനു നമ്മൾ സ്ഥലം മാറി പോയാലും ഉപകാരം ചെയ്യണം. കാലങ്ങൾ നിലനിൽക്കണം. അതാണ് ആഗ്രഹം. അങ്ങനെയെങ്കിലല്ലേ കാര്യമുള്ളൂ". വിഷ്ണു പറയുന്നു.

എൻഐടി ട്രിച്ചിയിൽ നിന്നു മെക്കാനിക്കൽ എഞ്ചിനീയറിങ് പൂർത്തിയാക്കി എല്ലാവരേയും പോലെ വിഷ്ണുവും തിരഞ്ഞതു വൻകിട കമ്പനിയിലെ ജോലി തന്നെ. പക്ഷേ ചിക്കാഗോയിലെ കോർപ്പറേറ്റ് ജീവിതത്തിനിടയിൽ തിരിച്ചറിഞ്ഞു ഇന്ത്യയിലാണു താൻ പ്രവർത്തന മേഖല കരുപ്പിടിപ്പിക്കേണ്ടതെന്ന്. സർക്കാർ ആനുകൂല്യത്തിൽ പഠിച്ച താൻ നാടിനായാണു സേവനമനുഷ്ഠിക്കേണ്ടതെന്ന്. പ്രധാനമന്ത്രിയുടെ ഗ്രാമീണ ഗ്രാമവികസന പദ്ധതി(pmry)യിൽ ഫെല്ലോഷിപ്പ് നേടിയായിരുന്നു ആ ദൗത്യത്തിനു തുടക്കംകുറിച്ചത്. സിവിൽ സർവീസ് ഒരു സ്വപ്നമൊന്നുമായിരുന്നില്ല ഇദ്ദേഹത്തിന്. സിവില്‍ സര്‍വ്വീസ് സിലബസ് പരിഷ്കരിച്ച 2011 പരീക്ഷയിൽ ഒന്നു ശ്രമിച്ചേക്കാം എന്നു കരുതിയാണു എഴുതിയത്. ആദ്യ ശ്രമത്തിൽ തന്നെ 34ാം റാങ്കുകാരനായി വിജയവും നേടി.

കൊച്ചി വൈറ്റില സ്വദേശിയാണു വിഷ്ണു. െറയിൽവേ ഗാർഡായിരുന്നു വിഷ്ണുവിന്റെ അച്ഛൻ വേണുഗോപാൽ നായർ. അമ്മ സുശീല ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരിയും. ഭാര്യ നന്ദിനി ഇന്ത്യൻ റവന്യൂ സർവ്വീസിലാണ്. നല്ലതു ചെയ്യുന്ന ഉദ്യോഗസ്ഥരോട് എന്നും തമിഴ്നാടിന് ആദരവാണ്. വിഷ്ണുവും അതു സമ്മതിക്കുന്നു. നല്ല കാര്യങ്ങൾ ചെയ്യുന്നതില്‍ ഇടംകോലിടുന്നവരാണു രാഷ്ട്രീയക്കാരെന്ന കാര്യവും ഇദ്ദേഹം തള്ളിക്കളയുകയാണ്. എന്തായാലും വാഗൈകുളത്തിന്റെ കഥയും അവിടുത്തെ നിഷ്കളങ്ക ഹൃദയങ്ങൾക്കുള്ളിലിടം നേടിയ സബ്കളക്ടറേയും രാജ്യം ശ്രദ്ധിക്കുകയാണ്.