സർക്കാർ ജോലി വിട്ടു കൃഷിപ്പണിയിലേക്ക്, വരുമാനം രണ്ടുകോടി

ഹരീഷ് ദാൻദേവ്

കൃഷിയില്ലാത്ത ഒരു കാലത്തെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ഒരിക്കലും സാധ്യമല്ല അല്ലേ.. അന്യ സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും ആശ്രയിച്ചു നിലനിൽക്കുന്നതിനും പരിധിയുണ്ട്. നമ്മളെക്കൊണ്ടു കഴിയാവുന്നതെല്ലാം നമുക്കു തന്നെ വിളവു ചെയ്തെടുക്കുന്നതിലാണു മിടുക്ക്. പക്ഷേ അപ്പോഴും ഒന്നുണ്ട് കൃഷി ചെയ്യാൻ താല്‍പര്യമുണ്ടെങ്കിലും പഴയ തലമുറയെപ്പോലെ പുതുതലമുറയിലെ കുട്ടികൾ കൃഷിയിലേക്ക് ആകൃഷ്ടരാകുന്നില്ല. വൈറ്റ് കോളർ ജോലിക്കും സര്‍ക്കാർ ജോലിക്കും പിന്നാലെ പൊയി മെയ്യനങ്ങാതെ എങ്ങനെ പണമുണ്ടാക്കാമെന്നു ചിന്തിക്കുന്നവരാണു ഭുരിഭാഗം പേരും.

അവർക്കിടയിൽ വ്യത്യസ്തനാവുകയാണ് ഹരീഷ് ദാൻദേവ് എന്ന യുവാവ്. രാജസ്ഥാനിലെ തരിശുഭൂമിയിൽ നിന്നാണ് ഹരീഷിന്റെ വരവ്. തരിശുഭൂമിയെ വിളനിലമാക്കിയ ഈ യുവാവു കൊള്ളാമല്ലോ എന്നു ചിന്തിക്കുമ്പോഴാണ് അടുത്തൊരു അത്ഭുതം കൂടി, ഹരീഷ് ഈ മേഖലയിലേക്കു കടന്നുവന്നത് തന്റെ സർക്കാർ ജോലി ഉപേക്ഷിച്ചി‌ട്ടാണ്. അതെ, പലരും ഭ്രാന്തൻ തീരുമാനം എന്നു പറഞ്ഞപ്പോഴും പുഞ്ചിരി മാത്രം മറുപടി നൽകിയ ഹരീഷ് ഇപ്പോൾ തന്റെ വരുമാനത്തിന്റെ കണക്കു പറഞ്ഞാണ് അവരുടെ വായടപ്പിക്കുന്നത്. ഒന്നും രണ്ടുമല്ല രണ്ടുകോടി വരെയാണ് വാർഷിക വരുമാനമായി ഹരീഷ് നേടിക്കൊണ്ടിരിക്കുന്നത്.

സിവിൽ എഞ്ചിനീയർ ആയിരുന്ന ഹരീഷിനു കൃഷിയിലേക്കുള്ള താൽപര്യം വളരുന്നത് ഡൽഹിയിലെ അഗ്രികൾച്ചറൽ എക്സ്പോ സന്ദർശനത്തിനു ശേഷമാണ്. ജയ്സാൽമീർ മുൻസിപൽ കൗൺസിലിലെ ജൂനിയർ എഞ്ചിനീയറായ ഹരീഷ് അന്നു തീരുമാനിച്ചു സർക്കാർ ജോലിയല്ല മറിച്ചു കൃഷിയാണു തന്റെ വഴിയെന്ന്. അങ്ങനെ വീട്ടിൽ തിരിച്ചെത്തിയതോടെ എന്തു വിളവു ചെയ്യണമെന്നായിരുന്നു ആലോചന. അധികം വൈകാത‌െ ജോലി ഉപേക്ഷിച്ചു അലോ വേരയ‌ടക്കം മറ്റു ചില വിളകൾ കൂടി തന്റെ 120 ഏക്കറുള്ള നിലത്തിൽ വിളയിക്കാൻ തീരുമാനിച്ചു. കുടുംബവും പാരമ്പര്യമായി കൃഷിയുമായി ബന്ധപ്പെട്ടവരായിരുന്നത് ഹരീഷിന്റെ ആവേശം കൂട്ടി.

അധികം കഴിയും മുമ്പേ ഹരീഷ് വിളയിക്കുന്ന അലോവേരയുടെ ഗുണമേന്മ വിപണിയിൽ പാട്ടായി. അങ്ങനെ പല പ്രമുഖ കമ്പനികളും ഹരീഷിന്റെ കൃഷിയിടത്തിൽ വിളവു ചെയ്യുന്ന അലോവേരയ്ക്കായി എത്തിച്ചേർന്നു തുടങ്ങി. തീര്‍ന്നില്ല ഇന്ത്യയിൽ മാത്രമല്ല ബ്രസീൽ, ഹോങ് കോങ്, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഹരീഷ് ഉൽപ്പാദിപ്പിക്കുന്ന അലോവേര പ്രിയങ്കരമായി മാറി. 80000 തൈകൾ മാത്രം നട്ടു തു‌ടങ്ങിയ ആ കൃഷിയിടത്തില്‍ ഇന്നു ഏഴുലക്ഷത്തിൽപരമാണു വിളയിക്കുന്നത്.

വിദ്യാസമ്പന്നരായ ആളുകൾക്കും കാർഷിക മേഖലയിൽ മാറ്റം കുറിക്കാം എന്നു തെളിയിക്കുകയാണ് ഹരീഷ്. അധ്വാനിക്കാതെ എങ്ങനെ എളുപ്പത്തിൽ പണം നേടാം എന്നു ചിന്തിക്കുന്നവര്‍ ഹരീഷിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നിൽ തലകുനിച്ചുപോകും.